സൈന്യം ആവശ്യപ്പെട്ടു, മാരുതി നിര്‍മിച്ചു; ഇന്ത്യന്‍ സേനയ്ക്ക് 718 ജിപ്‌സി കൈമാറി മാരുതി

Image Courtesy: RushLane
Image Courtesy: RushLane

ഇന്ത്യയിലെ നിരത്തുകളില്‍ നിന്ന് ജിപ്‌സി അപ്രത്യക്ഷമായാലും സൈന്യത്തിന്റെ കരുത്തിന് ഈ വാഹനം ഒരു മുതല്‍ക്കൂട്ടാണ്‌. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സൈന്യത്തിനായി മാരുതി 718 ജിപ്‌സി നിര്‍മിച്ച് നല്‍കിയത്. ഇതോടെ സഫാരിക്കൊപ്പം ജിപ്‌സിയും സൈനികള്‍ക്ക് യാത്രയൊരുക്കും.

സുരക്ഷ മാനദണ്ഡങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ജിപ്‌സിയുടെ നിര്‍മാണം മാരുതി അവസാനിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ മാസം സൈന്യത്തിന് നല്‍കിയത് ബിഎസ്-4 നിലവാരത്തിലുള്ള മാരുതി ജിപ്‌സി 4X4 ആണെന്നാണ് സൂചന. 

മിലിട്ടറി ഗ്രീന്‍ ഫിനീഷിങ്ങിലാണ് ഈ ജിപ്‌സികള്‍ ഒരുങ്ങിയിരിക്കുന്നത്. 4X4 സംവിധാനമുള്ളതിനാല്‍ തന്നെ ഏത് പ്രതലത്തെയും കീഴടക്കാനുള്ള ശേഷിയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  ഉള്‍പ്രദേശങ്ങളിലും അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നതും കുറഞ്ഞ മെയിന്റനന്‍സുമാണ് സൈന്യത്തിനായി ഈ വാഹനം വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎസ്-4 നിലവാരത്തിലുള്ള 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 80 ബിഎച്ച്പി പവറും 103 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എയര്‍ബാഗ്, പാര്‍ക്കിങ്ങ് സെന്‍സര്‍, എബിഎസ് തുടങ്ങിയവയുടെ അഭാവം ഈ വാഹനത്തിലെ പോരായ്മയാണ്.

ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞ ജിപ്‌സിക്ക് പകരം സുസുക്കി വിദേശ രാജ്യങ്ങളിലെത്തിച്ചിട്ടുള്ള ജിംനി മാരുതി ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും അവതരണം സംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല. എസ്‌യുവി ശ്രേണി ലക്ഷ്യമാക്കിയെത്തുന്ന ഈ വാഹനത്തിന് 10 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Maruti Handover 718 Gypsy For Indian Military

Content Highlights: