ഥാർ റോക്സിൽ ഡോൾബി അറ്റ്മോസ് , ഓഡിയോ സിസ്റ്റം ഇനി വേറെ ലെവൽ

ഥാർ റോക്സ് എസ്യുവിയിലെ ഓഡിയോ സിസ്റ്റം അപ്ഡേറ്റ് ചെയ്ത് മഹീന്ദ്ര. ഏറ്റവും ഉയർന്ന വേരിയന്റായ AX7L ട്രിം ലെവലിൽ ഡോൾബി അറ്റ്മോസാണ് ബ്രാൻഡ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള 4-ചാനൽ ഓഡിയോ സിസ്റ്റമാണ് സജ്ജമാക്കിയത്.
സിനിമയിലേതിനു സമാനമായി 3D ശബ്ദ അനുഭവം ഇതോടെ വാഹനത്തിനുള്ളിൽ സാധ്യമാകും. മുൻപുണ്ടായിരുന്ന 9-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റത്തോടൊപ്പം ഡോൾബി അറ്റ്മോസുകൂടി വരുന്നതോടെ ഓഡിയോ സിസ്റ്റം വേറെ ലെവലാകുന്നുമെന്ന് ഉറപ്പ്.
ഈ ഫീച്ചർ ബ്രാൻഡിന്റെ ഇലക്ട്രിക് വാഹനങ്ങളായ BE 6, XEV 9e എന്നിവയിലും XUV700-ലും മുൻപേ കണ്ടിട്ടുണ്ട്. അതേസമയം AX7L ട്രിമിനൊപ്പം വരുന്ന മറ്റ് ഫീച്ചറുകൾക്ക് മാറ്റമില്ല. താർ റോക്സ് ശ്രേണിയുടെ വില നിലവിൽ 12.99 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) മുതൽ 23.39 ലക്ഷം രൂപ (AX7L വേരിയന്റ്) വരെയാണ്.
പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർ ഡ്രൈവർ സീറ്റ് എന്നിവ മഹീന്ദ്ര ഥാർ റോക്സിന് ലഭിക്കുന്നു. ഉയർന്ന സ്പെക്ക് വേരിയന്റുകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (അഡാസ്), 360-ഡിഗ്രി ക്യാമറകൾ തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുന്നു.
2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. ഫോർ-വീൽ ഡ്രൈവ് ഡീസൽ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.
Content Highlights: Mahindra Thar Roxx Now Gets Dolby Atmos