മഹീന്ദ്രയുടെ ഫ്യൂച്ചർ പ്ലാൻ സ്‌ട്രോങ്ങാണ്, ആറ് മാസത്തിനുള്ളിൽ മൂന്ന് മോഡലുകൾ; 2027 മഹീന്ദ്ര തൂക്കും

#Auto Desk
മഹീന്ദ്ര സ്‌കോര്‍പിയോ ലൈഫ് സ്റ്റൈലര്‍ | Photo: Mahindra
മഹീന്ദ്ര സ്‌കോര്‍പിയോ ലൈഫ് സ്റ്റൈലര്‍ | Photo: Mahindra

2027-ൽ ഇന്ത്യയിലെ വാഹന വിപണിയിൽ കളംനിറഞ്ഞ് കളിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര. ഇതിനുള്ള വജ്രായുധങ്ങൾ അണിയറയിൽ ഒരുങ്ങുന്നതും രഹസ്യമല്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് 2027 ജൂൺ മാസത്തിന് മുമ്പായി മൂന്ന് പുതിയ മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. ഇലക്ട്രിക്, ഐ.സി.ഇ. പവർട്രെയിനുകളിലുള്ള വാഹനങ്ങൾ വരവിനൊരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2027-ൽ നിരത്തുകളിൽ എത്താനൊരുങ്ങുന്ന മഹീന്ദ്ര വാഹനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മോഡൽ സ്‌കോർപിയോ എൻ മോഡലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ലൈഫ് സ്റ്റൈൽ എസ്‌യുവി മോഡലാണ് സ്‌കോർപിയോ ലൈഫ് സ്റ്റൈലറായിരിക്കും. 2023-ലാണ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ആദ്യമായി പുറത്തിറക്കിയത്. 2026 ഓഗസ്റ്റിൽ പ്രൊഡക്ഷൻ പതിപ്പും പ്രദർശിപ്പിച്ചിരുന്നു. ഈ വാഹനം 2027-ൽ നിരത്തുകളിൽ എത്തിത്തുടങ്ങുമെന്നാണ് വിവരം.

ബോഡി ഓൺ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന മോഡലാണ് സ്‌കോർപിയോ ലൈഫ് സ്റ്റൈലർ. സ്‌പോർപിയോ എൻ എസ്‌യുവിലെ 175 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിനിലും 203 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡയറക്ട് ഇഞ്ചെക്ഷൻ ടർബോ പെട്രോൾ എൻജിനിലും ഈ വാഹനം പുറത്തിറങ്ങും. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനിലെത്തുന്ന ഈ വാഹനത്തിന് 20 ലക്ഷം രൂപയിലായിരിക്കും വില ആരംഭിക്കുക.

2027-ൽ വരവിനൊരുങ്ങിയിരിക്കുന്ന മറ്റൊരു വാഹനം ബി.ഇ.07 എന്ന ഇലക്ട്രിക് എസ്‌യുവിയാണ്. ബി.ഇ. ബ്രാന്റിലെ രണ്ടാമത്തെ മോഡലായി എത്തുന്ന ഈ വാഹനം ബി.ഇ.6-ന് മുകളിലായിരിക്കും നിലയുറപ്പിക്കുക. ഫൈവ് സീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് തന്നെയാണ് ഈ ഇലക്ട്രിക് എസ്‌യുവിയും എത്തുക. വരവിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം തുടരുന്ന ഈ വാഹനത്തിൽ ബി.ഇ.6-ൽ നിന്നുള്ള ഫീച്ചറുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി.ഇ.6, എക്‌സ്.ഇ.വി.9ഇ തുടങ്ങിയ മോഡലുകൾക്ക് അടിസ്ഥാനമൊരുക്കുന്ന ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ബി.ഇ.07 ഒരുക്കിയിരിക്കുന്നത്. ബി.ഇ.6 മോഡലിൽ നൽകിയിട്ടുള്ള മെക്കാനിക്കൽ സംവിധാനങ്ങൾ ഈ വാഹനത്തിനായും പങ്കിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 59 കിലോവാട്ട്, 79 കിലോവാട്ട് ബാറ്ററി പാക്കുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തിയിരിക്കുന്നത്. ഹാരിയർ ഇ.വി, ബി.വൈ.ഡി. ആറ്റോ 3 തുടങ്ങിയ മോഡലുകളായിരിക്കും ബി.ഇ.07-ന്റെ എതിരാളികൾ.

വിഷൻ എസ് എന്ന പേരിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും 2027-ൽ മഹീന്ദ്ര എത്തിക്കുന്ന മറ്റൊരു മോഡൽ. മഹീന്ദ്രയുടെ പുതിയ എൻ.യു-ഐ.ക്യു. പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ വാഹനമായിരിക്കും ഇത്. സബ് ഫോർ മീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ഈ വാഹനത്തിൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എന്നീ പവർട്രെയിനുകൾ നൽകിയേക്കുമെന്നാണ് വിലയിരുത്തലുകൾ.

വിഷൻ എസ് മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പരീക്ഷണയോട്ടത്തിന് ഇറങ്ങിയ മോഡലിന്റെ ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. മുന്നിലും പിന്നിലും ഷോർട്ട് ഓവർ ഹാങ്ങുകളുള്ള മോഡലാണിത്. ഫ്‌ളെഷ് ഡോർ ഹാൻഡിൽ, പനോരമിക് സൺറൂഫ്, ടെയ്ൽ ഗേറ്റിൽ നൽകിയിട്ടുള്ള സ്‌പെയർ വീൽ തുടങ്ങിയവയെല്ലാം ഡിസൈൻ സവിശേഷതകളാണ്. ഇന്റീരിയർ മഹീന്ദ്രയുടെ എക്‌സ്.യു.വി.7 എക്‌സ്.ഒയോട് ചേർന്ന് നിൽക്കുന്നതാണ്.

Content Highlights: Mahindra plans to launch three new SUVs by June 2027., Upcoming models include the Scorpio Lifestyle SUV, BE.07 electric SUV, and a Vision S-based sub-4-meter SUV., Vehicles will feature petrol, diesel, hybrid, and electric powertrains.