ഇ.വി. നിര വിപുലമാക്കാന്‍ കിയ; താങ്ങാവുന്ന വിലയിലെ ഇലക്ട്രിക് മോഡലായി കിയ കാരന്‍സ് ഇ.വി. എത്തും

കിയ കാരന്‍സ് | Photo: Kia Motors
കിയ കാരന്‍സ് | Photo: Kia Motors

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രീമിയം വാഹനങ്ങള്‍ മാത്രമാണ് കിയ ഇതുവരെ എത്തിച്ചിട്ടുള്ളത്. ആദ്യ ഇലക്ട്രിക് മോഡലായ ഇ.വി.6, കഴിഞ്ഞ ദിവസം എത്തിയ ഇ.വി.9 എസ്.യു.വി. തുടങ്ങിയവയെല്ലാം പ്രീമിയം വാഹനങ്ങളുടെ സ്റ്റാറ്റസ് സ്വന്തമാക്കിയവയാണ്. എന്നാല്‍, സാധാരണക്കാരനും പ്രാപ്യമായ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലാണ് കിയ മോട്ടോഴ്‌സ് എന്നാണ് സൂചന. ഇത് ഒരിക്കല്‍ കൂടി ഉറപ്പിച്ച് കാരന്‍സ് എം.പി.വിയുടെ ഇലക്ട്രിക് പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 

അടുത്ത ദിവസം ബി.വൈ.ഡി. പുറത്തിറക്കാനൊരുങ്ങുന്ന ഇലക്ട്രിക് എം.പി.വിയായ ഇമാക്‌സ് 7 മോഡലുമായി മത്സരിക്കാനാണ് കിയ കാരന്‍സ് ഇ.വി. എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ലായിരിക്കും ഈ ഇലക്ട്രിക് എം.പി.വി. വിപണിയില്‍ എത്തുക. ഐസ് എന്‍ജിന്‍ കാരന്‍സിന്റെ മുഖംമിനുക്കിയ പതിപ്പും അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനും ഫീച്ചറുകളും ഇ.വിയിലും നല്‍കുമെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ സവിശേഷതകള്‍ ഈ മോഡലിന് വേറിട്ടതാക്കും. 

കിയയുടെ വാഹനം മൂടിക്കെട്ടിയ നിലയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്‍ഭാഗത്ത് എക്‌സ്‌ഹോസ്റ്റ് പൈപ്പ് നല്‍കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത് കാരന്‍സിന്റെ ഇലക്ട്രിക് പതിപ്പാണെന്ന വിലയിരുത്തലുകള്‍ വരുന്നത്. കണക്ടഡ് ലൈറ്റുകള്‍, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകള്‍, ബമ്പറില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ലൈറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന് എന്നിവയാണ് പിന്‍ഭാഗത്തെ ഡിസൈന്‍ സവിശേഷത. 

2025 ജനുവരിയില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇ.വിയുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും കാരന്‍സ് ഇ.വി. ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റ ഇ.വിക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലായിരിക്കും കാരന്‍സ് ഇ.വിയും തീര്‍ക്കുക. 45 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും ഇതില്‍ നല്‍കുക. സിംഗിള്‍ ഇലക്ട്രിക് മോട്ടോറായിരിക്കും കാരന്‍സ് ഇ.വിക്ക് കരുത്തേകുന്നതെങ്കിലും ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്ന പവര്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ സൂചനകള്‍ ലഭിച്ചിട്ടില്ല. 

റെഗുലര്‍ കാരന്‍സിന്റെ ഡിസൈന്‍ ഡി.എന്‍.എ. പിന്തുടരുന്ന മോഡലായിരിക്കും കരന്‍സ് ഇ.വിയും. എന്നാല്‍, സ്‌റ്റൈലില്‍ ഇ.വി. സ്‌പെസിഫിക് ആയിട്ടുള്ള മാറ്റങ്ങള്‍ നല്‍കും. കിയ ഇ.വി.9 മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്ലോസ്ഡ് ഗ്രില്ല്, എയറോഡൈനാമിക് ശേഷി ഉറപ്പാക്കുന്ന ബമ്പര്, അലോയി വീലുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇലക്ട്രിക് കരുത്തിലേക്ക് മാറുന്ന കാരന്‍സില്‍ ആ പേര് നിലനിര്‍ത്തുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇ.വി. എന്ന പേരിലാണ് കിയയുടെ ഇലക്ട്രിക് മോഡലുകള്‍ അറിയപ്പെടുന്നത്.

Content Highlights: KIA is reportedly developing an electric version of the Carens MPV, expected to launch in 2025.