പതിവ് തെറ്റിയില്ല, വീണ്ടും ഫൈവ് സ്റ്റാർ തിളക്കത്തിൽ മഹീന്ദ്ര, ഇത്തവണ നേട്ടമെത്തിയത് 7XO-യിലൂടെ

#Auto Desk
Photo: Bharat NCAP
Photo: Bharat NCAP

ന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയിലെ മറ്റൊരു മോഡൽ കൂടി സുരക്ഷയിൽ കേമനാണെന്ന് തെളിയിച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായ 7XO ആണ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്. 7XO-യുടെ ഒട്ടുമിക്ക വേരിയന്റുകളും ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മുതിർന്നവർക്കും കുട്ടികൾക്കും ഏറ്റവും ഉയർന്ന സുരക്ഷയാണ് ഈ വാഹനത്തിൽ ഉറപ്പാക്കിയിരിക്കുന്നതെന്നാണ് ക്രാഷ് ടെസ്റ്റ് ഫലങ്ങൾ നൽകുന്ന സൂചന. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 30.76 പോയിന്റാണ് ഈ വാഹനം നേടിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.97 പോയിന്റും നേടിയാണ് ഈ വാഹനം ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിരിക്കുന്നത്.

വാഹനത്തിന്റെ മുന്നിൽ നിന്നുള്ള ആഘാതങ്ങളെ ചെറുക്കുന്നതിൽ ഈ എസ്‌യുവി 16-ൽ 14.76 പോയിന്റാണ് നേടിയിരിക്കുന്നത്. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-16 പോയിന്റും ലഭിച്ചിട്ടുണ്ട്. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ ഓക്കെ റേറ്റിങ്ങോടെയാണ് ഈ വാഹനം ഇടി പരീക്ഷയെ അതിജീവിച്ചിരിക്കുന്നത്. മുന്നിലെ ഡ്യുവൽ എയർ ബാഗുകളും വശങ്ങളിലെ കർട്ടൺ എയർബാഗും സുരക്ഷയ്ക്ക് മുതൽകൂട്ടാവുന്നുണ്ട്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഫൈവ് സ്റ്റാർ റേറ്റിങ് ലഭിക്കുന്നതിന് 41 പോയിന്റാണ് വേണ്ടത്. എന്നാൽ, ഈ വാഹനത്തിന് 44.97 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. ഡൈനാമിക് ക്രാഷ് ടെസ്റ്റ് കോംപോണെന്റ് 24-ൽ 23.97 പോയിന്റും ചൈൽഡ് റെയിന്റ് സിസ്റ്റം ഇൻസ്റ്റാളേഷൻ പോയിന്റ് 12-12-ഉം വെഹിക്കിൾ അസെസ്‌മെന്റ് പോയിന്റ് 13-ൽ 9-ഉം എന്നിവ ചേർന്നാണ് കുട്ടികളുടെ സുരക്ഷയിൽ ഉയർന്ന സ്‌കോർ നേടി നൽകിയത്.

സുരക്ഷയ്ക്ക് ഉയർന്ന പ്രധാന്യം നൽകി എത്തിയ വാഹനമായിരുന്നു 7XO. 540 ഡിഗ്രി ക്യാമറയാണ് ഇതിൽ പ്രധാനം. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഓട്ടോ ഹോൾഡ് എന്നിവയ്ക്കൊപ്പം അടിസ്ഥാന സുരക്ഷ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. അഡ്വാൻസ്ഡ് സുരക്ഷ നൽകുന്നതിനായി ലെവൽ ടു അഡാസ് സംവിധാനവും ഇതിലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, തുടങ്ങിയവ അഡാസിൽ നൽകുന്നുണ്ട്.

എക്സ്യുവി 700-ൽ നിന്നുള്ള മെക്കാനിക്കൽ സംവിധാനങ്ങളാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. 200 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 185 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നിവയാണിത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഉയർന്ന വേരിയന്റുകളിലെ ഡീസൽ എൻജിനുകൾക്കൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും നൽകുന്നുണ്ട്.

Content Highlights: Mahindra 7XO achieved a 5-star safety rating in the Bharat NCAP crash test., Scored 30.76 out of 32 for adult occupant safety., Scored 44.97 out of 49 for child occupant safety., Equipped with Level 2 ADAS, 360-degree camera, and multiple airbags., Available in 2.0L petrol and 2.2L diesel engine options.