മൂന്ന് വർഷം ഉപയോഗിച്ച് വിറ്റാലും 75 ശതമാനം വില; റീസെയിൽ വാല്യുവിലെ ടെൻഷൻ പരിഹരിക്കാൻ കിയ മോട്ടോഴ്‌സ്

#Auto Desk
കിയയുടെ വാഹനനിരയിലെ മോഡലുകള്‍ | Photo: Kia Motors
കിയയുടെ വാഹനനിരയിലെ മോഡലുകള്‍ | Photo: Kia Motors

ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ഉയർന്ന റീ സെയിൽ വാല്യു ഉറപ്പാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സ്. വാഹനം വാങ്ങി മൂന്ന് വർഷത്തിനുശേഷം എക്‌സ്‌ഷോറൂം വിലയുടെ 75 ശതമാനം തുകയ്ക്ക് വാഹനം തിരികെ എടുക്കുന്ന ബൈ ബാക്ക് പദ്ധതിയാണ് കിയ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് മോഡലുകൾക്ക് മുമ്പുതന്നെ ഈ പദ്ധതി കിയ മോട്ടോഴ്‌സ് ഒരുക്കിയിരുന്നു.

കിയ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ സുപ്രധാന മോഡലുകളായ സൊറെന്റോ, സെൽറ്റോസ്, സോണറ്റ്, കാരൻസ് ക്ലാവിസ്, സിറോസ് എന്നീ വാഹനങ്ങളാണ് ബൈ ബാക്ക് പദ്ധതിയുടെ കീഴിൽ വരുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബൈ ബാക്ക് പദ്ധതി കഴിഞ്ഞ ജൂലായ് മാസത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കിയ മോട്ടോഴ്‌സിന്റെ സി.എൻ.ജി, പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ പവർട്രെയിനുകളിൽ വരുന്ന വാഹനങ്ങൾക്കെല്ലാം ഈ പദ്ധതി ബാധകമായിട്ടുണ്ട്.

പെട്രോൾ, ഡീസൽ, സിഎൻജി എന്നീ പവർട്രെയിനുകളിലുള്ള വാഹനങ്ങൾ മൂന്ന് മുതൽ അഞ്ച് വർഷംവരെ കാലാവധിയിലും ഇലക്ട്രിക് വാഹനങ്ങൾക്ക് മൂന്ന് മുതൽ നാല് വർഷംവരെയുള്ള സമയപരിധിയിലും ബൈ ബാക്ക് സ്‌കീം തിരഞ്ഞെടുക്കാം. ഇതിനൊപ്പം വർഷം 10,000 മുതൽ 20,000വരെ കിലോമീറ്റർ പരിധിയും തിരഞ്ഞെടുക്കാൻ സാധിക്കും. ഒരു ലക്ഷം കിലോമീറ്റർ വരെയുള്ള പരിധിയാണ് ഇതിൽ നൽകിയിട്ടുള്ളത്.

വാഹനങ്ങളുടെ ഉപയോഗരീതി, എത്ര വർഷം വരെ ഈ വാഹനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ഭാവിയിൽ വാഹനം അപ്‌ഗ്രേഡ് ചെയ്യാനുള്ള ആഗ്രഹം എന്നിവയെ അടിസ്ഥാനമാക്കി ബൈ ബാക്ക് പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഈ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് അവരുടെ വാഹനത്തിന് ഉയർന്ന റീ സെയിൽ വാല്യു ലഭിക്കുമെന്ന ആത്മവിശ്വാസം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കിയ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

വാഹനത്തിന്റെ പെർഫോമെൻസ്, ഇതിൽ നൽകുന്ന സാങ്കേതികവിദ്യ, ഇന്ധനക്ഷമത എന്നിവയ്‌ക്കൊപ്പം ഉപയോക്താക്കൾ പരിഗണിക്കുന്ന സുപ്രധാന ഘടകമാണ് റീസെയിൽ വാല്യു. കിയയുടെ വാഹനങ്ങൾക്കും ഉയർന്ന റീസെയിൽ വാല്യു ലഭിക്കുമെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കിയയുടെ ഔദ്യോഗിക ഡീലർഷിപ്പ് മുഖേന ഉറപ്പാക്കിയിട്ടുള്ള ബൈ ബാക്ക് പദ്ധതിയിൽ വാഹനം വാങ്ങുമ്പോൾ തന്നെ അംഗമാകാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.

Content Highlights: Kia Motors offers up to 75% ex-showroom price as buyback value after 3 years., Applicable to popular models including Seltos, Sonet, Carens, and EVs., Flexible tenure options ranging from 3 to 5 years with mileage limits up to 100,000 km., Aims to reduce customer anxiety regarding resale value for petrol, diesel, CNG, and electric cars.