കോംപാക്ട് എസ്‌യുവികളിൽ കളംപിടിക്കാൻ മാരുതി ബ്രെസ; മുഖംമിനുക്കിയ മോഡലിന്റെ ബുക്കിങ് തുറന്നു

ഇന്ത്യൻ വാഹന വിപണിയിൽ കനത്ത മത്സരം നടക്കുന്ന സെഗ്മെന്റാണ് കോംപാക്ട് എസ്‌യുവി ശ്രേണി. ഈ മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള മോഡലാണ് മാരുതി സുസുക്കി ബ്രെസ. ഇന്ത്യൻ നിരത്തുകളിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ മാരുതിയുടെ ഈ കരുത്തൻ വാഹനം ഒരു മുഖംമിനുക്കലിന് ഒരുങ്ങുകയാണ്. ജൂലായ് 24-ന് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബ്രെസയുടെ മുഖംമിനുക്കിയ പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
2016-ൽ പുറത്തിറങ്ങിയ മാരുതി സുസുക്കി ബ്രെസയുടെ രണ്ടാം തലമുറ മോഡൽ 2022-ലാണ് വിപണിയിൽ അവതരിപ്പിച്ചത്. ഈ രണ്ടാം തലമുറയുടെ മുഖംമിനുക്കലാണ് നിർമാതാക്കൾ നടത്തുന്നത്. എക്സ്റ്റീരിയറിന്റെ ഡിസൈനിൽ വരുത്തുന്ന അഴിച്ചുപണിയും ഇന്റീരിയറിലെ ഫീച്ചറുകളിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുമായിരിക്കും ഈ മുഖംമിനുക്കലിൽ പ്രധാനമായും വരുത്തുന്നത്. ഇതിനൊപ്പം പുതിയൊരു എൻജിൻ ഓപ്ഷൻ കൂടി ബ്രെസയിൽ നൽകിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
11,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് പുതിയ ബ്രെസയുടെ ബുക്കിങ് മാരുതി സുസുക്കി സ്വീകരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിലൂടെയും പുതിയ ബ്രെസ ബുക്ക് ചെയ്യാനുള്ള അവസരം മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ബ്രെസയുടെ വരവ് അറിയിച്ചുള്ള ടീസർ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചെങ്കിലും ഡിസൈൻ, ഫീച്ചർ തുടങ്ങിയവയിൽ സസ്‌പെൻസ് നിലനിർത്താൻ നിർമാതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്.
മാരുതി സുസുക്കിയുടെ മറ്റ് പല മോഡലുകളിലും നൽകിയിട്ടുള്ള 1.0 ലിറ്റർ ബൂസ്റ്റർ ജെറ്റ് ടർബോ പെട്രോൾ എൻജിൻ ബ്രെസയ്ക്ക് കരുത്തേകാൻ എത്തുമെന്നതാണ് പ്രതീക്ഷിക്കുന്നത്. 100 എച്ച്പി പവറും 148 എൻഎം ടോർക്കുമേകുന്ന എൻജിനാണിത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ആയിരിക്കും ഈ എൻജിനൊപ്പം നൽകുക. നിലവിലെ 1.5 ലിറ്റർ പെട്രോൾ, സിഎൻജി പതിപ്പുകളിലും മുഖംമിനുക്കിയ ബ്രെസ എത്തുമെന്നാണ് സൂചനകൾ.
ഡിസൈനിലെ മാറ്റമാണ് ബ്രെസ ആരാധകർ ഉറ്റുനോക്കുന്നത്. മുന്നിലേയും പിന്നിലേയും ബമ്പറുകളും ഹെഡ്‌ലാമ്പും ടെയ്ൽലാമ്പും ഉൾപ്പെടെയുള്ള ലൈറ്റുകളിലും ഈ മാറ്റം വരുത്തിയേക്കും. പുതിയ ഫോർ സ്‌പോക്ക് അലോയി വീലായിരിക്കും ഇതിൽ സ്ഥാനം പിടിക്കുക. താരതമ്യേന വലിപ്പമുള്ള സ്‌ക്രീനുകളും പുതുമയുള്ള കളർ ടോണുമായിരിക്കും അകത്തളത്തിൽ വരുത്തുന്ന പുതുമ. പരീക്ഷണയോട്ടത്തിന്റെ പുറത്തുവന്ന ചിത്രങ്ങളിൽ നിന്നാണ് ഇത്രയും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചത്.
Content Highlights: Facelift model of the second-generation Maruti Brezza, Official bookings open with a token amount of Rs 11,000, Expected inclusion of 1.0L Boosterjet turbo petrol engine, Significant exterior design updates to bumpers, headlights, and alloys, Enhanced interior features and infotainment display