ഇന്ത്യക്കാർ നൽകിയ വിശ്വാസത്തിന്റെ അടയാളം; അഞ്ച് ലക്ഷം യൂണിറ്റിന്റെ വിൽപ്പന തികച്ച് കിയ സോണറ്റ്

#Auto Desk
കിയ സോണറ്റ് എസ്‌യുവി | Photo: Kia India
കിയ സോണറ്റ് എസ്‌യുവി | Photo: Kia India

ന്ത്യൻ വാഹന വിപണിയിൽ കടുത്ത മത്സരം നടക്കുന്ന വാഹനശ്രേണിയാണ് കോംപാക്ട് എസ്‌യുവി. എണ്ണംപറഞ്ഞ മോഡലുകൾ വിരാചിക്കുന്ന ഈ ശ്രേണിയിൽ ആദ്യ നിരയിൽ തന്നെയാണ് കിയയുടെ കോംപാക്ട് എസ്‌യുവി മോഡലായ സോണറ്റും സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 2020-ൽ ഇന്ത്യൻ വാഹന വിപണിയുടെ ഭാഗമായി മാറിയ ഈ കിയ മോഡൽ അഞ്ചുലക്ഷം വാഹനങ്ങൾ നിരത്തുകളിൽ എത്തിച്ചതിന്റെ ആഘോഷങ്ങളിലാണ് ഇപ്പോൾ.

കിയയുടെ മൊത്തവിൽപ്പനയുടെ 35 ശതമാനവും സോണറ്റ് എന്ന കോംപാക്ട് എസ്‌യുവിയുടെ സംഭാവനയാണെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടുവർഷം പ്രതിവർഷ വിൽപ്പന ഒരുലക്ഷം യൂണിറ്റ് കൈവരിക്കാനും ഈ വാഹനത്തിന് സാധിച്ചു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 70 വിപണികളിലേക്കായി സോണറ്റിന്റെ ഒരുലക്ഷത്തിലധികം യൂണിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

വിറ്റഴിക്കപ്പെട്ട ഓരോ സോണറ്റും കിയയെ വിശ്വസിച്ച ഒരു ഉപയോക്താവിന്റെ പ്രതീകമാണ്. ഇന്ത്യയിലെ ഉപയോക്താക്കൾ ഞങ്ങളെ വിശ്വസിച്ചതിന്റെ അംഗീകാരമാണ് സോണറ്റ് പിന്നിട്ടിരിക്കുന്ന അഞ്ചുലക്ഷം യൂണിറ്റിന്റെ വിൽപ്പനയെന്ന ഈ നാഴികക്കല്ല. വാഹനത്തിന്റെ രൂപകൽപ്പന, സാങ്കേതികവിദ്യ, വിശ്വാസ്യത തുടങ്ങിയവ സോണറ്റിൽ ഉറപ്പാക്കിയതാണ് ഈ നേട്ടത്തിന് ഇന്ധനമായത്. ഉപയോക്താക്കളോടുള്ള കടപ്പാട് തുടർന്നും കിയ നിറവേറ്റുമെന്നും കിയ ഇന്ത്യ അറിയിച്ചു.

എച്ച്.ടി-ലൈൻ, ജി.ടി-ലൈൻ, എക്‌സ്-ലൈൻ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഏഴ് വീതം വേരിയന്റുകളിലാണ് സോണറ്റ് എത്തിയിട്ടുള്ളത്. എച്ച്.ടി.ഇ, എച്ച്.ടി.കെ, എച്ച്.ടി.കെ. പ്ലസ്, എച്ച്.ടി.എക്‌സ്, എച്ച്.ടി.എക്‌സ് പ്ലസ്, ജി.ടി.എക്‌സ് പ്ലസ്, ജി.ടി.എക്‌സ് എക്‌സ്-ലൈൻ എന്നിവയാണ് വേരിയന്റുകൾ. എൻ.എ.പെട്രോൾ എൻജിൻ മോഡലുകൾക്ക് 7.30 ലക്ഷം മുതൽ 9.59 ലക്ഷം രൂപ വരെയും 1.0 ലിറ്റർ ടർബോ എൻജിൻ മോഡലുകൾക്ക് 8.79 ലക്ഷം രൂപ മുതൽ 13.65 ലക്ഷം രൂപ വരെയും 1.5 ലിറ്റർ ഡിസൽ എൻജിൻ മോഡലുകൾക്ക് 8.98 ലക്ഷം രൂപ മുതൽ 14 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

1.2 ലിറ്റർ എൻഎ പെട്രോൾ എൻജിൻ 83 പിഎസ് പവറും 115 എൻഎം ടോർക്കുമാണ് നൽകുന്നത്. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകിയിട്ടുള്ളത്. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് കൂട്ടത്തിൽ കരുത്തൻ. 120 പിഎസ് പവറും 172 എൻഎം ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് എ.ടി, ഏഴ് സ്പീഡ് ഡിസിടി. എന്നീ ട്രാൻസ്മിഷൻ ഈ വാഹനത്തിൽ നൽകുന്നുണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ 116 പിഎസ് പവറും 250 എൻഎം ടോർക്കുമേകും. ആറ് സ്പീഡ് മാനുവൽ-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐഎംടി എന്നിവയാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷുകൾ.

Content Highlights: Kia Sonet achieves 5 lakh sales in India! Celebrate this milestone with the popular compact SUV, known for its design, tech, and reliability. Explore variants and pricing.