ഈ ടീം ഫുട്‌ബോൾ വേൾഡ്കപ്പ് നേടിയാൽ 100റാങ്ക്‌ളർ ജനങ്ങൾക്ക് സമ്മാനം; കുറച്ച് നിബന്ധനകളുണ്ട്

ലോകം മുഴുവൻ വേൾഡ് കപ്പ് ഫുട്‌ബോൾ ആവേശത്തിൽ നിറഞ്ഞിരിക്കുന്നത് കണക്കിലെടുത്ത് ഫുട്‌ബോൾ പ്രേമികൾക്ക് മുന്നിലേക്ക് ഒരു വലിയ വാഗ്ദാനം നൽകിയിരിക്കുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്. കമ്പനിയുടെ ഏറ്റവും ജനപ്രിയ എസ്‌യുവി മോഡലായ റാങ്ക്‌ളറിന്റെ 100 വാഹനങ്ങൾ സമ്മാനമായി നൽകുന്ന സ്‌കീമാണ് ജീപ്പ് ഫുട്‌ബോൾ ആരാധകർക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്.
എന്നാൽ, ഏതാനും ചില ഉപാധികളോടെയാണ് ഈ സമ്മാന പദ്ധതി ജീപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 2026 ഫിഫ വേൾഡ് കപ്പിൽ അമേരിക്കയുടെ ടീം വേൾഡ് കപ്പ് സ്വന്തമാക്കിയാൽ മാത്രമായിരിക്കും സമ്മാനം നൽകുകയെന്നതാണ് പ്രധാന ഉപാധി. വേറെയുമുണ്ട് ചില കടമ്പകൾ. ഇത്തരത്തിൽ അമേരിക്ക വിജയികളായാൽ ജോർജ് വാഷിങ്ടൺ എന്ന് പേരുള്ള 100 പേർക്കായിരിക്കും റാങ്ക്‌ളർ എസ്‌യുവി സമ്മാനമായി നൽകുക.
ജീപ്പിന്റെ ഈ സമ്മാന പദ്ധതി അമേരിക്കൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജോർജ് വാഷിങ്ടൺ എന്ന് ഡ്രൈവിങ് ലൈസൻസിൽ പേരുള്ള അമേരിക്കയുടെ പൗരന്മാർക്ക് ഈ സമ്മാന പദ്ധതിയുടെ ഭാഗമാകാമെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവർക്ക് സമ്മാന പദ്ധതിക്കായി പ്രത്യേകമായി തയാറാക്കിയ പ്ലാറ്റ്‌ഫോം മുഖേന രജിസ്റ്റർ ചെയ്യാമെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്.
100 വാഹനങ്ങളാണ് സമ്മാനമായി നൽകുന്നത്. അമേരിക്കയാണ് വേൾഡ് കപ്പിൽ ജയിക്കുന്നതെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്ത 100 ജോർജ് വാഷിങ്ടൺമാർക്ക് ജീപ്പ് റാങ്ക്‌ളർ സമ്മാനമായി കൊണ്ടുപോകാം. ഈ സമ്മാന പദ്ധതിയിൽ ജീപ്പിന്റെ മാതൃകമ്പനികളായ സ്റ്റെല്ലാന്റിസ്, എഫ്‌സിഎ, ഇവയുടെ അനുബന്ധ കമ്പനി എന്നിവയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ ബന്ധുക്കൾക്കും പങ്കെടുക്കാൻ സാധിക്കില്ലെന്നും സംഘാടകർ അറിയിച്ചു.
ജോർജ് വാഷിങ്ടൺ എന്ന പേരിൽ അമേരിക്കയിൽ ഏകദേശം 400-ഓളം ആളുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വളരെ മത്സര രംഗത്തുള്ള ആളുകളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് ജീപ്പ് കണക്കാക്കുന്നത്. റാങ്ക്‌ളറിന്റെ ടൂ ഡോർ മോഡലാണ് പദ്ധതിയിൽ ഒരുക്കിയിരിക്കുന്ന സമ്മാനം. 39,685 ഡോളറാണ് (37.44 ലക്ഷം രൂപ) അമേരിക്കയിൽ ഈ എസ്‌യുവിയുടെ വില.
Content Highlights: Jeep is giving away 100 Wrangler two-door SUVs., Contest is exclusive to US citizens named George Washington., Condition: USA must win the 2026 FIFA World Cup., Participants must register via the official Jeep platform., Employees of Stellantis and FCA are ineligible.