ഉത്പാദന ചെലവ് ഉയർന്നു, വില കൂട്ടാതിരിക്കാനാവില്ല; മാരുതി കാറുകൾക്ക് വില കൂടുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ വിവിധ മോഡലുകളുടെ വില വർധിപ്പിക്കുന്നു. 30,000 രൂപ വരെയാണ് വർധനവെന്നാണ് റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ മാരുതി സുസുക്കി അറിയിച്ചിരുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവും ശക്തമായ പണപ്പെരുപ്പം സൃഷ്ടിക്കുന്ന സമ്മർദമാണ് വിലവർധനയ്ക്ക് കാരണമായി മാരുതി വിശദീകരിക്കുന്നത്. 3.49 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള എസ്പ്രസോ മുതൽ 28.7 ലക്ഷത്തിന്റെ ഇൻവിക്ടോ വരെയുള്ള മോഡലുകളാണ് കമ്പനിക്കുള്ളത്. 2025 സെപ്റ്റംബറിൽ ജി.എസ്.ടി. നിരക്കുകൾ പരിഷ്‌കരിച്ചപ്പോൾ ഏതാനും മോഡലുകളുടെ വില കുറച്ചിരുന്നു.
2026 ജനുവരി മാസത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കുന്ന മാരുതി സുസുക്കി പരിഗണിച്ചിരുന്നു. എന്നാൽ, ചെറുകാറുകളുടെ വിൽപ്പനയിൽ ഉണ്ടായ ശക്തമായ കുതിപ്പ് പരിഗണിച്ച് വിലവർധന വരുത്തുന്ന തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ആദ്യമായി വാഹനങ്ങൾ വാങ്ങുന്നവരെ പരിഗണിച്ചാണ് ഈ തീരുമാനത്തിൽനിന്ന് പിൻമാറിയതെന്നായിരുന്നു മാരുതി സുസുക്കി മേധാവിയെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
കമ്പനിക്കുള്ളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് ഉത്പാദന ചെലവിലുണ്ടായ വർധനവിനെ മറികടക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചു. എന്നാൽ, ഇത് വർധിച്ച് വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളിലേക്ക് കൂടി കൈമാറേണ്ടി വരികയാണ്. അതേസമയം, ഇത് ഏറ്റവും കുറഞ്ഞ നിലയിൽ മാത്രമാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതെന്നാണ് മാരുതി സുസുക്കി മേധാവി പാർഥോ ബാനർജി അഭിപ്രായപ്പെടുന്നത്.
ജൂൺ ഒന്ന് മുതൽ വരുത്തുന്ന വർധനവുമായി ബന്ധപ്പെട്ട് മോഡൽ തിരിച്ചുള്ള കണക്കുകൾ മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഫയലിങ്ങുകളിലെ വിവരം അനുസരിച്ച് പരമാവധി 30,000 രൂപ വരെയായിരിക്കും വില ഉയരുന്നത്. ഇന്ത്യയിലെ മറ്റ് മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോഴ്‌സ് എന്നിവ ഏപ്രിൽ മാസത്തിലും ഹ്യുണ്ടായി മെയ് മാസത്തിലും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
Content Highlights: Maruti Suzuki to increase vehicle prices by up to ₹30,000 effective June 1, 2026., Price adjustment attributed to rising raw material costs and inflationary pressures., The decision follows previous price hikes by competitors like Tata, MG, and Hyundai., Previous plans for a January 2026 price hike were deferred to support first-time car buyers.