മൈലേജ് ഇപ്പോഴും മെയിനാണ്, 46 മാസത്തിൽ നാലുലക്ഷം ഗ്രാന്റ് വിത്താര SUV-കൾ വിറ്റഴിച്ച് മാരുതി

#Auto Desk
.
.

ക്രെറ്റ, സെൽറ്റോസ് തുടങ്ങിയ കരുത്തൻ വാഹനങ്ങൾ അരങ്ങ് വാഴുന്ന മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് മാരുതി സുസുക്കി ഗ്രാന്റ് വിത്താര എത്തുന്നത്. പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യ മാത്രമായിരുന്നു മത്സരിക്കാനിറങ്ങുമ്പോൾ ഈ വാഹനത്തിനുണ്ടായിരുന്ന കൈമുതൽ. എന്നാൽ, മാരുതിയുടെ മറ്റ് വാഹനങ്ങളോട് ഇന്ത്യക്കാർ കാണിച്ച സ്‌നേഹം ഗ്രാന്റ് വിത്താരയ്ക്കും ലഭിച്ചതോടെ വിൽപ്പനയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് ഈ വാഹനം.

2022-ൽ ഇന്ത്യയിൽ എത്തിയ ഈ വാഹനം കേവലം 46 മാസങ്ങൾക്കൊണ്ട് നാല് ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിച്ചത്. മാരുതി സുസുക്കി ഗ്രാന്റ് വിത്താരയുടെ 4,01,007 യൂണിറ്റാണ് ഇന്ത്യൻ നിരത്തുകളിൽ മാത്രം ഓടുന്നത്. ഇതിനുപുറമെ, 62,500 ഗ്രാന്റ് വിത്താര എസ്‌യുവികൾ കടൽകടന്ന് വിവധ വിദേശ രാജ്യങ്ങളിലേക്കും പോയിട്ടുണ്ടെന്നാണ് കണക്കുകൾ. നെക്‌സ ഡീലർഷിപ്പുകളിലൂടെയാണ് ഗ്രാന്റ് വിത്താരയുടെ വിൽപ്പന.

2025 സാമ്പത്തിക വർഷത്തിലാണ് ഗ്രാന്റ് വിത്താരയ്ക്ക് ഏറ്റവും ഉയർന്ന വിൽപ്പന കൈവരിക്കാൻ സാധിച്ചത്. 1,23,169 യൂണിറ്റാണ് ഈ വർഷം വിറ്റഴിച്ചത്. 2023 സാമ്പത്തിക വർഷത്തിൽ 51,315 യൂണിറ്റും, 2024-ൽ 1,21,169 യൂണിറ്റും 2026-ൽ 83,849 യൂണിറ്റും 2027 സാമ്പത്തിക വർഷത്തിൽ ഇതുവരെ 20728 യൂണിറ്റുമാണ് ഗ്രാന്റ് വിത്താരയുടെ വിൽപ്പന. നെക്‌സ ഡീലർഷിപ്പിലൂടെ ഏറ്റവുമധികം വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനമാണ് ഗ്രാന്റ് വിത്താര.

മൈലേജിലും ഫീച്ചറിലും മുന്നിട്ട് നിൽക്കുന്നതിനൊപ്പം വിലയിലും ഈ വാഹനം എതിരാളികളെ വെല്ലുവിളിച്ചിരുന്നു. മൈൽഡ് ഹൈബ്രിഡ് മാനുവൽ മോഡലിന് 10.77 ലക്ഷം രൂപ മുതൽ 15.54 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.45 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.92 ലക്ഷം രൂപ മുതൽ 19.72 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി, ഗ്രാന്റ് വിത്താരയ്ക്ക് നൽകിയിരിക്കുന്നത്. 27.97 കിലോമീറ്റർ കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റർ എൻജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നൽകുന്നത്. ഈ എൻജിൻ 92 ബി.എച്ച്.പി. പവറും 122 എൻ.എം. ടോർക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ 79 ബി.എച്ച്.പി. പവറും 141 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് ഇതിലുള്ളത്.

മൈൽഡ് ഹൈബ്രിഡ് മോഡലിൽ മാരുതിയുടെ 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 103 ബി.എച്ച്.പി. പവറും 137 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ വാഹനത്തിന്റെ സി.എൻ.ജി. പതിപ്പും വിപണിയിൽ എത്തിയിട്ടുണ്ട്. 1.5 ലിറ്റർ എൻജിൻ കരുത്തേകുന്ന ഈ മോഡൽ 87.83 പി.എസ്. പവറും 121.5 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഇത് എത്തുന്നത്.

Content Highlights: Maruti Grand Vitara surpassed 4 lakh unit sales in India within 46 months., Exported over 62,500 units to international markets., Offers class-leading fuel efficiency of 27.97 kmpl., Available in Mild Hybrid, Strong Hybrid, and CNG powertrain options., Sold exclusively through Maruti's Nexa dealership network.