മഹീന്ദ്രയുടെ ഇലക്ട്രിക് പ്ലാനില്‍ ബൊലേറോയും സ്‌കോര്‍പിയോയും; ഇലക്ട്രിക് പവറിലേക്ക് ഈ കരുത്തരും

മഹീന്ദ്രയുടെ വാഹന നിരയിലെ ഏറ്റവും പോപ്പുലര്‍ മോഡലുകളാണ് സ്‌കോര്‍പിയോയും ബൊലേറോയും. ഐസ് എന്‍ജിനില്‍ തിളങ്ങുന്ന ഈ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പ് മഹീന്ദ്ര വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര ബൊലേറോ.ഇ, സ്‌കോര്‍പിയോ.ഇ എന്നീ പേരുകളിലായിരിക്കും ഇവ എത്തുകയെന്നാണ് സൂചന. ജനപ്രിയ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പ് എത്തിക്കുകയെന്ന മഹീന്ദ്രയുടെ പദ്ധതിയുടെ ഭാഗമായായിരിക്കും ഈ മോഡലുകളും ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നത്.
2030-നുള്ളില്‍ മഹീന്ദ്രയില്‍ നിന്ന് ഏഴ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഈ ഏഴെണ്ണത്തില്‍ രണ്ടെണ്ണം സ്‌കോര്‍പിയോയും ബൊലേറോയുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റേണല്‍ കംപസ്റ്റില്‍ എന്‍ജിന്‍ മോഡലുകള്‍ ക്രമേണ ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നാണ് മഹീന്ദ്രയുടെ ഓട്ടോ ആന്‍ഡ് ഫാം സെക്ടര്‍ മേധാവി രാജേഷ് ജെജൂരികര്‍ മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
അടുത്തിടെ നടന്ന മഹീന്ദ്രയുടെ നിക്ഷേപ സംഗമത്തിലും ഈ വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തില്‍ എത്തിക്കുന്നത് നിര്‍മാതാക്കള്‍ ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ഒരുക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ പോലെ പേരിന് ശേഷം ഇ നല്‍കിയായിരിക്കും സ്‌കോര്‍പിയോയുടെയും ബൊലേറോയുടെയും ഇലക്ട്രിക് പതിപ്പുകളും ഒരുങ്ങുന്നത്. ഇവയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലാഡര്‍ ഫ്രെയിം ഷാസിയില്‍ ഒരുങ്ങിയ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ സാങ്കേതിക ചോദ്യമാകും.
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ ഇലക്ട്രിക് പതിപ്പ് കഴിഞ്ഞ ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഥാര്‍.ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം മഹീന്ദ്രയുടെ ഇന്‍ഗ്ലോ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. 2775 എം.എം. മുതല്‍ 2975 എം.എം. വരെ വീല്‍ബേസുള്ള പ്ലാറ്റ്‌ഫോമാണിത്. അതുകൊണ്ടുതന്നെ ഇത് സ്‌കോര്‍പിയോ, ബൊലേറോ മോഡലുകളുടെ ഇലക്ട്രിക് വകഭേദത്തിന് ഇണങ്ങുന്നതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോര്‍ എന്നിവ പങ്കിട്ടായിരിക്കും ഈ രണ്ട് ഇലക്ട്രിക് മോഡലുകളും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഥാര്‍.ഇ കണ്‍സെപ്റ്റ് മോഡലില്‍ മുന്നില്‍ 109 ബി.എച്ച്.പി. പവറും 135 എന്‍.എം. ടോര്‍ക്കും നല്‍കുന്ന മോട്ടോറും പിന്നില്‍ 286 എച്ച്.പിയും 535 എന്‍.എം. ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കിയത്. 325 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 60 കിലോവാട്ട് മുതല്‍ 80 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്കുകള്‍ ഈ പ്ലാറ്റ്‌ഫോം ഉള്‍ക്കൊള്ളും.
Content Highlights: Mahindra planning to launch electric version of scorpio and bolero