നിര്‍മാണത്തില്‍ രണ്ടുലക്ഷം കടന്ന് XUV700; 'പുത്തന്‍ നിറങ്ങള്‍' നല്‍കി ആഘോഷിക്കാന്‍ മഹീന്ദ്ര

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര എല്ലാ ഹൈടെക് സംവിധാനങ്ങളോടും വിപണിയില്‍ എത്തിച്ച വാഹനമാണ് എക്‌സ്.യു.വി.700 എന്ന എസ്.യു.വി. ഒരുപരിധി വരെ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. എന്ന വിശേഷിപ്പിക്കാവുന്ന ഈ വാഹനത്തെ ഇന്ത്യയിലെ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബുക്കിങ്ങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ഡിമാന്റിന് ഒട്ടും ഇടിവ് വന്നിട്ടില്ലാത്ത ഈ വാഹനം ഇപ്പോള്‍ നേട്ടത്തിന്റെ പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
നിര്‍മാണത്തില്‍ രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുന്നവെന്നതാണ് മഹീന്ദ്രയുടെ പുതിയ സന്തോഷം. നിരത്തുകളില്‍ എത്തി മൂന്ന് വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് രണ്ട് ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഫുള്‍ സൈസ് എസ്.യു.വി. ശ്രേണയില്‍ ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് ഉയര്‍ന്ന വില്‍പ്പന നേടുന്നത് വിരളമാണെന്നതാണ് മുന്‍കാല വില്‍പ്പന റെക്കോഡുകള്‍ നല്‍കുന്ന സൂചന.
2021 ഓഗസ്റ്റ് മാസത്തിലാണ് മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായി എക്സ്.യു.വി 700 എത്തിയത്. അവതരിപ്പിച്ച് 33 മാസം പിന്നിടുന്നതോടെയാണ് ഈ വാഹനം രണ്ട് ലക്ഷം വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വാഹനം പുറത്തിറങ്ങി 21 മാസം കൊണ്ടാണ് ആദ്യ ഒരുലക്ഷം യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പിന്നീടുള്ള 12 മാസത്തില്‍ അടുത്ത ഒരുലക്ഷം കൂടി ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. പുതിയ നേട്ടത്തിന്റെ ഭാഗമായി ഡീപ്പ് ഫോറസ്റ്റ്, ബേണ്‍ഡ് സിയേന എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഈ വാഹന നിരയിലേക്ക് എത്തുന്നുണ്ട്.
അഞ്ച്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എ.എക്സ്, എം.എക്സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. എം.എക്സ്. ശ്രേണിയില്‍ നാല് വേരിയന്റുകളാണ് എത്തുന്നത്. ഇതിന് 14.01 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം, എ.എക്സ് ശ്രേണിയില്‍ വിവിധ സീറ്റിങ്ങിലും ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുമായി 25 വേരിയന്റുകളാണുള്ളത്. ഇതിന് 16.49 ലക്ഷം രൂപ മുതല്‍ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
അഡ്വാന്‍സ്ഡ് ഫീച്ചറുകളുടെ അകമ്പടിയോടെ എത്തിയിരിക്കുന്ന വാഹനവുമാണ് ഇത്. അലക്‌സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്‌സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിയില്‍ ഒരുക്കിയിട്ടുള്ള ഡാഷ്‌ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.
മഹീന്ദ്രയുടെ W 601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Mahindra achieve two lakhs production milestone in 33 months