കേരളത്തിലെ ആദ്യ ബ്ലാക്ക് ബാഡ്ജ് കള്ളിനൻ 'കല്ല്യാൺ സിൽക്സിൽ'; പട്ടാഭിരാമന് പിറന്നാൾ സമ്മാനമായി റോൾസ് റോയിസ്

വാഹനങ്ങളിലെ ആഡംബരത്തിന്റെ അവസാന വാക്ക് എന്നാണ് റോൾസ് റോയിസ് വാഹനങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ വാഹന നിരയിൽ തന്നെ അൽപ്പം സ്പെഷ്യലാണ് കള്ളിനൻ എന്ന എസ്യുവിയുടെ ബ്ലാക്ക് ബാഡ്ജ് എഡിഷൻ പതിപ്പ്. ഇന്ത്യയിൽ ഏതാനും സെലിബ്രിറ്റികളുടെ വാഹന ശേഖരത്തിൽ എത്തിയിട്ടുള്ള കള്ളിനൻ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ കേരളത്തിലെ ആദ്യ ഉടമയായിരിക്കുകയാണ് കല്ല്യാൺ സിൽക്സ് മേധാവിയായ ടി.എസ്. പട്ടാഭിരാമൻ.
കേരളത്തിലെ ആദ്യ റോൾസ് റോയിസ് ബ്ലാക്ക് ബാഡ്ജ് കള്ളിനൻ കല്യാൺ സിൽക്സ് മേധാവിയുടെ ഗ്യാരേജിൽ എത്തിയ വിവരം റോൾസ് റോയിസ് ചെന്നൈയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാരൂഖ് ഖാൻ, മുകേഷ് അംബാനി തുടങ്ങിയ വ്യക്തികളാണ് ഇന്ത്യയിൽ ഈ വാഹനം സ്വന്തമാക്കിയിട്ടുള്ള മറ്റ് വ്യക്തികളിൽ ചിലർ. ഏകദേശം 12.25 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. കസ്റ്റമൈസേഷൻ വരുത്തുന്നതിന് അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.
വൈൽഡ് ബെറി എന്ന സവിശേഷമായ നിറത്തിലുള്ള വാഹനമാണ് പട്ടാഭിരാമൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ അകത്തളത്തിൽ ആർഡെന്റ് റെഡ്, സീഷെൽ എന്നീ നിറങ്ങൾ ഉപയോഗിച്ചുള്ള അലങ്കാരങ്ങളാണ് നൽകിയിരിക്കുന്നത്. ടി.എസ്. പട്ടാഭിരാമന്റെ 75-ാം പിറന്നാളിന്റെ ഭാഗമായി മക്കളും പേരക്കുട്ടികളും ചേർന്ന് നൽകിയ സമ്മാനമാണ് ഈ റോൾസ് റോയിസ് ബ്ലാക്ക് ബാഡ്ജ് കള്ളിനൻ എന്നാണ് റോൾസ് റോയിസ് ചെന്നൈ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
റോൾസ് റോയിസിന്റെ മുഖമുദ്രയായ ഗ്രില്ലിൽ ഉൾപ്പെടെ പുതുമ വരുത്തിയാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പ് എത്തുന്നത്. ഗ്ലോസ് ബ്ലാക്ക് ക്രോമിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ചിഹ്നം. 22 ഇഞ്ചാണ് ഇതിലെ അലോയി വീൽ. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്സ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനെ വ്യത്യസ്തമാക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാൽ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും.
ആഡംബരം തുളുമ്പുന്ന അകത്തളമാണ് ഈ വാഹനത്തിലുള്ളത്. ഉപയോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് അകത്തളം ഒരുക്കാം. പിൻനിരയിലുള്ളവർക്കായി 12 ഇഞ്ച് ടച്ച് സ്ക്രീൻ മോണിറ്റർ, ബ്ലൂ-റെയ് പ്ലെയർ, ഡിജിറ്റൽ ടെലിവിഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. നൈറ്റ് വിഷൻ ഫങ്ഷൻ, പെഡസ്ട്രിയൻ ആൻഡ് വൈൽഡ് ലൈഫ് അലേർട്ട്, അലേർട്ട്നെസ് അലേർട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യാമറ, വൈ-ഫൈ ഹോട്ട്സ്പോട്ട്, കൊളീഷൻ-ക്രോസ് ട്രാഫിക്-ലെയ്ൻ ഡിപാർച്ചർ വാണിങ് എന്നിവ സുരക്ഷയൊരുക്കും.
6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 12 എൻജിനാണ് കള്ളിനന്റെ എല്ലാ മോഡലിലും നൽകുന്നത്. സ്റ്റാൻഡേർഡ് കള്ളിനനെക്കാൾ 28 ബിഎച്ച്പി പവറും 50 എൻഎം ടോർക്കും ബ്ലാക്ക് ബാഡ്ജ് പതിപ്പിന് കൂടുതലാണ്. ബ്ലാക്ക് ബാഡ്ജ് എഡിഷൻ കള്ളിനൻ 592 ബി.എച്ച്.പി പവറും 900 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. കള്ളിനൻ സ്റ്റാൻഡേർഡ് പതിപ്പ് 571 ബി.എച്ച്.പി. പവറും 850 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: T.S. Pattabhiraman, CMD of Kalyan Silks, is the first owner of the Rolls-Royce Cullinan Black Badge in Kerala., The luxury SUV was gifted by his children and grandchildren for his 75th birthday., The vehicle features a Wild Berry exterior, Ardent Red and Seashell interior, and a 6.75-litre twin-turbocharged V12 engine., The ex-showroom price in India starts at approximately Rs 12.25 crore.