ഒന്നാമന്റെ കിരീടം ചൂടി ഡിസയർ; സെഡാൻ പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങി മാരുതി സുസുക്കി

ഇന്ത്യൻ വാഹന വിപണിയിലെ എസ്‌യുവി പ്രതാപത്തിന് വെല്ലുവിളിയായി നിലനിൽക്കുന്ന വാഹനമാണ് മാരുതി സുസുക്കിയുടെ ഡിസയർ. സെഡാനുകൾ എസ്‌യുവികൾക്കായി വഴിമാറിയെന്ന് പറയുമ്പോഴും വിൽപ്പന പട്ടികയിൽ ഏറ്റവും മുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത് ഡിസയർ എന്ന ഈ സെഡാൻ മോഡലാണ്. 2025-26 സാമ്പത്തിക വർഷത്തിലെ വാഹന വിൽപ്പന കണക്ക് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച വാഹനമാണ് മാരുതി സുസുക്കി ഡിസയറാണ്.
2025 ഏപ്രിൽ ആരംഭിച്ച് 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.3 ലക്ഷം ഡിസയറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. മൊത്തം വാഹന വിൽപ്പനയുടെ 66 ശതമാനം എസ്‌യുവികൾ കൈയടക്കിയപ്പോഴും വിൽപ്പന ചാർട്ടിൽ ഏറ്റവും മുകളിലെ സ്ഥാനം സ്വന്തമാക്കാൻ ഈ സെഡാൻ വാഹനത്തിന് സാധിച്ചുവെന്നത് ഈ ശ്രേണിയുടെ ഉയർത്തെഴുന്നേൽപ്പിന്റെ സൂചനയായാണ് വാഹന വിപണികൾ വിലയിരുത്തുന്നത്.
2017 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കിയുടെ സെഡാൻ ശ്രേണിയുടെ വിപണി വിഹിതം 45.8 ശതമാനമായിരുന്നു. ഇന്നത് 57.2 ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. എസ്‌യുവി മോഡലുകൾ വിപണിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, സെഡാൻ ശ്രേണിയിലെ ഒരു വാഹനം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി എന്നത് വലിയ നേട്ടമാണ്. സെഡാൻ പ്രേമികൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും മാരുതി സുസുക്കി അറിയിച്ചു.
ഡിസയർ വിപണിയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചത് പോലെ തന്നെ മാരുതി സുസുക്കിക്കും നേട്ടത്തിന്റെ കാലഘട്ടമായിരുന്നു 2026 സാമ്പത്തിക വർഷം. ആഭ്യന്തര വിപണിയിലെ 18.61 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത 4.48 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമാണ് 2026 സാമ്പത്തിക വർഷത്തിൽ മാരുതിക്ക് ലഭിച്ചത്. പുതിയ സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനത്തിന്റെ വർധനവാണ് മാരുതി പ്രതീക്ഷിക്കുന്നത്.
2008-ൽ ഇന്ത്യയിൽ എത്തിയ ഡിസയറിന്റെ നാലാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഫൈവ് സ്റ്റാർ റേറ്റിങ്ങോടെ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിന് കൂടുതൽ കരുത്തേകുന്നുണ്ട്. ഇസഡ് സീരീസ് എൻജിനിലേക്കുള്ള മാറ്റവുമായാണ് നാലാം തലമുറ ഡിസയർ എത്തിയത്.
1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ 81.9 ബി.എച്ച്.പി. പവറും 111.7 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മാനുവൽ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എൻ.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പുനൽകുന്നു.
Content Highlights: Maruti Suzuki Dzire emerged as the top-selling car in India for the 2026 fiscal year., Achieved 2.3 lakh unit sales despite the rising dominance of the SUV segment., Features a 5-star Bharat NCAP safety rating and high fuel efficiency., Growth in sedan market share from 45.8% to 57.2% since 2017., Equipped with the new Z-series engine offering up to 33.73 km/kg mileage in CNG.