മാസ് ഇ.വിയുമായി കിയ; 490 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കി കാരന്‍സ് ക്ലാവിസ് ഇലക്ട്രിക്‌

Photo: Kia Motors
Photo: Kia Motors

ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് മാസ് മാര്‍ക്കറ്റ് മോഡലുമായി എത്തുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച കാരന്‍സ് ക്ലാവിസ് എംപിവിയാണ് ഇലക്ട്രിക് മോഡലായും വിപണിയില്‍ എത്താനൊരുങ്ങുന്നത്. റെഗുലര്‍ ക്ലാവിസില്‍ നിന്ന് കാര്യമായ ഡിസൈന്‍ മാറ്റം വരുത്താതെയാണ് ഈ വാഹനത്തെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് പതിപ്പും എത്തിയിരിക്കുന്നത്. ഈ ഇലക്ട്രിക് എംപിവിയുടെ വില ജൂലായ് 15-ന് പ്രഖ്യാപിക്കും. 

ഇന്ത്യന്‍ വാഹന വിപണിയിലെ കരുത്തന്‍ സാന്നിധ്യമായ ബിവൈഡിയുടെ ഇമാക്‌സ് 7 ഇലക്ട്രിക് എപിവിയായിരിക്കും കാരന്‍സ് ക്ലാവിസ് ഇവിയുടെ മുഖ്യ എതിരാളി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 490 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ള ഉറപ്പ്. കാരന്‍സ് ക്ലാവിസ് ഇവിയില്‍ നല്‍കിയിട്ടുള്ള ബാറ്ററി പാക്ക് സംബന്ധിച്ച വിവരം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ക്രെറ്റയുമായി ബാറ്ററി പാക്ക് പങ്കിട്ടായിരിക്കും ഈ വാഹനം എത്തുകയെന്നും സൂചനയുണ്ട്.

42 കിലോവാട്ട്, 51.4 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇലക്ട്രിക് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതിലെ 42 കിലോവാട്ട് മോഡല്‍ 390 കിലോമീറ്റര്‍ റേഞ്ചും 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 473 കിലോമീറ്ററും റേഞ്ചാണ് നല്‍കുന്നത്. ഈ ബാറ്ററി പാക്കാണ് കാരന്‍സ് ക്ലാവിസ് ഇവിയില്‍ നല്‍കുന്നതെങ്കില്‍ ക്രെറ്റയെക്കാള്‍ 17 കിലോമീറ്റര്‍ അധികം റേഞ്ച് ഈ വാഹനം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍. 171 എച്ച്പി പവറും 255 എന്‍എം ടോര്‍ക്കുമേകുന്ന മോട്ടോറാണ് ക്രെറ്റ ഇവിയിലുള്ളത്. 

റെഗുലര്‍ കാരന്‍സ് ക്ലാവിസില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇലക്ട്രിക് പതിപ്പ് എത്തിയിരിക്കുന്നത്. മുന്‍വശത്തെ ബമ്പറിന്റെ ഡിസൈന്‍ മാറിയതാണ് പ്രധാന മാറ്റം. മുന്നില്‍ തന്നെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിട്ടുള്ളതിനാല്‍ ഇതിനനുസരിച്ചാണ് ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. ബമ്പറിന്റെ താഴെ ഭാഗമായി സില്‍വര്‍ ക്ലാഡിങ്ങ് നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഫോഗ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് എന്നിവ റെഗുലര്‍ മോഡലിലേത് കടംകൊണ്ടതാണ്. 

ഫ്‌ളോട്ടിങ് ഡിസൈനിലേക്ക് മാറിയാണ് ഇലക്ട്രിക് ക്ലാവിസിലെ സെന്റര്‍ കണ്‍സോള്‍ ഒരുക്കിയിരിക്കുന്നത്. റെഗുലര്‍ മോഡലില്‍ ഗിയര്‍ ലിവര്‍ നല്‍കിയിരുന്ന സ്ഥാനത്ത് വലിയ സ്‌റ്റോറേജ് സ്‌പേസാണ് നല്‍കിയിട്ടുള്ളത്. ഏതാനും കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്ക് സമീപത്തായി വയര്‍ലെസ് ചാര്‍ജിങ് പാഡും നല്‍കുന്നുണ്ട്. ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ഇരട്ട സ്‌ക്രീന്‍ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഇതിന് നല്‍കിയിട്ടുള്ള നിറങ്ങളില്‍ പുതുമ വരുത്തിയിട്ടുണ്ട്.

Content Highlights: Kia launches its mass-market Carens EV in India, boasting a 490km range