Ertiga, XL6 മാത്രം പോര, പ്രീമിയം എംപിവി അവതരിപ്പിക്കാൻ മാരുതി, വരുന്നത് ഹൈബ്രിഡ് മോഡൽ

എസ്‌യുവികൾ പോലെ തന്നെ ഇന്ത്യൻ വാഹന വിപണിയിൽ കരുത്താർജിക്കുന്ന ശ്രേണിയാണ് എംപിവി. എർട്ടിഗ എന്ന വാഹനത്തിന്റെ വിൽപ്പന മാത്രം മതി ഇക്കാര്യം തെളിയിക്കാൻ. തുടർച്ചയായുള്ള ആറ് സാമ്പത്തിക വർഷത്തിലെ കണക്ക് പരിശോധിച്ചാലും എർട്ടിഗയുടെ ഈ കുതിപ്പ് തിരിച്ചറിയാനാകും. ഈ വർഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഏഴാം വർഷവും വിൽപ്പനയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കാനുള്ള സൂചനകളാണ് ഈ വാഹനം നൽകുന്നത്.
പെട്രോൾ എൻജിനിൽ എത്തുന്ന എർട്ടിഗയ്ക്ക് ഇന്ത്യൻ നിരത്തുകളിൽ ലഭിക്കുന്ന സ്വീകാര്യത മാരുതി സുസുക്കിയെ പുതിയൊരു ചിന്തയ്ക്ക് വളംവെച്ചിരിക്കുകയാണ്. എർട്ടിഗ, എക്‌സ്എൽ6 എന്നീ വാഹനങ്ങൾക്കൊപ്പം ഒരു പ്രീമിയം എംപിവി കൂടി ഇന്ത്യയിലേക്ക് എത്തിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. ജപ്പാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിൽ സുസുക്കി എത്തിച്ചിട്ടുള്ള സോളിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കും പ്രീമിയം കോംപാക്ട് എംപിവി മാരുതി ഒരുക്കുക.
വൈവിഎഫ് എന്ന കോഡ്‌നെയിമിൽ നിർമിക്കുന്ന ഈ വാഹനം 2028-29-ഓടെ വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്എൽ6, എർട്ടിഗ മോഡലുകൾക്കൊപ്പം ഈ വാഹനം കൂടി എത്തുന്നതോടെ എംപിവി ശ്രേണിയുടെ മേധാവിത്വം മാരുതി സുസുക്കിക്ക് സ്വന്തമാക്കാനാകുമെന്നാണ് നിർമാതാക്കൾ കണക്കാക്കുന്നത്. കിയ കാർണിവൽ, എംജി എം9 തുടങ്ങി ടൊയോട്ട വെൽഫയർ വരെയുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് പ്രീമിയം എംപിവി ശ്രേണിയിലേക്ക് മാരുതിയെ ആകർഷിക്കുന്നത്.
സോളിയോ എന്ന വാഹനം മുമ്പും മാരുതി സുസുക്കി ഇന്ത്യ നിരത്തുകൾക്കായി പരിഗണിച്ചിട്ടുള്ള വാഹനമാണ്. 2019-ലെ ഫ്യൂച്ചർ മൊബിലിറ്റി ഷോയിൽ ഈ വാഹനം പ്രദർശിപ്പിക്കുകയും പിന്നീട് നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ആ കാലഘട്ടം ഇത്തരത്തിലുള്ള വാഹനത്തിന് യോജിച്ചതല്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിപണിയിൽ എത്തിക്കാതിരുന്നത്. എന്നാൽ, എംപിവിക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴെന്നാണ് മാരുതിയുടെ വിലയിരുത്തൽ.
പ്രീമിയം വാഹനമായാണ് എത്തുന്നതെങ്കിലും വലിപ്പത്തിൽ റെനോയുടെ ട്രൈബറിനോട് മത്സരിക്കാൻ പോകുന്ന വാഹനമായിരുന്നു സോളിയോ. ജപ്പാനിൽ എത്തിയിട്ടുള്ള സോളിയോയ്ക്ക് 3810 എംഎം നീളവും 1645 എംഎം വീതിയും 1745 എംഎം ഉയരവും 2480 എംഎം വീൽബേസുമാണുള്ളത്. ഈ വാഹനത്തിന്റെ അഞ്ച് സീറ്റർ പതിപ്പ് ജപ്പാനിൽ നിന്ന് മറ്റ് ചില രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെത്തുന്ന പതിപ്പിൽ എത്ര സീറ്റ് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഈ വാഹനത്തിന്റെ മെക്കാനിക്കൽ സവിശേഷതയാകും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്നത്. സുസുക്കിയുടെ ഇസഡ് 12 ഇ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയായിരിക്കും ഈ വാഹനം എത്തുക. ഹൈബ്രിഡ് ടെക്‌നോളജിയിലൂള്ള ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എംപിവിയും സോളിയോ ആയിരിക്കും. ഇ-സിവിടി ആയിരിക്കും ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുകയെന്നാണ് വിവരം.
Content Highlights: Maruti Suzuki is set to launch a new premium hybrid MPV, inspired by the Solio, to dominate the Indian market. Explore future plans and exciting features.