ഉത്പാദനത്തിൽ പുതിയ നേട്ടം സൃഷ്ടിച്ച് മാരുതി സുസുക്കി ഡിസയർ; നിർമാണം പൂർത്തിയാക്കി 35 ലക്ഷം കാറുകൾ

#Auto Desk
മാരുതി സുസുക്കിയുടെ നാലാം തലമുറ ഡിസയര്‍ | Photo: Maruti Suzuki
മാരുതി സുസുക്കിയുടെ നാലാം തലമുറ ഡിസയര്‍ | Photo: Maruti Suzuki

ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട് സെഡാൻ ശ്രേണിയിൽ ഒന്നാമനായി വിലസുന്ന മാരുതി സുസുക്കിയുടെ ഡിസയർ പുതിയൊരു നേട്ടം കൂടി സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർത്തിരിക്കുകയാണ്. വിപണിയിൽ എത്തി 18 വർഷം പൂർത്തിയാക്കിയ ഈ വാഹനത്തിന്റെ പ്രൊഡക്ഷൻ 35 ലക്ഷം യൂണിറ്റ് പിന്നിട്ടതായി നിർമാതാക്കൾ അറിയിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന മാരുതി സുസുക്കിയുടെ നാലാമത്തെ മോഡലാണ് ഡിസയർ.

2008-ലാണ് മാരുതി സുസുക്കി ഡിസയർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് വിൽപ്പനയിൽ 30 ലക്ഷം പിന്നിട്ട ഈ വാഹനത്തിന്റെ ഉത്പാദനം 35 ലക്ഷം കടന്നതായാണ് ഇപ്പോൾ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ആൾട്ടോ, സ്വിഫ്റ്റ്, വാഗൺആർ എന്നീ മോഡലുകൾക്കുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മാരുതി സുസുക്കിയുടെ നാലാമത്തെ വാഹനമാണ് ഡിസയർ. നാല് തലമുറകൾ പിന്നിട്ട ഡിസയർ നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാൻ വാഹനമാണ്.

സ്വിഫ്റ്റ് എന്ന വാഹനത്തിന്റെ സെഡാൻ പതിപ്പായാണ് 2008-ൽ സ്വിഫ്റ്റ് ഡിസയർ എത്തുന്നത്. 2015-ലാണ് ഡിസയറിന്റെ ഉത്പാദനം 10 ലക്ഷത്തിലെത്തുന്നത്. നാല് വർഷങ്ങൾക്കുശേഷം 2019-ൽ ഉത്പാദനം 20 ലക്ഷത്തിലേക്ക് എത്തുകയായിരുന്നു. 2024-ലാണ് 30 ലക്ഷം ഡിസയറുകളുടെ ഉത്പാദനം മാരുതി സുസുക്കി കൈവരിക്കുന്നത്. ഇന്ത്യയിലെ വിൽപ്പനയ്ക്ക് പുറമേ, കയറ്റുമതിയിലും മികച്ച നേട്ടം സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ഡിസയർ.

2024 നവംബറിലാണ് മാരുതി സുസുക്കി നാലാം തലമുറ ഡിസയർ വിപണിയിൽ എത്തിച്ചത്. ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയ വാഹനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഡിസയർ സെഡാന് 6.31 ലക്ഷം രൂപ മുതൽ 9.54 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിന് കൂടുതൽ കരുത്തേകുന്നുണ്ട്.

ഇസഡ് സീരീസ് എൻജിനിലേക്കുള്ള മാറ്റവുമായാണ് നാലാം തലമുറ ഡിസയർ എത്തിയത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ 81.9 ബി.എച്ച്.പി. പവറും 111.7 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മാനുവൽ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എൻ.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പുനൽകുന്നു.

ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, റിയർ ഫോൺ ചാർജിങ് പോയിന്റ്, പുത്തൻ ഡ്രൈവർ ഡിസ്പ്ലേ കൺസോൾ, അർകാമിസിന്റെ സൗണ്ട് സിസ്റ്റം, കീലെസ് എൻട്രി തുടങ്ങിയവയാണ് ഡിസയറിൽ സ്ഥാനം പിടിച്ച ഫീച്ചറുകൾ. എ.ബി.എസ്, ഇ.ബി.ഡി, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ, റിവേഴ്സ് പാർക്കിങ് സെൻസർ, ഡീഫോഗർ തുടങ്ങിയവ സ്റ്റാൻഡേർഡ് ഫീച്ചറുകളുമാണ്.

Content Highlights: Maruti Suzuki Dzire completes 18 years in the Indian market., Production milestone reaches 35 lakh units, becoming the fourth Maruti model to achieve this., Fourth-generation Dzire features 5-star Bharat NCAP safety rating and Z-series engine., Offers impressive mileage up to 33.73 km/kg for CNG and modern features like a 360-degree camera.