ക്ഷമ വേണം അല്‍പ്പം സമയമെടുക്കും, ഇന്ത്യക്ക് മാത്രമല്ല വിദേശത്തേക്കുള്ള ഇ-വിത്താരയും ഒരുങ്ങുന്നതിവിടെ

ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം വാഹന നിരയിലേക്ക് ഇലക്ട്രിക് മോഡല്‍ എത്തിച്ചെങ്കിലും മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുക്കിയുടെ ഇലക്ട്രിക് മോഡല്‍ നിരത്തുകളില്‍ എത്താനുള്ള കാത്തിരിപ്പ് നീളുകയാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ അടക്കം പ്രദര്‍ശനത്തിന് എത്തിച്ചെങ്കിലും നിരത്തുകളില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2025 സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും മാരുതിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഇ-വിത്താര നിരത്തുകളില്‍ എത്തുകയെന്നാണ് സൂചന.
അതേസമയം, ഈ വര്‍ഷം മാരുതി സുസുക്കി നിര്‍മിക്കുന്ന ഇ-വിത്താരയില്‍ സിംഹഭാഗവും വിദേശ വിപണികള്‍ക്ക് വേണ്ടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ണതോതില്‍ ആരംഭിക്കുമെങ്കിലും ആദ്യ ഏതാനും ബാച്ചുകളില്‍ നിര്‍മിക്കുന്ന വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുമെന്നാണ് വിവരം. അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഇ-വിത്താരയുടെ 70,000 യൂണിറ്റ് നിര്‍മിക്കാനുള്ള നീക്കങ്ങളാണ് മാരുതി നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാട്ടുന്നു.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ ഇ-വിത്താര വിപണിയില്‍ എത്തും. ഒറ്റത്തവണ ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം റേഞ്ച് ഉറപ്പാക്കുന്നുണ്ട്. എല്‍എഫ്പി.(ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.
പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, പൊസിഷന്‍ ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ, ഫൈബര്‍ ക്ലാസിങ്ങില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, മൂടിക്കെട്ടിയ ഗ്രില്ല്, വലിയ എയര്‍ഡാം, ഫോഗ്‌ലാമ്പ്, 18 ഇഞ്ച് എയറോ ഡൈനാമിക് വീലുകള്‍, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ചാര്‍ജിങ് സ്ലോട്ട്, ബ്ലാക്ക് വീല്‍ ആര്‍ച്ച്, 360 ഡിഗ്രി ക്യാമറ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, സി-പില്ലറില്‍ നല്‍കിയിട്ടുള്ള റിയര്‍ ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി സ്ട്രിപ്പില്‍ കണക്ട് ചെയ്ത ടെയ്ല്‍ലാമ്പാണ് എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.
ഫീച്ചര്‍ സമ്പന്നമായ വാഹനമാണ് ഇ-വിത്താര. ഫ്‌ളോട്ടിങ് ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പാണ് ഇന്‍ഫ്‌ടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്‌പ്ലേയായി നല്‍കിയിരിക്കുന്നത്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍. ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള എ.സി. വെന്റുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും വളരെ ലളിതമായാണ് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ഫങ്ഷന്‍ സംവിധാനത്തില്‍ ടു സ്‌പോക്ക് സ്റ്റിയറിങ് വീലാണ് നല്‍കിയിരിക്കുന്നത്. ഇതും മാരുതിയുടെ പുതുമയാണ്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു. ഇ-വിത്തരായുടെ ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ സുസുക്കിയുടെ ഇ-ഓള്‍ഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയര്‍ ആക്‌സിലിലും 65 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ നല്‍കുന്നുണ്ട്. ഈ ഇരട്ട മോട്ടോര്‍ മോഡല്‍ 184 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Maruti Suzuki e-Vitara electric SUV launch is expected in September 2025