മില്ല്യണടിച്ച് മാരുതി സുസുക്കി ബ്രെസ; നേട്ടം 94 മാസത്തില്

ഇന്ത്യന് വാഹന വിപണിയില് കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയുടെ ലീഡര് സ്ഥാനത്താണ് മാരുതി സുസുക്കി ബ്രെസയുള്ളത്. വിത്താര ബ്രെസയായി എത്തി തലമുറ മാറ്റത്തില് ബ്രെസ എന്ന പേരിലേക്ക് മാത്രം ചുരുങ്ങിയ ഈ മോഡല് പുതിയൊരു നേട്ടത്തിന്റെ നിറവിലാണ്. അവതരിപ്പിച്ച് ഏഴ് വര്ഷം പിന്നിട്ട ഈ വാഹനത്തിന്റെ പത്ത് ലക്ഷം യൂണിറ്റാണ് ഇതിനോടകം നിരത്തുകളില് എത്തിച്ചിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.
2016-ലാണ് മാരുതി സുസുക്കിയില് നിന്ന് കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ എത്തിയത്. തുടക്കം മുതല് ഈ ശ്രേണിയില് മികച്ച പ്രകടനം കാഴ്ച വെച്ച ഈ വാഹനം 2022-ലാണ് ആദ്യ തലമുറ മാറ്റമുണ്ടാകുന്നത്. ഇതോടെ വിത്താര എന്ന പേര് മുറിച്ചുമാറ്റി ബ്രെസയിലേക്ക് ചുരുങ്ങുകയായിരുന്നു. രണ്ടാം വരവിലും മികച്ച സ്വീകാര്യത ലഭിച്ച ഈ വാഹനം 94 മാസത്തിനുള്ളിലാണ് അല്ലെങ്കില് ഏഴ് വര്ഷവും എട്ട് മാസവും കൊണ്ടാണ് 10 ലക്ഷം യൂണിറ്റിന്റെ വില്പ്പന പൂര്ത്തിയാക്കിയത്.
കോംപാക്ട് എസ്.യു.വികളുടെ നീണ്ടനിര വിപണിയില് ഉണ്ടെങ്കിലും മാരുതിയുടെ മറ്റ് മോഡലുകള് പോലെ മികച്ച വില്പ്പനയാണ് ബ്രെസയ്ക്കുമുള്ളത്. ഇക്കഴിഞ്ഞ ഏപ്രില് മുതല് നവംബര് വരെയുള്ള കണക്ക് അനുസരിച്ച് 1,11,371 ബ്രെസയാണ് നിരത്തുകളില് എത്തിയിട്ടുള്ളത്. പ്രതിമാസം ശരാശരി 13,931 യൂണിറ്റിന്റെ വില്പ്പനയാണ് കണക്കാക്കിയിട്ടുള്ളത്. ഒരാഴ്ച്ചയില് 3480 യൂണിറ്റ് ഒരു ദിവസം 497 ബ്രെസയും ഇന്ത്യന് വിപണിയില് വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.
2016-ലാണ് മാരുതിയുടെ ആദ്യ കോംപാക്ട് എസ്.യു.വി മോഡലായ വിത്താര ബ്രെസ ഇന്ത്യയില് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് വരുത്തിയ നേരിയ മുഖംമിനുക്കലുമായി ആറ് വര്ഷം ഈ മോഡല് നിരത്തുകളില് സജീവസാന്നിധ്യമായിരുന്നു. 2022 ജൂണിലാണ് ഈ മോഡലിന്റെ രണ്ടാം പതിപ്പായി ബ്രെസ എത്തുന്നത്. ഡിസൈന് അടിമുടി ഉടച്ചുവാര്ത്ത്, സാങ്കേതികവിദ്യയില് അധിഷ്ഠിതമായ ഫീച്ചറുകള് നല്കി, മെക്കാനിക്കലായുള്ള പുതുമയും നല്കിയാണ് പുതിയ ബ്രെസ വിപണിയില് എത്തിയത്.
ആറ് വേരിയന്റുകളിലായി ഓട്ടോമാറ്റിക്, മാനുവല് ട്രാന്സ്മിഷനിലും പെട്രോള്-സി.എന്.ജി. ഓപ്ഷനുകളിലുമാണ് മാരുതി സുസുക്കി ബ്രെസ വിപണിയില് എത്തുന്നത്. ഇതില് പെട്രോള് മാനുവല് മോഡലിന്റെ വില 8.29 ലക്ഷം രൂപയില് ആരംഭിച്ച് 12.71 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് മോഡലുകള്ക്ക് 11.14 ലക്ഷം രൂപ മുതല് 14.14 ലക്ഷം രൂപ വരെയും, സി.എന്.ജി. മോഡലുകള്ക്ക് 9.24 ലക്ഷം രൂപ മുതല് 12.15 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.
മാരുതിയുടെ മൈല്ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര് കെ15സി പെട്രോള് എന്ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 103 ബി.എച്ച്.പി. പവറും 137 എന്.എം. ടോര്ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്നിവയുമായി പെട്രോള് മോഡല് എത്തിയിട്ടുള്ളത്. എന്നാല്, സി.എന്.ജി. പതിപ്പ് 87 പി.എസ്. പവറും 121.5 എന്.എം. ടോര്ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല് ട്രാന്സ്മിഷന് മാത്രമാണ് സി.എന്.ജി. മോഡലിലുള്ളത്.
Source: Autocar India
Content Highlights: Maruti suzuki brezza achieve one million sales milestone in 94 months, Maruti Suzuki Brezza