പുതിയ മുഖം, അഡാസിന്റെ സുരക്ഷ; വമ്പന്‍ മാറ്റങ്ങളോടെ ആദ്യമുഖം മിനുക്കലിന് കിയ സോണറ്റ്

കിയ മോട്ടോഴ്‌സ് പുറത്തുവിട്ട ടീസര്‍ വീഡിയോയില്‍ നിന്ന് | Photo: Kia Motors
കിയ മോട്ടോഴ്‌സ് പുറത്തുവിട്ട ടീസര്‍ വീഡിയോയില്‍ നിന്ന് | Photo: Kia Motors

കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്ന കോംപാക്ട് എസ്.യു.വി. മോഡലായ കിയ സോണറ്റ് മുഖംമിനുക്കിയെത്തുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നികുന്നു. 2024-ൽ സോണറ്റിന്റെ വരവ് ഔദ്യോഗികമായി ഉറപ്പിച്ച് ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബര്‍ 14-ാം തിയതിയായിരിക്കും പുതിയ സെല്‍റ്റോസ് അവതരിപ്പിക്കുകയെന്നാണ് സൂചന. വിതരണം 2024-ഓടെ ആയിരിക്കും ആരംഭിക്കുക. 

2020-ല്‍ കിയ മോട്ടോഴ്‌സിന്റെ രണ്ടാം മോഡലായാണ് സോണറ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി നടത്തുന്ന മുഖമിനുക്കലെന്ന സവിശേഷത കൂടി ഈ വരവിനുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പുതിയ മോഡലിന്റെ പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും പുതിയ ഡിസൈന്‍ സംബന്ധിച്ച് സൂചനകള്‍ പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. ടീസര്‍ വീഡിയോയിലൂടെ ആദ്യ സൂചനകള്‍ പുറത്തുവരുന്നത്. 

സോണറ്റിന്റെ ജി.ടി.ലൈന്‍, എച്ച്.ടി. ലൈന്‍ എന്നീ രണ്ട് വേരിയന്റുകള്‍ക്കും വ്യത്യസ്തമായ ഗ്രില്ലായിരിക്കും നല്‍കുക. ഡ്രോപ്പ്-ഡൗണ്‍ എലമെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള പുതിയ ലുക്കിലെ ഹെഡ്ലാമ്പും മുഖഭാവത്തിന് മാറ്റമൊരുക്കും. ഡി.ആര്‍.എല്ലിന്റെ ഡിസൈനില്‍ മാറ്റം നല്‍കുന്നതിനൊപ്പം ഫോഗ്ലാമ്പ് ഹൗസിങ്ങിനും പുതുമകള്‍ നല്‍കുന്നുണ്ടെന്നാണ് ടീസര്‍ വീഡിയോ നല്‍കുന്ന സൂചന. പുതിയ ഭാവത്തിലുള്ള അലോയി വീലുകള്‍ ഇതില്‍ സ്ഥാനം പിടിച്ചേക്കും. 

റാപ്പ്എറൗണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, ബ്ലാക്ക്-സില്‍വര്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവ പിന്‍ഭാഗത്തിന് പുതുമയേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരതമ്യേന വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുന്നതിനൊപ്പം ഡാഷ്‌ബോര്‍ഡിന്റെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഏറെ പുതുമകളുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായിരിക്കും നല്‍കുക. 

സുരക്ഷ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലെവല്‍ വണ്‍ അഡാസ് സംവിധാനം സോണറ്റില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോര്‍വേഡ് കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റന്‍സ് ആന്‍ഡ് വാണിങ്ങ്, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ലെയ്ല്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഹൈ ബീ അസിസ്റ്റന്‍സ് തുടങ്ങിയ ഫീച്ചറുകളായിരിക്കും അഡാസ് അധിഷ്ഠിതമായി ഒരുങ്ങുന്നത്. ആറ് എയര്‍ ബാഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കോര്‍ണറിങ്ങ് ലാമ്പ്, റിയര്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇതില്‍ ഒരുങ്ങും.

83 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍.എ. എന്‍ജിന്‍, 120 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 116 ബി.എച്ച്.പി. പവറും 250 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവ തന്നെയായിരിക്കും മെക്കാനിക്കല്‍ ഫീച്ചറുകള്‍. അഞ്ച് സ്പീഡ് മാനുവന്‍, ആറ് സ്പീഡ് ഐ.എം.ടി എന്നിവയ്ക്കൊപ്പം ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും ഏതാനും വേരിയന്റുകളില്‍ സ്ഥാനംപിടിക്കും.

Content Highlights: Kia Sonet first facelift, New Kia sonet to launch on December 14, Kia motors, Kia Sonet