ഓടുന്ന രണ്ടു കാറുകള്‍ക്ക് മുകളില്‍നിന്ന് ടെന്നീസ് കളിച്ചു; ലോക റെക്കോഡ് നേട്ടത്തില്‍ ലെക്‌സസ് |Video

Photo: Lexus UK
Photo: Lexus UK

ടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ നിന്ന് ടെന്നീസ് കളിക്കാന്‍ സാധിക്കുമോ? ആരോട് ചോദിച്ചാലും സാധിക്കില്ല എന്ന മറുപടിയായിരിക്കും ലഭിക്കുക. എന്നാല്‍, ഇത് അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്‌സസ്. അതും ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ലെക്‌സസ് എസ്‌യുവികളുടെ മുകളില്‍ നിന്നാണ് രണ്ടുപേര്‍ ടെന്നീസ് കളിച്ചത്. ഇതുവഴി പുതിയ ലോക റെക്കോഡാണ് ലെക്‌സസിനെ തേടി എത്തിയിരിക്കുന്നത്. 

കൃത്യമായ അകലത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ലെക്‌സസ് എസ്‌യുവികള്‍ക്ക് മുകളില്‍ രണ്ട് ടെന്നീസ് കളിക്കാരെ നിര്‍ത്തിയായിരുന്നു പരീക്ഷണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ നിന്നും രണ്ടുപേരും ബോള്‍ പാസ് ചെയ്യുന്നതും കാണാം. ഈ പ്രകടനത്തിലൂടെ രണ്ട് ഗിന്നസ് റെക്കോഡാണ് ലെക്‌സസിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും ദൈര്‍ഘ്യമേറിയ ടെന്നീസ് റാലി, ഓടിക്കൊണ്ടിരിക്കുന്ന കാറുകളില്‍ നടത്തിയ ഏറ്റവും വേഗമേറിയ ടെന്നീസ് റാലി എന്നിങ്ങനെയാണ് റെക്കോഡുകള്‍. 

ടെന്നീസ് താരങ്ങളായ ജാമി മുറേയുടെയും ലോറ റോബ്‌സണിന്റെയും സഹകരണത്തോടെയാണ് ലെക്‌സസ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. എന്‍എക്‌സ് ക്രോസ്ഓവര്‍ മോഡലിന്റെ മുകളില്‍ രണ്ട് കളിക്കാരെയും മുറുകെ ബന്ധിപ്പിച്ചാണ് നിര്‍ത്തിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് അലുമിനിയം പ്ലാറ്റ്‌ഫോം നിര്‍മിച്ച് അത് റൂഫ് റെയിലില്‍ ബന്ധിപ്പിച്ച ശേഷം ഇതിലാണ് ഓരോരുത്തരെ വീതം നിര്‍ത്തിയത്. നാല് സ്ട്രാപ്പുകള്‍ ഉപയോഗിച്ചാണ് ഇവരെ ബന്ധിപ്പിച്ചത്. 

ഇംഗ്ലണ്ടിലെ ഡക്‌സ്‌ഫോര്‍ഡ് എയര്‍ഫീല്‍ഡ് റണ്‍വേയിലാണ് ലെക്‌സസ് ഈ പ്രകടനം സംഘടിപ്പിച്ചത്. പ്രൊഫഷണല്‍ കാര്‍ സ്റ്റണ്ട് ഡ്രൈവര്‍മാരാണ് ഇരുവാഹനങ്ങളും നിയന്ത്രിച്ചിരുന്നത്. മണിക്കൂറില്‍ 47 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയിരുന്ന വാഹനത്തിന് മുകളില്‍ നിന്ന് രണ്ട് ടെന്നീസ് താരങ്ങളും 110 തവണയാണ് ബോളുകള്‍ പരസ്പരം തട്ടിയത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ലെക്‌സസിനൊപ്പം ഈ താരങ്ങളും ലോക റെക്കോഡ് സ്വന്തമാക്കിയത്

അവിശ്വസനീയമായ അനുഭവമെന്നാണ് ഇരു താരങ്ങളും ഈ പ്രവര്‍ത്തിയേയും നേട്ടത്തേയും വിശേഷിപ്പിച്ചത്. കൃത്യതയും വൈദഗ്ധ്യവും ഒരുപോലെ ആവശ്യമുള്ള കായിക വിനോദമാണ് ടെന്നീസ്. അതുകൊണ്ടുതന്നെ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രതലത്തില്‍ ടെന്നീസ് കളിക്കുകയെന്നത് ഏറെകുറെ അസാധ്യമാണ്. എന്നാല്‍, ഈ അനുഭവം വിസ്മയകരമായിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു ഈ ഏറ്റെടുത്തതെന്നും ടെന്നീസ് താരങ്ങള്‍ പറഞ്ഞു.

Content Highlights: Lexus sets a Guinness World Record for the longest tennis rally played on top of two moving SUVs.