ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തലമുറ മാറ്റം; പുതിയ സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ച് കിയ മോട്ടോഴ്‌സ്

ഇന്ത്യന്‍ നിരത്തുകളിലെ ആറ് വര്‍ഷം നീണ്ട കുതിപ്പിനൊടുവില്‍ രണ്ടാം തലമുറയിലേക്ക് മാറി കിയ ഇന്ത്യയുടെ ആദ്യ മോഡലായ സെല്‍റ്റോസ്. ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ആഗോള പ്രദര്‍ശനമാണ് ബുധനാഴ്ച ഇന്ത്യയില്‍ നടത്തിയത്. ഡിസംബര്‍ 11 മുതല്‍ തന്നെ രണ്ടാം തലമുറ സെല്‍റ്റോസിനുള്ള ബുക്കിങ് സ്വീകരിച്ച് തുടങ്ങുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്.
അടിമുടി മാറ്റവുമായാണ് രണ്ടാം തലമുറ സെല്‍റ്റോസ് എത്തിയിരിക്കുന്നത്. പുതിയ കെ3 പ്ലാറ്റ്‌ഫോമാണ് രണ്ടാം തലമുറ മോഡലിന് അടിസ്ഥാനമൊരുക്കുന്നത്. ഇതിനൊപ്പം എക്സ്റ്റീരിയര്‍ ഡിസൈന്‍ ഇന്റീരിയര്‍ ലേഔട്ട് എന്നിവയിലും കാര്യമായ അഴിച്ചുപണിയും വരുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്താതെ രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് രണ്ടാം തലമുറ സെല്‍റ്റോസും എത്തിയിരിക്കുന്നത്. ടെക് ലൈന്‍, ജിടി ലൈന്‍, എക്‌സ്-ലൈന്‍ എന്നീ വകഭേദങ്ങളിലും സെല്‍റ്റോസ് എത്തും.
എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പോലെ തന്നെ വലിപ്പത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഒന്നാം തലമുറ സെല്‍റ്റോസിനെക്കാള്‍ 95 എംഎം നീളവും 30 എംഎം വീതിയും 80 എംഎം വീല്‍ബേസും ഉയര്‍ത്തിയാണ് രണ്ടാം തലമുറ എത്തിയിരിക്കുന്നത്. അതേസമയം, ഉയരം മുന്‍ മോഡലിനെക്കാള്‍ 10 എംഎം കുറയുകയും ചെയ്തിട്ടുണ്ട്. 4460 എംഎം നീളവും 1830 എംഎം വീതിയും 1635 എംഎം ഉയരവും 2690 എംഎം വീല്‍ബേസുമാണ് പുതിയ സെല്‍റ്റോസിന്റെ അളവുകള്‍.
ഡിസൈനിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. പുതിയ ടെല്ലുറൈഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ടാം തലമുറ സെല്‍റ്റോസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗണ്‍മെറ്റല്‍ ആക്‌സെന്റുകള്‍ വെര്‍ട്ടിക്കിളായി നല്‍കിയാണ് ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ചതുരാകൃതിയില്‍ എല്‍ഇഡിയില്‍ തീര്‍ത്ത ഹെഡ്‌ലാമ്പ് വാഹനത്തിന്റെ മുന്‍വശത്തിന് പുതുമയേകുന്നുണ്ട്. ഹെഡ്ലാമ്പില്‍ നിന്ന് കൃത്യമായി അകലം പാലിച്ചാണ് ഡിആര്‍എല്‍ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങുകള്‍ ഉള്‍പ്പെടെ നല്‍കിയാണ് ബംമ്പര്‍ ഒരുക്കിയിരിക്കുന്നത്.
എല്‍ഇഡി വെല്‍ക്കം ആനിമേഷനാണ് വശങ്ങളിലെ കൂട്ടിച്ചേര്‍ക്കലില്‍ പ്രധാനം. പനോരമിക് സണ്‍റൂഫും ഇതില്‍ നല്‍കിയിട്ടുണ്ട്. കറുപ്പ് നിറത്തില്‍ നല്‍കിയിട്ടുള്ള പില്ലറുകള്‍, റെക്ട്രാറ്റബിള്‍ ഡോര്‍ ഹാന്‍ഡില്‍, പ്ലാസ്റ്റിക് ക്ലാഡിങ്, കറുപ്പ് നിറത്തിലെ റൂഫ് റെയില്‍സ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, മാറ്റങ്ങളോടെ ഒരുങ്ങുന്ന റിയര്‍ വ്യൂ മിറര്‍, കിയയുടെ പുതുതലമുറ വാഹനങ്ങളിലേത് പോലെയുള്ള ടെയ്ല്‍ലൈറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിങ്ങനെ നീളും എക്സ്റ്റീരിയറിലെ പുതുമകള്‍.
കിയയുടെ മറ്റ് പല മോഡലുകളിലേതിന് സമാനമായ ഡിസൈനാണ് അകത്തളത്തിന്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കുന്ന പനോരമിക് സ്‌ക്രീനാണ് ഇതില്‍ പ്രധാനം. പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, സിറോസിലുള്ളതിന് സമാനമായ സ്വിച്ചുകളും ഗിയറുമാണ് സെന്റര്‍ കണ്‍സോളില്‍ നല്‍കിയിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ്, ഡോര്‍ പാഡുകള്‍ എന്നിവിടങ്ങളില്‍ ആംബിയന്റ് ലൈറ്റുകളും നല്‍കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയ്ക്ക് ലെതര്‍ ആവരണം നല്‍കിയിട്ടുണ്ട്. വെന്റിലേറ്റഡ് സീറ്റുകളാണ് ഇതില്‍.
115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 160 എച്ച്പി പവറും 253 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 116 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് സെല്‍റ്റോസിന് കരുതേകുന്ന എന്‍ജിനുകള്‍. ആറ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ സെല്‍റ്റോസിലെ ട്രാന്‍സ്മിഷനുകള്‍.
Content Highlights: Kia Motors launches the second-generation Seltos in India after 6 years. Explore its new design, features, and engine options. Bookings open soon!