40 കണക്ടഡ് കാര്‍ ഫീച്ചറുകൾ, 6 സ്പീഡ് ഓട്ടോമാറ്റിക്, പാഡില്‍ ഷിഫ്റ്റ്; പുതിയ എര്‍ട്ടിഗ വേറെ ലെവലാണ്

മാരുതി സുസുക്കിയുടെ എം.പി.വി. മോഡലായ എര്‍ട്ടിഗയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളില്‍ പെട്രോള്‍-സി.എന്‍.ജി. എന്‍ജിനുകളിലും ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളിലും എത്തിയിട്ടുള്ള പുതിയ എര്‍ട്ടിഗയ്ക്ക് 8.35 ലക്ഷം രൂപ മുതല്‍ 10.41 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വാങ്ങുന്നതിന് പുറമെ, വാടകയ്ക്കും എര്‍ട്ടിഗ നല്‍കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലിന് 18,600 രൂപ മുതലും സി.എന്‍.ജിക്ക് 22,400 രൂപ മുതലുമാണ് വാടക.
നാല് റെഗുലര്‍ വേരിയന്റുകള്‍ക്ക് പുറമെ, ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കായി ടൂര്‍ എം എന്ന പേരിലും എര്‍ട്ടിഗയുടെ ഒരു പതിപ്പ് എത്തുന്നുണ്ട്. പെട്രോള്‍-സി.എന്‍.ജി. മോഡലുകളായി എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 9.46 ലക്ഷവും 10.41 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്ന് വേരിയന്റുകളാണ് സി.എന്‍.ജിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്. അതുപോലെ തന്നെ Vxi, Zxi, Zxi+ എന്നീ മൂന്ന് വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്ഥാനം പിടിച്ചിട്ടുണ്ട്.
ട്രാന്‍സ്മിഷന്‍, എന്‍ജിന്‍
ലുക്കില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും എന്‍ജിനിലും ട്രാന്‍സ്മിഷനിലുമാണ് പ്രധാന മാറ്റങ്ങള്‍. എര്‍ട്ടിഗയില്‍ മുമ്പ് നല്‍കിയിരുന്ന നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പകരം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് പുതിയ എര്‍ട്ടിഗയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഡ്രൈവിങ്ങ് കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനായി പാഡില്‍ ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനവും പുതിയ എര്‍ട്ടിഗയില്‍ ഒരുക്കിയിട്ടുണ്ട്.
എര്‍ട്ടിഗയില്‍ മുമ്പ് നല്‍കിയിരുന്ന 1.5 ലിറ്റര്‍ എന്‍ജിന് പകരം 1.5 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് പുതിയ മോഡലിന്റെ ഹൃദയം. ഇത് 102 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമേകും. അതേസമയം, സി.എന്‍.ജിയിലെ ഓട്ടത്തില്‍ 867 ബി.എച്ച്.പി. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ മോഡലിന് 20.51 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 20.30 കിലോമീറ്ററും സി.എന്‍.ജിക്ക് 26.11 കിലോമീറ്ററുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.
ഡിസൈനിലെ പുതുമ
മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷായാണ് എര്‍ട്ടിഗയുടെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഗ്രില്ല്, അലോയി വീല്‍ തുടങ്ങിയവയിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായ ക്രോമിയം ആവരണമാണ് ഗ്രില്ലിലുള്ളത്. ഡ്യുവല്‍ ടോണാണ് അലോയി വീല്‍. പിന്‍ഭാഗം മുന്‍ മോഡലിനോട് സാമ്യമുള്ളതാണ്. നമ്പര്‍ പ്ലേറ്റിന് മുകളിലായി നല്‍കിയിരുന്ന ക്രോമിയം സ്ട്രിപ്പ് പുതിയ മോഡലില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ഫീച്ചര്‍ സമ്പന്നം അകത്തളം
ഫാബ്രിക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അപ്‌ഹോള്‍സ്ട്രി, ഫോക്‌സ് വുഡ് ആവരണമുള്ള ഡാഷ്‌ബോര്‍ഡ്, എന്നിവയാണ് ഡിസൈന്‍ പുതുമ. സാങ്കേതികവിദ്യയിലും ഏറെ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. എര്‍ട്ടിഗയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ മുന്‍ മോഡലില്‍ നിന്ന് കടംകൊണ്ടതാണ്. അനലോഗ് മീറ്ററും ഡിജിറ്റല്‍ ഡിസ്‌പ്ലേയുമാണ് ഇതിലുള്ളത്.
കണക്ടഡ് കാര്‍
ഉയര്‍ന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് എര്‍ട്ടിഗയുടെ വരവ്. വോയിസ് അസിസ്റ്റന്റും കണക്ടഡ് കാര്‍ സംവിധാനങ്ങള്‍ എന്നിവയാണ് ഇതിലെ ഹൈലൈറ്റ്. 40 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് എര്‍ട്ടിഗയില്‍ ഒരുക്കിയിട്ടുള്ളതെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇതിനൊപ്പം ആമസോണ്‍ അലക്‌സ, സ്മാര്‍ട്ട് വാച്ച് കണക്ടിവിറ്റി തുടങ്ങിയവയും പുതിയ എര്‍ട്ടിഗയുടെ സാങ്കേതിക സംവിധാനങ്ങളുടെ മാറ്റ് കൂട്ടുന്നവയാണ്.
Content Highlights: Maruti suzuki Ertiga, New Ertiga, Ertiga Facelift, Maruti Suzuki, Ertiga MPV