ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകാന്‍ 1850 സ്‌കോര്‍പിയോ നല്‍കാന്‍ മഹീന്ദ്ര

ജിപ്‌സി, സഫാരി തുടങ്ങിയ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കിയിട്ടുള്ള വാഹനങ്ങളില്‍ പലതും ഇന്ത്യയുടെ സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ പേരും എഴുതിച്ചേർക്കുകയാണ്. മഹീന്ദ്രയുടെ കരുത്തന്‍ എസ്.യു.വിയായ സ്‌കോര്‍പിയോ ആണ് സൈന്യത്തിന്റെ ഭാഗമാകുന്നത്. മഹീന്ദ്ര തന്നെയാണ് പ്രത്യേകം ഒരുക്കിയ സ്‌കോര്‍പിയോയുടെ ചിത്രം ഉള്‍പ്പെടെ ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒന്നും രണ്ടമല്ല 1850 സ്‌കോര്‍പിയോ ക്ലാസിക്കാണ് പുതുതായി സൈന്യത്തിന്റെ ഭാഗമാകുന്നതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം 1470 യൂണിറ്റ് മഹീന്ദ്ര സൈന്യത്തിന് കൈമാറിയിരുന്നു. ഇതിനുപുറമെയാണ് 1850 യൂണിറ്റ് കൂടി ബുക്കുചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്കായി ഐതിഹാസികമായ വാഹനത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ള ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ എസ്.യു.വി. നിരയില്‍ പ്രധാന മോഡലാണ് സ്‌കോര്‍പിയോ. ഈ വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പായി സ്‌കോര്‍പിയോ എന്‍ എത്തിയതോടെ പരമ്പരാഗത മോഡല്‍ സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരിലേക്ക് മാറുകയായിരുന്നു. പുറംമോടിയിലും ഫീച്ചറുകളിലും അല്‍പ്പം മാറ്റം വരുത്തി കഴിഞ്ഞ വര്‍ഷമാണ് സ്‌കോര്‍പിയോ ക്ലാസിക് എത്തിയിരിക്കുന്നത്. അതേസമയം, സൈന്യത്തിനായി ഒരുങ്ങുന്ന വാഹനത്തില്‍ സാധാരണ മോഡലില്‍ നിന്ന് ഏതാനും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
പ്രധാനമായും ഈ വാഹനത്തിന്റെ നിറമാണ്. മിലിട്ടറി ഗ്രീന്‍ നിറത്തിലാണ് ഈ വാഹനങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നത്. ഗ്രില്ല്, ലോഗോ തുടങ്ങിയവ മുന്‍ മോഡലിന് സമാനമാണ്. മഹീന്ദ്രയുടെ പഴയ ലോഗോയാണ് സൈന്യത്തിനായി ഒരുങ്ങിയിട്ടുള്ള വാഹനത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം പല പ്രതലങ്ങളിലൂടെയുള്ള യാത്ര ഉറപ്പാക്കുന്നതിനായി ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്താതെയാണ് സൈന്യത്തിന്റെ സ്‌കോര്‍പിയോ ഒരുങ്ങിയിരിക്കുന്നത്. 130 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമേകുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് സൈന്യത്തിനായി ഒരുങ്ങിയിട്ടുള്ള വാഹനത്തിനും കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നതും. സഫാരി സ്റ്റോം, ടാറ്റ സെനോണ്‍, ഫോഴ്‌സ് ഗുര്‍ഖ, മാരുതി സുസുക്കി ജിപ്‌സി തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പമാണ് സ്‌കോര്‍പിയോയും സൈന്യത്തിന്റെ ഭാഗമാകുന്നത്.
Content Highlights: Mahindra gets 1850 booking for Scorpio classic from Indian Army, Indian Army, Scorpio Classic