കാത്തിരുന്ന ആ ദിവസം വരുന്നു; ഇ-വിത്താരയുടെ വരവിന് മുഹൂര്‍ത്തം കുറിച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഇലക്ട്രിക് വാഹനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് മാരുതി സുസുക്കി. ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായെങ്കിലും അവതരണം നീണ്ടുനീണ്ട് പോകുകയായിരുന്നു. എന്നാല്‍, വിപണി പ്രവേശനത്തിനുള്ള സമയം അതിക്രമിച്ചെന്ന് ഉറപ്പിച്ച മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം നിരത്തില്‍ എത്തിക്കുന്നതിനുള്ള സമയം കുറിച്ചിരിക്കുകയാണ്.
പുതിയ വിവരങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ മൂന്നാം തിയതി ഇ-വിത്താര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എതിരാളികളുടെ നീണ്ടനിരയോടാണ് മാരുതി സുസുക്കി ഇ-വിത്താരയ്ക്ക് മത്സരിക്കേണ്ടി വരിക. ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ് ഇവി, എംജി ഇസഡ് എസ് ഇവി തുടങ്ങിയ വാഹനങ്ങളാണ് ഇ-വിത്താരയുടെ എതിര്‍ സ്ഥാനത്തുള്ളത്. 2025 ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കിയത്.
മാരുതി സുസുക്കി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര വിപണിയില്‍ എത്തും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്‍എഫ്പി.(ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം, യുകെയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിത്താരയ്ക്ക് 426 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.
പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, പൊസിഷന്‍ ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ, ഫൈബര്‍ ക്ലാസിങ്ങില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, മൂടിക്കെട്ടിയ ഗ്രില്ല്, വലിയ എയര്‍ഡാം, ഫോഗ്ലാമ്പ്, 18 ഇഞ്ച് എയറോ ഡൈനാമിക് വീലുകള്‍, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ചാര്‍ജിങ് സ്ലോട്ട്, ബ്ലാക്ക് വീല്‍ ആര്‍ച്ച്, 360 ഡിഗ്രി ക്യാമറ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, സി-പില്ലറില്‍ നല്‍കിയിട്ടുള്ള റിയര്‍ ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി സ്ട്രിപ്പില്‍ കണക്ട് ചെയ്ത ടെയ്ല്‍ലാമ്പ്, എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.
ഫീച്ചര്‍ സമ്പന്നമായ വാഹനമാണ് ഇ-വിത്താര. ഫ്ളോട്ടിങ് ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പാണ് ഇന്‍ഫ്ടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്പ്ലേയായി നല്‍കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്ബോര്‍ഡിന്റെ ഡിസൈന്‍. ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും വളരെ ലളിതമായാണ് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഫങ്ഷന്‍ സംവിധാനത്തില്‍ ടു സ്പോക്ക് സ്റ്റിയറിങ് വീലാണ് നല്‍കിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Maruti Suzuki`s first electric car, the eVX, will launch in India on September 3rd