കുതിച്ച് ഇലക്ട്രിക് വാഹന വിപണി; സ്റ്റാറായി എംജി വിൻഡ്സർ, മഹീന്ദ്രക്ക് കരുത്തായി BE6, XEV9e

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വളർച്ചയാണ് ഓരോ വർഷവും രേഖപ്പെടുത്തുന്നത്. കൂടുതൽ ഇലക്ട്രിക് വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് വരികയും വിവിധ ശ്രേണികളിലുള്ള ഇലക്ട്രിക് മോഡലുകൾ നിരത്തുകളിൽ എത്തുകയും ചെയ്യുന്നത് വിൽപ്പനയ്ക്ക് കുതിപ്പേകുന്നുണ്ട്. ഇതിന്റെ നേർസാക്ഷ്യമാണ് 2025 കലണ്ടർ വർഷത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഉണ്ടായിട്ടുള്ള വളർച്ച.
2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ 1,76,500 ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2024-ലെ വിൽപ്പനയെ അപേക്ഷിച്ച് 77 ശതമാനത്തിന്റെ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 2025-ൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കരുത്താർജിച്ചതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. കാറുകളും എസ്‌യുവികളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ കണക്കാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന സ്ഥാനം ടാറ്റ മോട്ടോഴ്‌സ് വീണ്ടും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, 2024-ൽ 62 ശതമാനമായിരുന്നു വിപണി വിഹിതമെങ്കിൽ 2025-ൽ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് ഈ മേഖലയിൽ കൂടുതൽ കരുത്താർജിച്ചതും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് കൂടുതൽ മോഡലുകൾ എത്തിയതുമാണ് ടാറ്റയുടെ വിപണി വിഹിതം കുറയാൻ കാരണമായി വിലയിരുത്തുന്നത്.
ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സാണ് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും വലിയ വെല്ലുവിളി. 47,574 യൂണിറ്റിന്റെ വിൽപ്പനയോടെ ഇലക്ട്രിക് വാഹന വിപണിയുടെ 30 ശതമാനം എംജി മോട്ടോഴ്‌സ് പിടിച്ചെടുത്തിട്ടുണ്ട്. 2024-ൽ 20 ശതമാനമായിരുന്നു ഇത്. വിൻഡ്‌സർ എന്ന വാഹനമാണ് എംജി മോട്ടോഴ്‌സിന്റെ കുതിപ്പിന് ഇന്ധനമേകുന്നത്. 2025-ൽ 46,735 വിൻഡ്‌സർ ഇ.വിയാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്. 2025-ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് മോഡൽ വിൻഡസറാണ്.
മഹീന്ദ്രയാണ് ഈ മേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച വാഹന നിർമാതാക്കൾ. ബിഇ6, എക്‌സ്ഇവി 9ഇ തുടങ്ങിയ മോഡലുകളുടെ വരവാണ് മഹീന്ദ്രയുടെ കുതിപ്പിന് കാരണം. 2024-ൽ 6757 യൂണിറ്റായിരുന്നു മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെങ്കിൽ 2025-ൽ അത് 30191 യൂണിറ്റായി വർധിപ്പിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. അതായത് 347 ശതമാനത്തിന്റെ വളർച്ചയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മഹീന്ദ്ര കൈവരിച്ചിരിക്കുന്നത്.
2025-ലെ 11 മാസത്തെ കണക്ക് അനുസരിച്ച് ടാറ്റ മോട്ടോഴ്‌സ് 63,046 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാൽ, 2024-ലെ അപേക്ഷിച്ച് കേവലം 10 ശതമാനത്തിന്റെ മാത്രം വർധനവാണ് ഈ ശ്രേണിയിൽ കൈവരിച്ചിരിക്കുന്നത്. ഹാരിയർ ഇവി പോലെയുള്ള ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനം എത്തിച്ചിട്ടും വിപണിയിലെ മുൻനിര സ്ഥാനം കൈവിട്ട് പോയതും ശ്രദ്ധേയമാണ്. വിവിധ ശ്രേണികളിൽ ഒന്നിലധികം എതിരാളികൾ എത്തുന്നതും തിരിച്ചടിയാണെന്നാണ് വിലയിരുത്തലുകൾ.
ഇലക്ട്രിക് വാഹനങ്ങളിൽ ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കൾക്കും 2025 നേട്ടത്തിന്റെ വർഷമായിരുന്നു. 6435 ഇലക്ട്രിക് വാഹനങ്ങളാണ് ഹ്യുണ്ടായി 2025-ൽ നിരത്തുകളിൽ എത്തിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 621 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-നെ അപേക്ഷിച്ച് വിൽപ്പന ഇരട്ടിയാക്കിയെന്ന് അവകാശപ്പെടുന്ന ബിവൈഡി 5122 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. കിയോ മോട്ടോഴ്‌സ് ഇന്ത്യയിൽ 2398 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്.
Content Highlights: India`s EV market explodes in 2025, with sales up 77% to 176,500 units. Tata Motors leads, but faces strong challenges from MG Motors and Mahindra`s impressive growth. Discover the top EVs!