വരും, പക്ഷെ അൽപ്പം വൈകും; ഫ്രോങ്‌സ് ഹൈബ്രിഡിനായുള്ള കാത്തിരിപ്പ് ഇനിയും നീളും

#Auto Desk

മാരുതി സുസുക്കിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വർഷമാണ് 2026. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-വിത്താര നിരത്തിൽ എത്തുന്നത് ഉൾപ്പെടെ പല പുതിയ മോഡലുകളും 2026-ലാണ് വരവിനൊരുങ്ങിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം തന്നെ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വാഹനമാണ് മാരുതി സുസുക്കിയുടെ ക്രോസ്ഓവർ മോഡലായ ഫ്രോങ്‌സിന്റ ഹൈബ്രിഡ് പതിപ്പ്. 2026-ന്റെ പകുതിയോടെ ഈ വാഹനം എത്തുമെന്നായിരുന്നു സൂചന.

എന്നാൽ, പുതിയ റിപ്പോർട്ട് അനുസരിച്ച് ഫ്രോങ്‌സ് ഹൈബ്രിഡിന്റെ വരവ് അൽപ്പം വൈകിയേക്കുമെന്നാണ് വിവരം. മാരുതിയുടെ വാഹനങ്ങളിൽ നൽകുന്നതിനായി മാരുതി സുസുക്കി സ്വന്തമായി വികസിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനമാണ് ഫ്രോങ്‌സിൽ ഉപയോഗിക്കുന്നത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാലാണ് ഈ വാഹനത്തിന്റെ വരവ് വൈകുന്നതെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.

എച്ച്ഇവി എന്ന കോഡ്‌നെയിമിലാണ് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സംവിധാനം ഒരുങ്ങുന്നത്. മാരുതിയുടെ 1.2 ലിറ്റർ ഇസഡ് 12 മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം ബാറ്ററി പാക്കും, 1.5-2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ചേർന്നായിരിക്കും മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സംവിധാനം ഒരുങ്ങുക. ഇതിലെ പെട്രോൾ എൻജിൻ ഇലക്ട്രിക് ജനറേറ്ററായായിരിക്കും പ്രവർത്തിക്കുക. ഉയർന്ന ഇന്ധനക്ഷമതയും മികച്ച ഡ്രൈവിങ് അനുഭവവുമായിരിക്കും ഈ സംവിധാനത്തിന്റെ മേന്മ.

നിലവിൽ ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി സുസുക്കിയുടെ ഗ്രാന്റ് വിത്താര, ഇൻവിക്ടോ തുടങ്ങിയ വാഹനങ്ങളിൽ നൽകിയിട്ടുള്ളത്. എന്നാൽ, ഇത് ചിലവേറിയ സംവിധാനമാണെന്നും ചെറുവാഹനങ്ങളിൽ നൽകുക പ്രായോഗികമല്ലെന്നുമുള്ള വിലയിരുത്തലിൽ നിന്നാണ് ചെറുവാഹനങ്ങൾക്ക് ഇണങ്ങുന്ന ഹൈബ്രിഡ് സംവിധാനം ഒരുക്കാൻ മാരുതി സുസുക്കി സന്നദ്ധത അറിയിച്ചത്. ഫ്രോങ്സിന് പുറമെ, സ്വിഫ്റ്റ്, ബ്രെസ തുടങ്ങിയ വാഹനങ്ങളിലും ഇത് പ്രതീക്ഷിക്കാം.

ഹൈബ്രിഡ് സംവിധാനം നൽകുന്നതോടെ ഇന്ത്യയിൽ ഏറ്റവുമധികം മൈലേജുള്ള കാർ എന്ന ഖ്യാതി ഫ്രോങ്‌സിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ. 35 കിലോമീറ്റർ മൈലേജാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഫ്രോങ്‌സിന്റെ ഡിസൈനിലും കാര്യമായ അഴിച്ചുപണി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവൽ ടു ആഡാസ് സംവിധാനവും ഇതിൽ ഒരുക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ രണ്ട് പെട്രോൾ എൻജിനുകളിൽ മാത്രമാണ് ഫ്രോങ്‌സ് എത്തുന്നത്. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണിത്. 1.2 ലിറ്റർ നാല് സിലിണ്ടർ എൻജിൻ 89.7 പി.എസ്. പവറും 113 എൻ.എം. ടോർക്കുമാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എ.ജി.എസ് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ. 1.0 ലിറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ 100 പി.എസ്. പവറും 147.6 എൻ.എം. ടോർക്കുമേകും. അഞ്ച് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Content Highlights: Maruti Suzuki`s highly anticipated Fronx hybrid model faces a delay due to technical reasons. Discover what this means for its launch and features.