55 വർഷത്തിന് ശേഷം റേഞ്ച് റോവറിന് പുതിയ ലോഗോ; ആദ്യ EV എത്താനിരിക്കെ തന്ത്രങ്ങൾ മെനഞ്ഞ് JLR

photo: JLR
photo: JLR

റേഞ്ച് റോവർ ബ്രാൻഡിന് പുതിയ ലോഗോ നൽകി ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ (ജെഎൽആർ). ഈ വർഷം അവസാനം ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഇത്. ബ്രാൻഡിന്റെ വ്യാപാരമുദ്രയായ മിനിമലിസ്റ്റ്, വൈഡ്-സെറ്റ് ഫോണ്ടിലുള്ള രണ്ട് 'R' അക്ഷരങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ലോഗോ. 1970-ൽ ആദ്യ മോഡൽ പുറത്തിറങ്ങിയതിന് ശേഷം റേഞ്ച് റോവറിനായി രൂപകൽപന ചെയ്യുന്ന ലോഗോ എന്ന പ്രത്യേകതയും ഇതിനുണ്ട്.  

എന്നാൽ, എസ്‌യുവികളുടെ മുൻവശത്തും പിൻവശത്തും നിലവിൽ കാണുന്ന ഐക്കണിക് ' Range Rover' ബാഡ്ജിങിന് പകരമായി പുതിയ ലോഗോ വരില്ലെന്നാണ് ജെഎൽആർ അറിയിക്കുന്നത്. ലേബലുകളിലോ ഇവൻ്റ് സ്ഥലങ്ങളിലോ റേഞ്ച് റോവർ മാർക്കിനായുള്ള ഒരു ചെറിയ ചിഹ്നമായാണ് ഇത് വികസിപ്പിച്ചെടുത്തതെന്നാണ് കമ്പനി പറയുന്നത്. കമ്പനിയുടെ 'ഹൗസ് ഓഫ് ബ്രാൻഡ്സ്' തന്ത്രത്തിന്റെ ഭാഗമായി, ജാഗ്വാർ, ഡിസ്കവറി, ഡിഫൻഡർ എന്നിവയ്‌ക്കൊപ്പം ജെഎൽആറിന്റെ നാല് ഉപ-ബ്രാൻഡുകളിൽ ഒന്നായി റേഞ്ച് റോവറിനെ വേർതിരിച്ചിട്ടുണ്ട്. ഇവ ഓരോന്നിനും അതിന്റേതായ ബ്രാൻഡിങ്, സ്ഥാനം, വിപണന തന്ത്രങ്ങൾ എന്നിവയുണ്ട്. 

ഈ തന്ത്രത്തിന്റെ ഭാഗമായി, ലാൻഡ് റോവർ എന്ന പേര് ഒരു 'ട്രസ്റ്റ് മാർക്ക്' എന്ന പുതിയ പങ്ക് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. അതായത്, കമ്പനിയുടെ എസ്‌യുവികളിലെ ഡ്രൈവ്‌ട്രെയിനുകളെയും സാങ്കേതികവിദ്യയെയും പരാമർശിക്കാൻ ഇത് തുടർന്നും ഉപയോഗിക്കുമെങ്കിലും, മാതൃ ബ്രാൻഡ് എന്ന നിലയിൽ ഇത് ഇനി പരസ്യമായി അവതരിപ്പിക്കില്ല. ജെഎൽആറിന്റെ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി ലാൻഡ് റോവർ തുടരുമെന്നും ആ പേര് കാറുകളിൽ തുടർന്നും ഇടംപിടിക്കുമെന്നും സിഇഒ അഡ്രിയാൻ മർഡെൽ പറഞ്ഞു. 

അതേസമയം, പുതിയ ലോഗോ എവിടെ ഉപയോഗിക്കുമെന്നത് വ്യക്തമല്ല. മറ്റ് ലാൻഡ് റോവർ മോഡലുകളിൽനിന്ന് റേഞ്ച് റോവറിനെ വേർതിരിച്ചറിയാൻ ഇത് ഗ്രില്ലിലും ഇന്റീരിയർ അപ്ഹോൾസ്റ്ററിയിലും ഇടംപിടിക്കാനാണ് സാധ്യത. ആദ്യ ഇലക്ട്രിക് വാഹനത്തിൽ ഈ ലോ​ഗോ ആയിരിക്കുമോ ഉണ്ടാവുക എന്നതും കാത്തിരുന്നു കാണണം. 
 

Content Highlights: JLR reveals new logo for Range Rover