ആദ്യ മാരുതി 800-ന് പുനര്‍ജന്മം; ഇനി തലയെടുപ്പോടെ സുസുക്കി ആസ്ഥാനത്ത്

ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വാഹനമാണ് മാരുതി 800. ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ച മോഡല്‍. ഒരു പതിറ്റാണ്ടിന് മുമ്പ് നിരത്തൊഴിഞ്ഞിരുന്നെങ്കിലും ഇന്നും ഈ വാഹനത്തിന്റെ ആരാധകവൃന്ദത്തിന് കുറവ് വന്നിട്ടില്ല. ഈ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് മാരുതിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ട്വിറ്ററില്‍ പങ്കുവെച്ചത്.
മാരുതി സുസുക്കിയുടെ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള ആദ്യ 800-ന്റെ ചിത്രമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 1983-ല്‍ പുറത്തിറക്കിയ ഈ ആദ്യ വാഹനം 39 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേരൂപത്തിലാണ് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ ആദ്യ രൂപമായ മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്നാണ് ഈ വാഹനം 1983-ല്‍ പുറത്തിറങ്ങിയത്. മാരുതിയുടെ ഹരിയാനയിലെ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിച്ചത്.
മാരുതി നിര്‍മിച്ച 800 എന്ന കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ആദ്യ യൂണിറ്റ് ഡല്‍ഹിയില്‍ നിന്നുള്ള ഹര്‍പാല്‍ സിങ്ങ് എന്ന വ്യക്തിയാണ് സ്വന്തമാക്കിയത്. മാരുതിയുടെ വാഹന നിര്‍മാണശാല ഉദ്ഘാടനം ചെയ്യാനെത്തിയ അപ്പോഴത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയാണ് ആദ്യ മാരുതി 800-ന്റെ താക്കോല്‍ ഹര്‍പാല്‍ സിങ്ങിന് കൈമാറിയത്. DIA 6479 എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച ഈ വാഹനം അദ്ദേഹം മരണം വരെ കൈമാറിയിരുന്നില്ല.
എന്നാല്‍, 2010-അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വാഹനവും അനാഥമാകുകയായിരുന്നു. പരിപാലനം ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ തുരുമ്പെടുത്ത് നശിക്കുന്ന വാഹനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രം കണ്ട് പലരും ഇത് സ്വന്തമാക്കാന്‍ എത്തിയെങ്കിലും ഇതിനെ പ്രവര്‍ത്തനക്ഷമമാക്കുന്നത് ശ്രമകരവുമായിരുന്നു. ഒടുവില്‍ ഈ വാഹനത്തിന്റെ നിര്‍മാതാക്കളായ മാരുതി തന്നെ ആദ്യ 800-നെ തേടി എത്തി.
നിര്‍മാണ ഘട്ടത്തില്‍ ഈ വാഹനത്തില്‍ ഉപയോഗിച്ചിരുന്ന പാര്‍ട്‌സുകള്‍ തന്നെ ഉപയോഗിച്ച് ആദ്യ മാരുതി 800-ന് മാരുതി സുസുക്കി പുനര്‍ജന്മം നല്‍കുകയായിരുന്നു. പഴമയുടെ എല്ലാ സൗന്ദര്യങ്ങളും നല്‍കി ഒരുക്കിയ ഈ വാഹനം പക്ഷെ പ്രായാധിക്യം മൂലം നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഈ വാഹനം മാരുതിയുടെ ചരിത്ര സ്മാരകമായി മാരുതി സുസുക്കിയുടെ മുഖ്യ ആസ്ഥാനത്ത് പ്രദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1983-ല്‍ പുറത്തിറങ്ങിയ മാരുതി 800 എന്ന മോഡല്‍ ആ കാലത്ത് എസ്.എസ്.80 എന്ന പേരിലാണ് അറിയിപ്പെട്ടിരുന്നത്. 796 സി.സി. മൂന്ന് സിലിണ്ടര്‍ കാര്‍ബുറേറ്റഡ് എന്‍ജിനായിരുന്നു ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. പിന്നീട് എന്‍ജിനില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് മാറുകയായിരുന്നു. ഒടുവില്‍ 2014-ല്‍ നിര്‍മാണം അവസാനിപ്പിക്കുന്ന കാലഘട്ടത്തില്‍ 796 സി.സി. എഫ്8ഡി എന്‍ജിനായിരുന്നു മാരുതി 800-ന്റെ ഹൃദയം.
Content Highlights: India’s first Maruti 800 restored and displayed at Maruti Suzuki headquarters