ആദ്യ നായകവേഷം സൂപ്പർഹിറ്റ്; ലോകേഷ് കനകരാജ് ഉൾപ്പെടെ മൂന്നുപേർക്ക് BMW സമ്മാനിച്ച് DC നിർമാതാവ്

തമിഴ് സിനിമ സംവിധായകനായ ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' വെള്ളിത്തരയിൽ വൻ വിജയമായിരുന്നു. 100 കോടി രൂപ കളക്ഷൻ നേടിയ ഈ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചത്. ഇതിനുപിന്നാലെ ഈ സിനിമയുടെ നട്ടെല്ലായ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ എന്നിവരെ ആദരിച്ചിരിക്കുകയാണ് നിർമാതാവായ കാലാനിധി മാരൻ.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്‌യുവി പതിപ്പായ iX1 വാഹനങ്ങളാണ് ലോകേഷ് കനകരാജിനും, അനിരുദ്ധിനും അരുൺ മാതേശ്വരനും സമ്മാനിച്ചിരിക്കുന്നത്. ഡിസിയുടെ നിർമാതാക്കളായ സൺ ചിക്‌ചേഴ്‌സിന്റെ മേധാവി കലാനിധി മാരനാണ് സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് ആഡംബര വാഹനം സമ്മാനിച്ചിരിക്കുന്നത്.
ഡിസി സിനിമയുടെ വിജയം ആഘോഷിക്കുന്നതിനായി നായകനും സംവിധായകനും സംഗീതസംവിധായകനും നൽകിയ സമ്മാനിത്തിന്റെ വിവരങ്ങൾ സൺ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പങ്കുവെച്ചത്. ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ പശ്ചാത്തലത്തിൽ, അരുൺ മാതേശ്വരൻ, ലോകേഷ് കനകരാജ്, അനിരുദ്ധ് എന്നിവർക്ക് കലാനിധി മാരൻ പുത്തൻ ബി.എം.ഡബ്ല്യു. കാറുകൾ സമ്മാനിക്കുന്ന എന്ന കുറിപ്പോടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ബി.എം.ഡബ്ല്യുവിന്റെ വാഹന നിരയിലെ നാലാമത്തെ ഇലക്ട്രിക് മോഡലായിരുന്നു ഐ.എക്സ്1. എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റിൽ മാത്രമെത്തുന്ന ഈ വാഹനത്തിന് 52.40 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഒറ്റത്തവണ ചാർജിലൂടെ 440 കിലോ മീറ്റർ സഞ്ചരിക്കാനുള്ള ശേഷിയാണ് iX1-നുള്ളത്. 66.5 കിലോ വാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഐ.എക്സ്1-ൽ നൽകിയിട്ടുള്ളത്. ഈ വാഹനത്തിൽ നൽകിയിട്ടുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ 313 ബി.എച്ച്.പി. പവറും 494 എൻ.എം. ടോർക്കുമേകും. കേവലം 5.6 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗവും കൈവരിക്കും. 180 കിലോ മീറ്ററാണ് പരമാവധി വേഗത.
അതിവേഗത്തിലുള്ള ചാർജിങ്ങ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. 130 കിലോ വാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 29 മിനിറ്റിൽ 80 ശതമാനം ബാറ്ററി നിറയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേസമയം, 11 കിലോ വാട്ട് എ.സി. ചാർജറിന്റെ സഹായത്തോടെ കേവലം 6.3 മണിക്കൂറിലും ബാറ്ററി നിറയും. 4500 എം.എം. നീളത്തിലും 1845 എം.എം. വീതിയിലും 1642 എം.എം. ഉയരത്തിലുമാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
തിയേറ്ററുകളിൽ വൻ ഹിറ്റായ ചിത്രമാണ് ഡിസി. സെപ്റ്റംബർ നാലാം തിയതി മുതൽ സൺ എൻഎക്സ്ടി പ്രദർശനം ആരംഭിച്ച ഈ ചിത്രത്തിൽ ലോകേഷ് കനകരാജ്, വാമിഖ ഗബ്ബി, സഞ്ജന എ.കെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ശരത് ചന്ദ്ര ചത്തോപാധ്യായ്യുടെ പ്രശസ്തമായ 'ദേവദാസ്' എന്ന നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ആവിഷ്‌കാരമാണ് ചിത്രം.
Content Highlights: DC movie crossed 100 crore box office collection and released on Sun NXT OTT., Producer Kalanithi Maran gifted BMW iX1 electric SUVs to Lokesh Kanagaraj, Anirudh, and Arun Matheswaran., BMW iX1 electric SUV features a range of 440 km and is priced at Rs 52.40 lakh in India., The film is a modern adaptation of Sarat Chandra Chattopadhyay's 'Devdas'.