വാഹനം വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ കൂടുതൽ കാശ് കരുതിക്കോ, എസ്‌യുവികളുടെ വില ഉയർത്തി മഹീന്ദ്ര

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി തുടങ്ങിയ വാഹന നിർമാതാക്കൾക്ക് പിന്നാലെ ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയും വാഹനങ്ങളുടെ വില വർധിപ്പിച്ചു. മഹീന്ദ്രയുടെ വാഹന നിരയിലെ ഭൂരിഭാഗം എസ്‌യുവികളുടെയും വിലയിൽ 2.7 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഈ വർഷം മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്. ഏപ്രിൽ മാസത്തിൽ 2.5 ശതമാനം വില വർധനവ് വരുത്തിയിരുന്നു.
മഹീന്ദ്രയുടെ വാഹന ശ്രേണിയിലെ ഒട്ടുമിക്ക വാഹനങ്ങളും വില വർധനവിന്റെ പരിധിയിൽ വരുന്നുണ്ടെങ്കിലും, സ്‌കോർപിയോ എൻ മോഡലിന്റെ വില വർധിപ്പിച്ചിട്ടില്ല. ഐസ് വാഹനങ്ങളുടെ വില വിവിധ വേരിയന്റുകൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. മഹീന്ദ്രയുടെ എസ്‌യുവി വാഹനമായ ബൊലേറോയുടെ അടിസ്ഥാന വേരിയന്റിന്റെ വിലയിലാണ് വലിയ മാറ്റമുണ്ടായിരിക്കുന്നത്. 49,000 രൂപയാണ് ബൊലേറോയിക്ക് വില ഉയർന്നിരിക്കുന്നത്.
മഹീന്ദ്ര ഥാർ, ഥാർ റോക്‌സ്, എക്‌സ്‌യുവി 3 എക്‌സ്.ഒ, ബൊലേറോ നിയോ, സ്‌കോർപിയോ ക്ലാസിക്, എക്‌സ്‌യുവി 7എക്‌സ്.ഒ എന്നീ ഐസ് പതിപ്പുകളുടെ മോഡലുകളുടെ വിലയിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഏറ്റവും ഉയർന്നിരിക്കുന്നത് എക്‌സ്ഇവി 9എസ് മോഡലിന്റെ വിലയാണ്. 70,000 രൂപയുടെ വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, എക്‌സ്‌യുവി 3എക്‌സ്.ഒ ഇലക്ട്രിക്, ബിഇ6, എക്‌സ്ഇവി 9ഇ എന്നീ മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ വാഹന നിർമാണ ചിലവ് ക്രമാതീതമായ വർധിച്ചതിനാലാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നാണ് നിർമാതാക്കൾ നൽകുന്ന വിശദീകരണം.
Content Highlights: Mahindra implements a 2.7% price hike on most SUV models in 2026., This marks the second price increase for the brand this year., Scorpio-N price remains unchanged., Bolero sees a significant increase of up to ₹49,000., XUV 9S electric model price increased by ₹70,000., Rising raw material costs cited as the primary reason for the hike.