പപ്പടമൊക്കെ പഴങ്കഥ; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങുമായി മാരുതി ഡിസയർ

സുരക്ഷ നോക്കി വാഹനങ്ങള്‍ വാങ്ങുന്നവരുടെ അവസാനത്തെ ഓപ്ഷനായിരുന്നു മാരുതി. മാരുതിയുടെ കാറുകളുടെ സുരക്ഷിതത്വക്കുറവ് ട്രോളുകളിലെ സ്ഥിരം സാന്നിധ്യവുമാണ്. എന്നാല്‍ കഥ മാറി. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരിക്കുകയാണ് മാരുതി സുസുക്കി ഡിസയര്‍.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ 4 സ്റ്റാർ റേറ്റിങ്ങും ഡിസയര്‍ സ്വന്തമാക്കി. നവംബര്‍ 11-ന് ലോഞ്ച് ചെയ്യാനിരിക്കെയാണ് ക്രാഷ് ടെസ്റ്റ് ഫലം പുറത്തുവന്നത്. അത് നേട്ടമാകും.
നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം ബോക്‌സി ഭാവമുള്ള മുഖഭാവമാണ് പുതിയ ഡിസയറിന് നല്‍കിയിരിക്കുന്നത്. സ്വിഫ്റ്റില്‍ നല്‍കിയതിന് സമാനമായ പ്രൊജക്ഷന്‍ എല്‍.ഇ.ഡി. ഹെഡ്ലൈറ്റും എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും ചേര്‍ന്ന ഹെഡ്ലാമ്പ് യൂണിറ്റ്, ക്രോമിയം ആവരണം നല്‍കുന്ന റേഡിയേറ്റര്‍ ഗ്രില്ല്, പുതുമയുള്ള ബമ്പര്‍ എന്നിവയാണ് മുൻഭാഗത്തുള്ള മാറ്റങ്ങൾ. അലോയി വീലിലാണ് വശങ്ങളിലെ മാറ്റം. പിന്നിലെ ബമ്പറിലും ടെയ്ല്‍ലാമ്പിലും പുതുമയുണ്ട്.
ഗാലന്റ് റെഡ്, നട്‌മെഗ് ബ്രൗണ്‍, അല്യുറിങ് ബ്ലൂ, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍ എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകളാണ് പുതിയ ഡിസയറിനു നല്‍കിയിരിക്കുന്നത്.
Content Highlights: Maruti Suzuki Dzire achieves 5-star safety rating in the Global NCAP crash test.