മാരുതിയുടെ എര്‍ട്ടിഗ, ടൊയോട്ടയില്‍ റൂമിയന്‍; മൂന്നാം മോഡലിന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ടൊയോട്ട

ബൊലേനൊ, വിത്താര ബ്രെസ എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെ മാരുതിയുടെ എം.പി.വി.മോഡലായ എര്‍ട്ടിഗയും ടൊയോട്ടയുടെ പാളയത്തിലേക്ക് ചേക്കേറുകയാണ്. ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച എര്‍ട്ടിഗ അടുത്തിടെ സൗത്ത് ആഫ്രിക്കയില്‍ എത്തിയിരുന്നു. റൂമിയന്‍ എന്ന പേര് സ്വീകരിച്ചാണ് ഈ വാഹനം ആഫ്രിക്കന്‍ വിപണിയില്‍ എത്തിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലും ഈ വാഹനത്തിന് റൂമിയന്‍ എന്ന പേര് ടൊയോട്ട രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
മാരുതി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ടൊയോട്ടയുടെ ബാഡ്ജിങ്ങ് സ്വീകരിക്കുന്ന മൂന്നാമത്തെ മോഡലാണ് എര്‍ട്ടിഗ. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനോ, ഗ്ലാന്‍സയായും, കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ, അര്‍ബണ്‍ ക്രൂയിസറായുമാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. റൂമിയാന് പുറമെ, മാരുതിയുടെ പ്രീമിയം സെഡാന് മോഡലായ സിയാസും ബെല്‍റ്റ എന്ന പേരില്‍ ടൊയോട്ടയുടെ ബ്രാന്റില്‍ എത്താനൊരുങ്ങുന്നുണ്ട്.
മാരുതിയുടെ എര്‍ട്ടിഗയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയാണ് റൂമിയനും ഒരുങ്ങിയിട്ടുള്ളത്. മുന്നിലെ ഗ്രില്ലില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. എര്‍ട്ടിഗയില്‍ ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലായിരുന്നു എങ്കില്‍ റൂമിയനില്‍ അത് ടൊയോട്ടയുടെ ഇന്നോവയില്‍ നല്‍കിയിരുന്നതിന് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്ലൈറ്റ്, അലോയി വീല്‍, ബംമ്പര്‍ തുടങ്ങി മറ്റ് ഫീച്ചറുകളെല്ലാം എര്‍ട്ടിഗയില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
എര്‍ട്ടിഗ പോലെ ഏഴ് സീറ്റര്‍ എം.പി.വിയായാണ് റൂമിയന്റെ പിറവിയും. അകത്തളത്തിന്റെ അഴകും അളവുമെല്ലാം എര്‍ട്ടിഗയ്ക്ക് സമമാണ്. ബ്ലാക്ക് നിറത്തിലുള്ള ഡാഷ്ബോര്‍ഡില്‍ വുഡന്‍ ഫിനീഷിങ്ങിലുള്ള പാനല്‍ നല്‍കിയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. ഈ ഫിനീഷിങ്ങ് സ്റ്റിയറിങ്ങ് വീലിലേക്കും നീണ്ടിരിക്കുന്നു. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്പ്ലേ 2.0 ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഒരുങ്ങിയേക്കും.
മെക്കാനിക്കല്‍ ഫീച്ചറുകളും എര്‍ട്ടിഗയിലേത് തുടരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് എര്‍ട്ടിഗ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. റൂമിയനിലും ഈ എന്‍ജിനായിരിക്കും കരുത്തേകുക. ഇത് 103 ബി.എ്ച്ച.പി. പവറും 138 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് എര്‍ട്ടിഗയില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എര്‍ട്ടിഗയില്‍ നല്‍കുന്നുണ്ട്.
Source: HT Auto
Content Highlights: Maruti Suzuki Ertiga Rebadged Model Toyota Rumion trademarked in India
Content Highlights: