2.7 സെക്കന്റില്‍ 100-ലെത്തും, ഹൈബ്രിഡിലെ രണ്ടാമന്‍; ഹുറാകാന് പകരം ടെമെരാരിയോ എത്തിച്ച് ലംബോര്‍ഗിനി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ എന്ന കരുത്തന്‍ വാഹനത്തിന് പകരം പുതിയ മോഡല്‍ എത്തിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കമ്പനി ഉറപ്പുനല്‍കിയിരുന്നു. വിശ്വാസ്യതയ്ക്കായി വാഹനത്തിന്റെ സവിശേഷതകള്‍ സംബന്ധിച്ച ഏതാനും സൂചനകളും നല്‍കിയിരുന്നു. മാസങ്ങള്‍ക്കിപ്പുറം ഈ വാക്ക് പാലിക്കപ്പെട്ടിരിക്കുകയാണ്. ഹുറാകാന്റെ പകരക്കാരനായി കൂടുതല്‍ കരുത്തുള്ള ടെമെരാരിയോ എന്ന സൂപ്പര്‍കാറാണ് ലംബോര്‍ഗിനി അവതരിപ്പിച്ചിരിക്കുന്നത്.
മോണ്ടെറി കാര്‍ വീക്കിലാണ് ലംബോര്‍ഗിനി ഈ വാഹനം ആദ്യമായി പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പരമ്പരാഗത ലംബോര്‍ഗിനി കാറുകളുടെ മാതൃകയിലാണ് ടെമെരാരിയോയുടെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം, കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ റുവോള്‍ട്ടോയുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. അതേസമയം, നിരവധി സവിശേഷതകളോടെയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.
ഗല്ലാര്‍ഡോ, ഹുറാകാന്‍ എന്നീ വാഹനങ്ങളില്‍ നിന്നും കടംകൊണ്ട ഡിസൈനിലാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. നേര്‍ത്ത സെപ്റ്റ്-ബാക്ക് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബമ്പറിലായി ഹെക്‌സഗണല്‍ ഷേപ്പില്‍ ഡി.ആര്‍.എല്‍. ലൈറ്റും നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഫ്രണ്ട് സ്പ്ലിറ്റര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഷാര്‍പ്പ് ബമ്പറുമാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. ബോണറ്റ് ഹുറാകാനില്‍ നിന്നുള്ളതാണ്.
വാഹനത്തിന് ചുറ്റിലുമായി ഹെക്‌സഗണല്‍ ഷേപ്പിന് പ്രധാന്യം നല്‍കിയുള്ള ഡിസൈനുകള്‍ കാണാന്‍ സാധിക്കും. എയര്‍ ഇന്‍ടേക്, വിങ് മിറര്‍, ടെയ്ല്‍ലൈറ്റ്, റിയര്‍ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, അലോയി വീല്‍ ഡിസൈന്‍ എന്നിവയിലെല്ലാം ഹെക്‌സഗണല്‍ ഡിസൈന്‍ കാണാന്‍ കഴിയും. എന്‍ജിന്‍ ഏരിയയിലേക്ക് എയര്‍ എടുക്കുന്നതിനുള്ള വെന്റുകള്‍ നല്‍കിയാണ് വശങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 21, 21 ഇഞ്ച് വലിപ്പത്തിലുള്ള വീലുകളും ടെമെരാരിയോയില്‍ നല്‍കുന്നുണ്ട്.
ലംബോര്‍ഗിനിയുടെ ഫൈറ്റര്‍ ജെറ്റ് തീമിലാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. റുവോള്‍ട്ടുയടെ അകത്തളവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഡിസൈന്‍. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള വെര്‍ട്ടിക്കിള്‍ 8.4 ഇഞ്ച് സ്‌ക്രീന്‍, പാസഞ്ചര്‍ സൈഡിലുള്ള 9.1 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഡ്രൈവ് സെലക്ടര്‍ ഉള്‍പ്പെടെയുള്ള സ്വിച്ചുകള്‍ സെന്റര്‍ കണ്‍സോളിലാണ്. ഹീറ്റഡ് വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റുകളാണ് ഇതിലുള്ളത്.
ലംബോര്‍ഗിനിയുടെ പുതിയ ഷാസിയാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് മോഡലുകളെക്കാള്‍ 34 എം.എം. അധികം ഹെഡ്‌റൂം ഇതില്‍ ഉറപ്പാക്കുന്നുണ്ട്. 46 എം.എം. ലെഗ്‌റൂമും വര്‍ധിപ്പിച്ചിട്ടുണ്ട്. ലഗേജ് റൂം ഉയര്‍ത്താനും നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡാഷ് ക്യാമറ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍, ഇലക്ട്രിക്കലി 18 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളും ടെമെരാരിയോയുടെ അകത്തളത്തെ കൂടുതല്‍ പ്രീമിയം ആക്കുന്നുണ്ട്.
ലംബോര്‍ഗിനി മുമ്പ് അറിയിച്ചിരുന്നത് പോലെ തന്നെ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഒരുക്കിയാണ് ടെമെരാരിയോ എത്തുന്നുള്ളത്. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഇതില്‍ പ്രധാനമായും കരുത്തേകുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സംവിധാനവും നല്‍കുന്നുണ്ട്. മൂന്ന് ഇലക്ട്രിക് മോട്ടോറും ഒരു ബാറ്ററിയും ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് സംവിധാനം. 920 എച്ച്.പി.പവറും 800 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് നല്‍കുന്നത്.
എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 2.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 340 കിലോമീറ്ററാണ്. 3.8 കിലോവാട്ട് ബാറ്ററിയാണ് ഹൈബ്രിഡ് സിസ്റ്റത്തില്‍ നല്‍കിയിട്ടുള്ളത്. ഗിയര്‍ബോക്‌സില്‍ നല്‍കിയിട്ടുള്ള മോട്ടോര്‍ 150 എച്ച്.പി. പവറും ആക്‌സിലിലെ മോട്ടോറുകള്‍ 82 എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. 30 മിനിറ്റില്‍ ഇതിലെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
Content Highlights: Lamborghini launches Temerario super with 4.0 V8 engine and hybrid technology