നിരത്തിൽ ആഞ്ഞടിച്ച് സെൽറ്റോസ് തരംഗം; വിൽപ്പനയിൽ പുതിയ റെക്കോഡ് സൃഷ്ടിച്ച് കിയ മോട്ടോഴ്‌സ്

#Auto Desk
കിയ സെല്‍റ്റോസ് | Photo: Kia Motors
കിയ സെല്‍റ്റോസ് | Photo: Kia Motors

ക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം സെൽറ്റോസ് എന്ന എസ്‌യുവിയിലൂടെയായിരുന്നു. അവരുടെ കണക്കുകൂട്ടൽ ഒട്ടും പിഴച്ചില്ല. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലെ തന്നെ ശ്രദ്ധേയ സാന്നിധ്യമായി ഈ വാഹനം മാറിയത്. നിരത്തുകളിലെത്തി ആറാം വർഷം തലമുറമാറ്റത്തിന് വിധേയമായ ഈ വാഹനത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് സെൽറ്റോസ് നേടിയത്.

ആകർഷകമായ ഡിസൈൻ, ഒന്നിലധികം പവർട്രെയിനുകൾ, വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകൾ, സുരക്ഷയ്ക്ക് നൽകിയ ഉയർന്ന പ്രധാന്യം തുടങ്ങിയ ഘടകങ്ങളാണ് കിയ സെൽറ്റോസിന്റെ വിൽപ്പനയെ സ്വാധീനിച്ച ഘടകങ്ങളെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. കിയ സെൽറ്റോസിന്റെ ഏറ്റവും ഉയർന്ന വേരിയന്റാണ് മൊത്തം വിൽപ്പനയുടെ 29 ശതമാനവും സംഭാവന ചെയ്തിരിക്കുന്നത്. അഡാസ് ഉൾപ്പെടെയുള്ള ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഉയർന്ന വേരിയന്റ് എത്തിയിട്ടുള്ളത്.

ഹാച്ച്ബാക്കുകളിൽ നിന്നും സെഡാനുകളിൽ നിന്നും കോംപാക്ട് എസ്‌യുവികളിൽ നിന്ന് അപ്രഗ്രേഡ് ചെയ്യുന്നവർക്ക് വലിയ വാഹനത്തിലേക്ക് പോകാതെ തന്നെ പ്രീമിയം ഫീച്ചറുകളുള്ള ഒരു വാഹനത്തിലേക്ക് മാറാൻ സെൽറ്റോസ് സഹായിച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. നിരവധി വേരിയന്റുകളിൽ എത്തുന്നത് കൊണ്ടുതന്നെ ബജറ്റിന് അനുസരിച്ചുള്ള തിരഞ്ഞെടുപ്പിനുള്ള സാഹചര്യവും സെൽറ്റോസിന്റെ കാര്യത്തിൽ സാധ്യമാണെന്നും കിയ പറയുന്നു.

അടുത്തിടെയായിരുന്നു സെൽറ്റോസിന്റെ തലമുറ മാറ്റം. അടിമുടി പുതുമകളുമായായിരുന്നു രണ്ടാം തലമുറ സെൽറ്റോസ് എത്തിയത്. കെ3 പ്ലാറ്റ്ഫോമാണ് രണ്ടാം തലമുറ മോഡലിന് അടിസ്ഥാനം. എക്സ്റ്റീരിയർ ഡിസൈൻ ഇന്റീരിയർ ലേഔട്ട് എന്നിവയിലും കാര്യമായ അഴിച്ചുപണിയും വരുത്തിയിട്ടുണ്ട്. മെക്കാനിക്കൽ സംവിധാനങ്ങളിൽ മാറ്റം വരുത്താതെ രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമാണ് രണ്ടാം തലമുറ സെൽറ്റോസും എത്തിയത്. ടെക് ലൈൻ, ജിടി ലൈൻ, എക്സ്-ലൈൻ എന്നീ വകഭേദങ്ങളാണ് സെൽറ്റോസിനുള്ളത്.

ഡിസൈനിലെ മാറ്റങ്ങൾക്കും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകൾക്കും പുറമെ, ഒന്നാം തലമുറ സെൽറ്റോസിനെക്കാൾ 95 എംഎം നീളവും 30 എംഎം വീതിയും 80 എംഎം വീൽബേസും ഉയർത്തിയാണ് രണ്ടാം തലമുറ എത്തിയിരിക്കുന്നത്. അതേസമയം, ഉയരം മുൻ മോഡലിനെക്കാൾ 10 എംഎം കുറയുകയും ചെയ്തിട്ടുണ്ട്. 4460 എംഎം നീളവും 1830 എംഎം വീതിയും 1635 എംഎം ഉയരവും 2690 എംഎം വീൽബേസുമാണ് പുതിയ സെൽറ്റോസിന്റെ അളവുകൾ.

115 എച്ച്പി പവറും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ, 160 എച്ച്പി പവറും 253 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ, 116 എച്ച്പി പവറും 250 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ഡീസൽ എന്നിവയാണ് സെൽറ്റോസിന് കരുതേകുന്ന എൻജിനുകൾ. ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ സെൽറ്റോസിലെ ട്രാൻസ്മിഷനുകൾ.

Content Highlights: Kia Seltos achieves a new sales milestone, selling over 600,000 units in India. Discover what makes this SUV a top performer and its latest upgrades.