ഞെട്ടിക്കുന്ന മൈലേജുമായി ലെക്‌സസിന്റെ അത്യാഡംബര സെഡാൻ ഇന്ത്യയിൽ; എല്ലാം ‘ഹൈബ്രിഡ് മാജിക്’

#Auto Desk
ലെക്‌സസ് ES 350h | Photo: Lexus India
ലെക്‌സസ് ES 350h | Photo: Lexus India

ടൊയോട്ടയുടെ പ്രീമിയം വാഹന ബ്രാന്റായ ലെക്‌സസിന്റെ എക്‌സിക്യുട്ടീവ് സെഡാൻ മോഡലായ ES 350h-ന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. എക്‌സ്‌ക്യുസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 66.10 ലക്ഷം രൂപയും 71.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയിൽ തന്നെ പ്രദേശികമായി ഒരുങ്ങിയ വാഹനമെന്ന് സവിശേഷതയോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്.

ലെക്‌സസ് ES 350h മോഡലിന്റെ എട്ടാം തലമുറ പതിപ്പാണ് ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്. മെക്കാനിക്കൽ സംവിധാനത്തിൽ ഉൾപ്പെടെയുള്ള മാറ്റമാണ് ഈ വരവിലെ ഹൈലൈറ്റ്. 2.5 ലിറ്റർ നാല് സിലണ്ടർ പെട്രോൾ എൻജിനൊപ്പം പുതുതായി വികസിപ്പിച്ച ഹൈബ്രിഡ് സംവിധാനവും ലിഥിയം അയേൺ ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. പെട്രോൾ എൻജിൻ 189 ബിഎച്ച്പി പവറും 237 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 162 ബിഎച്ച്പി പവറാണ് ഇലക്ട്രിക് മോട്ടോർ നൽകുന്നത്. 25.22 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിൽ ഉറപ്പുനൽകിയിരിക്കുന്നത്.

മുൻതലമുറ ES 350h മോഡലിനെക്കാൾ വലിപ്പത്തിലുമാണ് എട്ടാം തലമുറ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. 5145 എംഎം നീളം, 1920 എംഎം വീതി, 1575 എംഎം ഉയരം, 2950 എംഎം വീൽബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അളവുകൾ. വാഹനത്തിനുള്ളിൽ ഉയർന്ന സ്‌പേസ് ഉറപ്പാക്കുന്നതിനും മികച്ച യാത്ര അനുഭവം നൽകുന്നതിനും വാഹനത്തിലേക്ക് അനായാസമായി കയറുന്നതിനും ഇറങ്ങുന്നതിനുമാണ് വലിപ്പം കൂടിയത് സഹായകമാകുന്നുണ്ട്.

ലെക്‌സസിന്റെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയായ പ്രൊവോക്കേറ്റീവ് സിംപ്ലിസിറ്റിയെ അടിസ്ഥാനമാക്കിയാണ് ES350h എന്ന പുതുതലമുറ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. മുന്നിൽ സ്ഥാനം പിടിച്ചിരിക്കുന്ന എൽ ഡിസൈൻ സിഗ്നേച്ചർ ലാമ്പുകളും പിൻഭാഗത്തെ എൽ ഷേപ്പ്ഡ് സിഗ്നേച്ചർ ടെയ്ൽലാമ്പിലുമാണ് കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്. സേഫ് എക്‌സിറ്റ് അസിസ്റ്റ് നൽകിയിട്ടുള്ള ഇലക്ട്രോണിക് ഡോർ ലാച്ച് റിലീസുകളും ഈ വാഹനത്തിന്റ എക്‌സ്റ്റീരിയറിലെ പ്രത്യേകതയാണ്.

14 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി. ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുതലമുറ ലെക്‌സസ് ഇന്റർഫേസിൽ പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ലെക്‌സസിന്റെ തസുന കോക്പിറ്റ് കൺസെപ്റ്റിലാണ് ക്യാബിൻ ഒരുങ്ങിയിരിക്കുന്നത്. റെസ്‌പോൺസീവ് ഹിഡൻ സ്വിച്ചുകൾ ഈ വാഹനത്തിന്റെ അകത്തളത്തിലെ ഏറ്റവും വലിയ കൗതുകമാണ്. മികച്ച സീറ്റുകൾ കൂടി ചേരുന്നതോടെ ഇന്റീരിയറിന് ആഡംബര ഭാവം കൈവരുന്നുണ്ട്.

സുരക്ഷ സംവിധാനങ്ങളിൽ വലിയ കൂട്ടിച്ചേർക്കലുകളാണ് ES 350h മോഡലിലുള്ളത്. പ്രീ-കൊളീഷൻ സിസ്റ്റം, ഓൾ-സ്പീഡ് ഡൈനാമിക റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രേസിങ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സംവിധാനങ്ങളുള്ള ലെക്‌സസ് സേഫ്റ്റി സിസ്റ്റം പ്ലസ് സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം എട്ട് എയർബാഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷ സംവിധാനങ്ങളുമുണ്ട്.

Content Highlights: 8th-generation Lexus ES 350h launched in India in Exquisite and Luxury variants., Priced between Rs 66.10 lakh and Rs 71.80 lakh (ex-showroom)., Features a 2.5L petrol engine combined with a hybrid system delivering 25.22 kmpl mileage., Equipped with a 14-inch HD touchscreen, Tasuna cockpit concept, and Lexus Safety System+.