ഇലക്ട്രിക് വാഹനങ്ങളുടെ വല്ല്യേട്ടന്‍, XEV 9s; മഹീന്ദ്രയുടെ ആദ്യ ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി നവംബർ 27ന്

ഇലക്ട്രിക് വാഹനങ്ങളില്‍ മഹീന്ദ്രയുടെ കുതിപ്പും മുന്നേറ്റവും മനസിലാക്കാന്‍ ബിഇ6, എക്‌സ്ഇവി 9ഇ എന്നീ രണ്ട് മോഡലുകള്‍ മാത്രം കണ്ടാല്‍ മതി. ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വികസിപ്പിച്ചിട്ടുള്ള ഈ രണ്ട് മോഡലുകളും ഇന്ന് വാഹന വിപണിയിലെ താരങ്ങളാണ്. ഫൈവ് സീറ്റര്‍ എസ്‌യുവികളില്‍ തുടങ്ങിയ ഈ ജൈത്രയാത്ര ഒരുപടി കൂടി മുന്നേറുകയാണ്. മഹീന്ദ്രയുടെ ആദ്യ ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ വരവിനൊരുങ്ങിയിരിക്കുന്നത്.
എക്‌സ്ഇവി 9എസ് (XEV 9s) എന്ന പേരില്‍ പുറത്തിറങ്ങുന്ന മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് ഏഴ് സീറ്റര്‍ എസ്‌യുവി നവംബര്‍ 27-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മഹീന്ദ്ര തന്നെയാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരത്തുകളില്‍ കരുത്ത് തെളിയിച്ചിട്ടുള്ള ബിഇ6, എക്‌സ്ഇവി 9ഇ മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന മഹീന്ദ്രയുടെ ഇവി പ്ലാറ്റ്‌ഫോമായ ഇന്‍ഗ്ലോ സ്‌കെയിറ്റ് ബോര്‍ഡില്‍ ആയിരിക്കും പുതിയ എസ്‌യുവിയും ഒരുങ്ങുക.
മഹീന്ദ്ര മുമ്പ് പ്രദര്‍ശിപ്പിച്ച എക്‌സ്‌യുവി 700 ഇലക്ട്രിക് പ്രോട്ടോടൈപ്പിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും XEV 9s എന്ന് അഭ്യൂഹങ്ങളുണ്ട്. ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമായിരിക്കും എന്നത് മാത്രമാണ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുള്ള മെക്കാനിക്കല്‍ വിവരം. രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കള്‍ എന്ന ഖ്യാതിയുള്ള മഹീന്ദ്രയില്‍ നിന്ന് നിരത്തിലെത്തുന്ന ആദ്യ മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവി ഇതാണ് മഹീന്ദ്ര പറയുന്നു.
മുമ്പ് മഹീന്ദ്ര പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ് മോഡലിലെ ഡിസൈനിനോട് നീതി പുലര്‍ത്തുന്ന രൂപത്തിലായിരിക്കും പ്രൊഡക്ഷന്‍ പതിപ്പും ഒരുങ്ങിയിരിക്കുകയെന്നാണ് മറ്റൊരു പ്രതീക്ഷ. ഡ്യുവല്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, കണക്ടഡ് എല്‍ഇഡി ഡിആര്‍എല്‍, മുടിക്കെട്ടിയ ഗ്രില്ല് തുടങ്ങിയവ എക്‌സ്ഇവി 9ഇ മോഡലില്‍ നിന്നെടുക്കുമെന്നാണ് കരുതുന്നത്. മഹീന്ദ്ര വാഹനങ്ങളുടെ മുഖമുദ്രയായ ത്രീ സ്‌ക്രീന്‍ സെറ്റ്അപ്പ് ഉള്‍പ്പെടെയുള്ളവ അകത്തളത്തിലും സ്ഥാനംപിടിച്ചേക്കും.
ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഏറ്റവും ഇണങ്ങുന്ന തരത്തിലാണ് മഹീന്ദ്ര ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്‌ളാറ്റ് ഫ്‌ളോര്‍ നല്‍കിയിരിക്കുന്നതിലൂടെ വാഹനത്തിനുള്ളില്‍ ഉയര്‍ന്ന സ്‌പേസ് ഉറപ്പാക്കാന്‍ സാധിക്കുന്നു. സ്‌കേറ്റ് ബോര്‍ഡ് ആര്‍ക്കിടെക്ചര്‍ ഈ വാഹനത്തിന് താഴ്ന്ന സെന്റര്‍ ഓഫ് ഗ്രാവിറ്റി നല്‍കുന്നതിനാല്‍ തന്നെ ഏറ്റവും മികച്ച യാത്ര അനുഭവവും ഇതില്‍ ലഭിക്കും. സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്ന രണ്ടാം നിര സീറ്റുകള്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ അകത്തളത്തിലെ മേന്മയായിരിക്കും.
Content Highlights: Mahindra`s first 7-seater electric SUV, the XEV 9s, launches Nov 27. Built on the Inglo platform, it promises spacious interiors and a great driving experience.