ഇലക്ട്രിക് കരുത്തിലെ കുതിപ്പ് തുടങ്ങുന്നു; മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഇ-വിത്താര ഡിസംബറില്‍ എത്തും

മാരുതി സുസുക്കി ഇ-വിത്താര | Photo: Maruti Suzuki
മാരുതി സുസുക്കി ഇ-വിത്താര | Photo: Maruti Suzuki

ഇന്ത്യക്കാര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ-വിത്താര ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിതാഷി തകൗച്ചി അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ആദ്യം വിപണിയില്‍ എത്തിക്കാനായിരുന്നു മാരുതി സുസുക്കിയുടെ പദ്ധതി. എന്നാല്‍, ബാറ്ററി വിതരണത്തില്‍ നേരിട്ട തടസ്സത്തെ തുടര്‍ന്നാണ് അവതരണം വര്‍ഷാവസാനത്തേക്ക് നീണ്ടതെന്നും അദ്ദേഹം അറിയിച്ചു.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താര മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുന്നത്. കമ്പനിയുടെ ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ ഫാക്ടറിയിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഇന്ത്യക്ക് പുറമെ, വിദേശ രാജ്യങ്ങളിലേക്കുള്ള ഇ-വിത്താരയും ഈ പ്ലാന്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടില്ലെങ്കിലും ഇതുവരെ ഇ-വിത്താരയും 7000 യൂണിറ്റുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. യുകെയിലേക്കാണ് പ്രധാനമായും ഈ വാഹനം കയറ്റി അയച്ചിരിക്കുന്നത്.

49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ വീല്‍ ഡ്രൈവ്, ടൂ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തില്‍ സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകും. 49 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 344 കിലോമീറ്റര്‍ റേഞ്ചും, 61 കിലോവാട്ട് ടൂ വീല്‍ ഡ്രൈവ് മോഡല്‍ 428 കിലോമീറ്റര്‍ റേഞ്ചും 61 കിലോവാട്ട് ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 394 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഇതിനോടകം തന്നെ ഇലക്ട്രിക് മോഡലുകള്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ തന്നെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലാണ് കൂടുതല്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ഇസഡ്എസ് ഇവി, ടാറ്റ കര്‍വ്വ് ഇവി, മഹീന്ദ്ര ബിഇ6, വിന്‍ഫാസ്റ്റ് വിഎഫ് 6 തുടങ്ങിയ മോഡലുകളുമായായിരിക്കും ഇ-വിത്താരയ്ക്ക് മത്സരിക്കേണ്ടി വരിക. വില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും.

Source

Content Highlights: India`s most awaited Maruti Suzuki e-Vitara EV to launch this December. Explore its features, battery options, and expected competition in the mid-size SUV segment.