ലക്ഷം ലക്ഷം പിന്നാലെ, 45 ലക്ഷം കുടുംബങ്ങള്‍ക്ക് യാത്രയൊരുക്കി മാരുതി സുസുക്കി ആള്‍ട്ടോ

ഇന്ത്യയിലെ സാധാരണക്കാരുടെ കാര്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കിയ വാഹനമാണ് മാരുതി സുസുക്കി ആള്‍ട്ടോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള കാര്‍ എന്ന സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള ആള്‍ട്ടോ 45 ലക്ഷം യൂണിറ്റുകള്‍ നിരത്തുകളില്‍ എത്തിച്ചതിന്റെ ആഘോഷത്തിലാണ്. 2000-ത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിത്തുടങ്ങിയ ഈ വാഹനം 23 വര്‍ഷത്തിനുള്ളിലാണ് 45 ലക്ഷത്തിലധികം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.
ആള്‍ട്ടോ മുതല്‍ ആള്‍ട്ടോ കെ10 വരെയുള്ള മോഡലുകള്‍ ചേര്‍ന്നാണ് ഈ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. 2000-ത്തില്‍ ആണ് ആദ്യ ആള്‍ട്ടോ മാരുതിയില്‍ നിന്ന് എത്തുന്നത്. ആദ്യ നാല് വര്‍ഷം വിപണിയില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കില്‍ 2004-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമായി ആള്‍ട്ടോ മാറി. പിന്നീട് തുടര്‍ച്ചയായി ആള്‍ട്ടോ തന്നെയായിരുന്നു ഒന്നാമന്‍. 2010 ആയതോടെ ആള്‍ട്ടോയുടെ വിജയം പങ്കിടുന്നതിനായി പുതിയ ഒരു മോഡല്‍ കൂടി എത്തുകയായിരുന്നു ആള്‍ട്ടോ കെ10.
2012-ഓടെ അതുവരെ ഉണ്ടായിരുന്ന ആള്‍ട്ടോ നിരത്തൊഴിയുകയായിരുന്നു. ആള്‍ട്ടോയില്‍ നിന്നും മാരുതി 800-നിന്നും പേരുകള്‍ സ്വീകരിച്ച് ആള്‍ട്ടോ 800 ആണ് പിന്നീട് അങ്ങോട്ട് വിപണിയില്‍ എത്തിയത്. ഇതിനൊപ്പം 2012-ല്‍ മറ്റൊരു നേട്ടവും മാരുതി ആള്‍ട്ടോയ്ക്ക് ഉണ്ടായി. വില്‍പ്പനയില്‍ 20 ലക്ഷം എന്ന നമ്പര്‍ പിന്നിട്ടതും ഇതേവര്‍ഷമാണ്. 2014-ല്‍ ആള്‍ട്ടോ കെ10-ന്റെ ആദ്യ തലമുറ മോഡലിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും രണ്ടാം തലമുറ മോഡല്‍ അവതരിപ്പിക്കുകയും ചെയ്തു.
2012-ശേഷം 2016 വരെയുള്ള നാല് വര്‍ഷം കൊണ്ട് ആള്‍ട്ടോയുടെ വില്‍പ്പന വീണ്ടും കുതിക്കുകയായിരുന്നു. ഈ നാല് വര്‍ഷത്തില്‍ 10 ലക്ഷം യൂണിറ്റിന്റെ കൂടി വില്‍പ്പന പൂര്‍ത്തിയാക്കി 2016-ലാണ് 30 ലക്ഷം എന്ന നമ്പറും മറികടക്കുന്നത്. 2020 നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ആള്‍ട്ടോ 800 മുഖംമിനുക്കി എത്തിയാതാണ് ആദ്യനേട്ടമെങ്കില്‍ വീല്‍പ്പനയില്‍ 40 ലക്ഷം എന്ന മാജിക് നമ്പറില്‍ എത്തുകയുമായിരുന്നു. തുടര്‍ച്ചയായി 16 വര്‍ഷങ്ങളിലും ആള്‍ട്ടോ ബെസ്റ്റ് സെല്ലിങ്ങ് കാര്‍ പട്ടം നിലനിര്‍ത്തിയതും ചരിത്രമാണ്.
ഒരു സമയത്ത് ആള്‍ട്ടോ കെ10-ന്റെ സ്വാധീനം കുറഞ്ഞെങ്കിലും 2022-ല്‍ കെ10-ന്റെ മൂന്നാം തലമുറ മോഡലുമായി മാരുതി വീണ്ടും ആള്‍ട്ടോ നിര വിപുലമാക്കുകയായിരുന്നു. 2023-ലെ നേട്ടമായി കണക്കാക്കുന്നത് 45 ലക്ഷം എന്ന നമ്പര്‍ മറികടന്നെന്നതാണ്. മാരുതിയുടെ മറ്റൊരു ഹാച്ച്ബാക്ക് വാഹനമായ സെന്നിന് പകരക്കാരാനാകാനാണ് ആള്‍ട്ടോ എത്തിയത്. ആദ്യഘട്ടത്തില്‍ ആള്‍ട്ടോ എല്‍എക്സില്‍ 796 സിസി എന്‍ജിനും വിഎക്സില്‍ 1100 സിസി എന്‍ജിനുമാണ് നല്‍കിയിരുന്നത്.
796 സി.സി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരുന്നു ആള്‍ട്ടോ 800-ല്‍ നല്‍കിയിരുന്നത്. 6000 ആര്‍.പി.എമ്മില്‍ 47 ബി.എച്ച്.പി പവറും 3500 ആര്‍.പി.എമ്മില്‍ 69 എന്‍.എം. ടോര്‍ക്കുമായിരുന്നു ഈ എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ മാത്രമായിരുന്നു ഇതിലെ ട്രാന്‍സ്മിഷന്‍. അതേസമയം, 2022-ല്‍ എത്തിയ ആള്‍ട്ടോ കെ10-ല്‍ 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.ടി എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 66.62 പി.എസ്. പവറും 89 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ആള്‍ട്ടോ കെ10 എത്തുന്നുണ്ട്.
Content Highlights: India’s highest selling car, Maruti Suzuki Alto celebrates 45 lakh customers