സൗജന്യമായി പരിശോധിക്കും, തകരാര്‍ ഉണ്ടെങ്കില്‍ പരിഹരിക്കും; ഇ.വി 6 ഇലക്ട്രിക് തിരിച്ചുവിളിച്ച് കിയ

കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള പ്രീമിയം ഇലക്ട്രിക് വാഹനമായ ഇ.വി.6 തിരിച്ചുവിളിക്കുന്നു. ഇന്റഗ്രേറ്റഡ് ചാര്‍ജിങ്ങ് കണ്‍ട്രോള്‍ യൂണിറ്റിലെ (ഐ.സി.സി.യു) തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്കും തകരാര്‍ പരിഹരിക്കുന്നതിനുമായി ഈ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്നാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. സമാനമായ പ്രശ്‌നത്തെ തുടര്‍ന്ന് ഹ്യുണ്ടായി അയോണിക് 5 മോഡലും മാസങ്ങള്‍ക്ക് മുമ്പ് തിരിച്ചുവിളിച്ചിരുന്നു.
2022 മാര്‍ച്ച് മൂന്ന് മുതല്‍ 2023 ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള 1138 വാഹനങ്ങളാണ് കിയ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ കിയ മോട്ടോഴ്‌സ് വാഹനം തിരിച്ചുവിളിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലെ പരിശോധനയും വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കിയ യു.എസില്‍ നടത്തിയ തിരിച്ചുവിളിക്കലിന്റെ ഭാഗമായി സമാന തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത 48,000-ത്തില്‍ അധികം ഇ.വി.6 തിരിച്ചുവിളിച്ചിരുന്നു.
ഇന്റഗ്രേറ്റഡ് ചാര്‍ജിങ്ങ് കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ 12 വോള്‍ട്ട് ഓക്‌സിലറി ബാറ്ററിയുടെ ചാര്‍ജിങ്ങ് കൃത്യമായി നടക്കില്ലെന്നാണ് വിലയിരുത്തല്‍. ഇത് വാഹനത്തിന്റെ ലൈറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനം തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇതിനുപുറമെ, ഡ്രൈവിങ്ങില്‍ പവര്‍ നഷ്ടപ്പെടുന്നതിനും പല സുരക്ഷ പ്രശ്‌നങ്ങള്‍ക്കും ഐ.സി.സി.യുവിലെ തകരാര്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
തകരാര്‍ കണ്ടെത്തിയതും ഈ കാലഘട്ടത്തില്‍ നിര്‍മിച്ചതുമായ വാഹനങ്ങളുടെ ഉടമകളെ കിയ മോട്ടോഴ്‌സ് നേരിട്ട് ബന്ധപ്പെടുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ വാഹനം പരിശോധിക്കുകയും തകരാര്‍ സ്ഥിരീകരിച്ചാല്‍ ഇത് സൗകര്യമായി പരിഹരിച്ച് നല്‍കുമെന്നുമാണ് കിയ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയിരിക്കുന്നത്.
കിയ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് ഇ.വി.6. റിയര്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 229 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 325 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 708 കിലോമീറ്റര്‍ ഇ.വി.6 സഞ്ചരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്. 77.4 kWh ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്.
Content Highlights: Kia motors recall EV6 electric suv due to ICCU Compliant