ആഡംബര കാറുകളിൽ താരം ലിമിറ്റഡ് എഡിഷനുകൾ; മുന്നിൽ ഈ ബ്രാൻഡ്, തൊട്ടുപിന്നിൽ BMW, JLR

കൊച്ചി: രാജ്യത്തെ ആഡംബര കാർ വിപണിയിൽ താരമായി ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾ. മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) എന്നീ കമ്പനികളുടെ ലിമിറ്റഡ് എഡിഷനുകളും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന പ്രത്യേക പതിപ്പുകളും ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്.2024-25 സാമ്പത്തിക വർഷം 50 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ആഡംബര കാറുകളുടെ 51,500 യൂണിറ്റുകളാണ് വിറ്റുപോയത്. ഇതിൽ ലിമിറ്റഡ് എഡിഷൻ മോഡലുകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റുപോയതായാണ് കമ്പനികൾ അറിയിക്കുന്നത്.
വാഹനപ്രേമം കൊണ്ടുമാത്രമല്ല രാജ്യത്തെ അതിസമ്പന്നർ ലിമിറ്റഡ് എഡിഷൻ, കസ്റ്റമസൈബിൾ മോഡലുകൾക്കായി പണം മുടക്കുന്നത്. ആഡംബരത്തിന്റെയും പദവിയുടെയും വേറിട്ടുനിൽക്കുന്ന പ്രതീകമായാണ് ഇത്തരം വാഹനങ്ങളെ കണക്കാക്കുന്നത്. വ്യത്യസ്തമായ പെയിന്റ് ഷേഡുകൾ, തുന്നൽപ്പണികളുള്ള ഇന്റീരിയർ എന്നിവ അടങ്ങുന്ന നിലവിലുള്ള വാഹനങ്ങളുടെ പ്രത്യേക പതിപ്പുകൾക്കും ഹൈപ്പർ കസ്റ്റമൈസ്ഡ് പതിപ്പുകൾക്കും ആവശ്യക്കാർ ഏറെയാണ്.
മുന്നിൽ ബെൻസ്
ഇന്ത്യയിലെ ആഡംബര കാർ വിപണിയിൽ 45 ശതമാനത്തിലധികം വിഹിതവുമായി മെഴ്‌സിഡസ് ബെൻസാണ് മുൻപിൽ. ബിഎംഡബ്ല്യു, ജെഎൽആർ എന്നീ കമ്പനികളാണ് തൊട്ടുപുറകിൽ. മെഴ്‌സിഡഡ് ബെൻസിന്റെ നാലുകോടി വിലയുള്ള എഎംജി 63 ഗ്രാൻഡ് എഡിഷന്റെ 25 യൂണിറ്റുകളും ലോഞ്ച് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു.
ഈ വർഷം മാർച്ച് 17-ന് ലോഞ്ച് ചെയ്ത് മേബാക് എസ്എൽ 680 മോണോഗ്രാം സീരിസിലെ എല്ലാ കാറുകളും അന്നുതന്നെ ബുക്കിങ് പൂർത്തിയാക്കി. 4.2 കോടി രൂപയായിരുന്നു വാഹനത്തിന്റെ വില. മാർച്ചിൽ ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജെഎൽആർ, 2.59 കോടി രൂപ വിലയുള്ള ഡിഫൻഡറിന്റെ പ്രത്യേക പതിപ്പായ ഒക്ട പുറത്തിറക്കിയിരുന്നു. അടിസ്ഥാന പതിപ്പിനേക്കാൾ 50 ശതമാനത്തിലധികം ഉയർന്ന വിലയുള്ള ഡിഫൻഡർ ഒക്ട സീരിസിലെ മുഴുവൻ വാഹനങ്ങളും വിറ്റുപോയി.
എന്നാൽ, കഴിഞ്ഞ മൂന്നു വർഷങ്ങളെ അപേക്ഷിച്ച് വിൽപ്പനയിൽ 3.3 ശതമാനം വർധന മാത്രമാണ് ആഡംബര കാർ വിപണിയിലുണ്ടായത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടവും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവുമാണ് വിൽപ്പന മന്ദഗതിയിലാകാൻ കാരണം. 2023-24 സാമ്പത്തിക വർഷത്തിൽ ആഡംബര വാഹന വിപണിയിലെ വിൽപ്പനയിൽ 16.7 ശതമാനം വർധനയാണുണ്ടായത്. മുൻവർഷം ഇത് 55.3 ശതമാനമായിരുന്നു. എന്നാൽ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ലിമിറ്റഡ് എഡിഷൻ വാഹനങ്ങളുടെ വിൽപ്പനയിൽ പ്രതിഫലിച്ചതെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.
Content Highlights: Limited edition vehicles are the star of the countrys luxury car market