മഹാരാജയുടെ മിന്നുന്ന വിജയം; 100-ാം ദിനത്തില്‍ സംവിധായകന് BMW സമ്മാനിച്ച് നിര്‍മാതാക്കള്‍

വിജയ് സേതുപതി സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന് ബി.എം.ഡബ്ല്യു 5 സീരീസ് കൈമാറുന്നു | Photo: BMW KUN Exclusive Chennai
വിജയ് സേതുപതി സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന് ബി.എം.ഡബ്ല്യു 5 സീരീസ് കൈമാറുന്നു | Photo: BMW KUN Exclusive Chennai

വിജയ് സേതുപതി നായകനായി എത്തിയ മഹാരാജ എന്ന സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ജൂണ്‍ 14-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ 100-ാം ദിനാഘോഷങ്ങള്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി മഹാരാജയുടെ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന് ബി.എം.ഡബ്ല്യു 5 സീരീസ് വാഹനമാണ് നിര്‍മാതാക്കള്‍ സമ്മാനിച്ചത്. ഈ ആഡംബര സെഡാന്റെ ലോങ് വീല്‍ ബേസ് പതിപ്പാണ് സമ്മാനിച്ചിരിക്കുന്നത്. 

മഹാരാജയിലെ നായകനായ വിജയ് സേതുപതി, നിര്‍മാതാക്കളായ സുദന്‍ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്ന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ നിതിലനാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ മികച്ച സമ്മാനത്തിന് നന്ദി. ഇത് സാധ്യമാക്കുന്നത് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന കുറിപ്പോടെയാണ് സംവിധായകന്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിതിലന്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മഹാരാജ. 

ജൂണ്‍ 14-ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ പിന്നീട് നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി മാറാനും മഹാരാജയ്ക്ക് സാധിച്ചിരുന്നു.  ബി.എം.ഡബ്ല്യു. അടുത്തിടെയാണ് ഫൈവ് സീരീസ് സെഡാന്റെ ലോങ് വീല്‍ ബേസ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തിയിട്ടുള്ള ഈ വാഹനത്തിന് 72.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ബി.എം.ഡബ്ല്യുവിന്റെ 2.5 ബോക്സ് ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ചെരിവുള്ള എ-പില്ലര്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും ചേര്‍ന്നതാണ് വാഹനത്തിന്റെ ആകെ രൂപം. തിളക്കമുള്ള ബി.എം.ഡബ്ല്യു. സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല്, ബ്രോണ്‍സ് ഫിനീഷിങ്ങിലുള്ള ഇന്‍സേര്‍ട്ടുകള്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, നീളം കൂടിയ ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷത. ബ്രോണ്‍സ് നിറത്തിലുള്ള വിന്‍ഡോ ബോര്‍ഡറുകളും സി പില്ലറില്‍ 5 ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. 

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 258 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 15.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

Content Highlights: Maharaja movie producers gifts BMW 5 Series LWB to director Nithilan Swaminathan