ഈ വര്‍ഷം തീരും മുമ്പ് എല്ലാ മോഡലിലും ആറ് എയര്‍ബാഗ്; മാരുതി കാറുകള്‍ക്ക് ഇനി സുരക്ഷ മുഖ്യം

Photo: Maruti Suzuki
Photo: Maruti Suzuki

ഇന്ത്യയിലെ വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ കാറുകളിലും ആറ് എയര്‍ബാഗ് എന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എസ്‌യുവി മോഡലുകളിലാണ് ആദ്യം ഇത് നിര്‍ബന്ധമാക്കിയിരുന്നതെങ്കിലും പിന്നീട് ചെറുകാറുകളിലും പരമാവധി സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇത് പൂര്‍ണമായും നടപ്പാക്കാനൊരുങ്ങുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 

മാരുതി സുസുക്കിയുടെ വാഹന നിരയിലെ എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗ് ഉറപ്പാക്കുമെന്നാണ് കമ്പനി ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്. മാരുതിയുടെ വാഹന ശ്രേണിയിലെ പല മോഡലുകളുടെയും ഉയര്‍ന്ന വേരിയന്റില്‍ ഇതിനോടകം തന്നെ ആറ് എയര്‍ബാഗ് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍, എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളിലും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറായി നല്‍കാനാണ് ലക്ഷ്യമിടുന്നത്. 

ഇതിനോടകം തന്നെ മാരുതിയുടെ ഏതാനും വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ഇക്കോ, വാഗണ്‍ആര്‍, ആള്‍ട്ടോ കെ10, ബ്രെസ, സെലേറിയോ തുടങ്ങിയ മോഡലുകളില്‍ ആറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറാണ്. അതേസമയം, ആറ് മോഡലുകളില്‍ കൂടി ഇത് ഉള്‍പ്പെടുത്താനുണ്ടെന്നാണ് വിവരം. ബലെനോ, ഫ്രോങ്‌സ്, ഇഗ്നിസ്‌, എര്‍ട്ടിഗ, എക്‌സ്എല്‍6, എസ്-പ്രെസോ തുടങ്ങിയ മോഡലുകളാണ് ആറ് എയര്‍ബാഗ് സ്റ്റാന്റേഡ് ഫീച്ചറാകാനുള്ളത്. 

മാരുതി സുസുക്കി ഫ്രോങ്‌സ്, ബലെനോ തുടങ്ങിയ മോഡലുകളുടെ ഉയര്‍ന്ന വേരിയന്റില്‍ ആറ് എയര്‍ബാഗ് നല്‍കുന്നുണ്ട്. എന്നാല്‍, ആറ് എയര്‍ബാഗ് നല്‍കുന്നതോടെ വാഹനങ്ങളുടെ പ്രാരംഭ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ആറ് എയര്‍ബാഗ് നല്‍കിയതിനെ തുടര്‍ന്ന് ഏറ്റവുമധികം വില വര്‍ധനവുണ്ടായത് സെലേറിയോയിലാണ്. 32,500 രൂപയാണ് സെലേറിയോയുടെ വില ഉയര്‍ന്നത്. 

വാഹനങ്ങളില്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുകയെന്നത് മാരുതി സുസുക്കി ഗൗരവമായി പരിഗണിച്ച് തുടങ്ങിയെന്നാണ് ഈ നീക്കങ്ങള്‍ നല്‍കുന്ന സൂചന. മാരുതിയുടെ വാഹന നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ പുതിയ ഡിസയറില്‍ കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സുരക്ഷയും ഈ വാഹനത്തിന് ലഭിച്ചിരുന്നു. മാരുതിയുടെ വാഹന നിരയില്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന ആദ്യ വാഹനമാണ് ഡിസയര്‍.

Source

Content Highlights: Maruti Suzuki commits to 6 airbags across all models by year-end-enhancing safety standards.