വില കൂടി കൂടി ഇത് എങ്ങോട്ടാണ്, ഈ വർഷത്തിലെ മുന്നാമത്തെ വില വർധനവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഇന്ത്യയിൽ വാഹനങ്ങളുടെ വില ഏറ്റവുമധികം ഉയർന്ന വർഷം 2026 ആയിരിക്കും. സാധാരണ ഗതിയിൽ കലണ്ടർ വർഷത്തിന്റെ ആരംഭത്തിലും സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലുമാണ് വാഹനങ്ങളുടെ വില വർധിപ്പിച്ചിരിക്കുന്നതെങ്കിൽ, 2026-ൽ രാജ്യത്തെ മുൻനിര കാർ നിർമാതാക്കളെല്ലാം പല തവണ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിരയിലേക്ക് ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.
ഈ സാമ്പത്തിക വർഷത്തിൽ മാത്രം മൂന്നാം തവണയാണ് മാരുതി സുസുക്കി വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ മാസത്തിലും ഓഗസ്റ്റ് മാസത്തിലും വില വർധനവ് വരുത്തിയതിന് പിന്നാലെ സെപ്റ്റംബറിലും വാഹനങ്ങളുടെ വില ഉയരുമെന്നാണ് റെഗുലേറ്ററി ഫയലിങ്ങിൽ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് 20,000 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം.
വാഹന നിർമാണവുമായി ബന്ധപ്പെട്ട് ആഭ്യന്തര ചെലവുകൾ ഉയർന്ന് വരുന്നതാണ് വില വർധനവിന് പ്രധാന കാരണം. ചെലവ് ചുരുക്കൽ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇത് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. എന്നാൽ, പണപ്പെരുപ്പം ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾ തുടരുന്നതിനാൽ തന്നെ ഈ ചെലവുകളുടെ ഒരു ഭാഗം ഉപയോക്താക്കളുമായി പങ്കുവെക്കാൻ കമ്പനി നിർബന്ധിതരായിരിക്കുകയാണെന്നും മാരുതി പറയുന്നു.
സ്റ്റീൽ, അലുമിനിയം തുടങ്ങി വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടാകുന്ന വർധനവ്, ഉയർന്ന ചരക്ക് ഗതാഗത ചെലവുകൾ, ഇറക്കിമതി ചെയ്ത് എത്തുന്ന പാർട്‌സുകളുടെ വിലയെ ബാധിക്കുന്ന എക്‌സ്‌ചേഞ്ച് റേറ്റിലെ വ്യത്യാസങ്ങൾ തുടങ്ങിയവ വാഹന നിർമാതാക്കളുടെ ലാഭത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കമ്പനിക്ക് ഉണ്ടാകുന്ന അധിക ചെലവിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് വിപണിയിലേക്ക് കൈമാറുന്നതെന്നാണ് വിശദീകരണം.
മാരുതി സുസുക്കിക്ക് പുറമെ, ഇന്ത്യയിലെ മുൻനിര പാസഞ്ചർ വാഹന നിർമാതാക്കളായ ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ് എന്നിവരും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വില വർധനവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ വിലയിൽ ഒരു ശതമാനത്തിന്റെ വർധനവാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചത്. ഈ വർഷത്തെ മൂന്നാമത്തെ വർധനവാണ് ഹ്യുണ്ടായി വരുത്തിയത്. സെപ്റ്റംബർ ഒന്ന് മുതൽ ടാറ്റയുടെ വാഹനങ്ങൾക്കും 25,000 രൂപ വരെ വില വർധിച്ചിരുന്നു.
Content Highlights: Maruti Suzuki announces its third price hike of the fiscal year in September 2026., Selected models may see a price increase of up to Rs 20,000., Rising input costs, inflation, and raw material prices are cited as primary reasons., Other major automakers like Hyundai and Tata Motors have also increased prices in 2026.