ഫൈവ്സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന ആദ്യ ഹ്യുണ്ടായി കാര്‍; ക്രാഷ്‌ടെസ്റ്റില്‍ ഇടിച്ചുനേടി വെര്‍ണ| Video

ഹ്യുണ്ടായി വെര്‍ണയുടെ ക്രാഷ് ടെസ്റ്റ് | Photo: Global NCAP
ഹ്യുണ്ടായി വെര്‍ണയുടെ ക്രാഷ് ടെസ്റ്റ് | Photo: Global NCAP

ഇന്ത്യയിലെ പ്രീമിയം സെഡാന്‍ വാഹനങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹ്യുണ്ടായിയുടെ വെര്‍ണ എന്ന മോഡലിനുള്ളത്. പല തവണയായി വരുത്തിയ മുഖംമിനുക്കലിലും തലമുറ മാറ്റത്തിലും ആഡംബര സെഡാനുകളുടെ പ്രൗഢി കൈവന്ന ഈ വാഹനം കാഴ്ചയിലെ അഴകിനൊപ്പം അതിസുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്ലോബല്‍ എന്‍ക്യാപ് ഇടിപരീക്ഷയിലൂടെ. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയാണ് ഈ വാഹനം കരുത്ത് തെളിയിച്ചിരിക്കുന്നത്. 

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് ആവശ്യപ്പെടുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുട്ടികളുടെയും മുതര്‍ന്നവരുടെയും സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനം ഇടിച്ച് നേടിയത്. മുതര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 34-ല്‍ 28.18 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 42-മാണ് വെര്‍ണയ്ക്ക് ലഭിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍നിര യാത്രക്കാരുടെ തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ മികച്ച സുരക്ഷയും കഴുത്തിന് താഴെ അനിവാര്യമായ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്.

വാഹനത്തിന്റെ വശങ്ങളുടെ ഉറപ്പ് അറിയുന്നതിനായി നടത്തുന്ന സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിലും മെച്ചപ്പെട്ട പ്രകടനമാണ് വെര്‍ണ കാഴ്ചവെച്ചിരിക്കുന്നത്. പിന്‍നിരയില്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയാണ് ഈ വാഹനം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. വാഹനത്തിന്റെ ബോഡി ഷെല്‍ കരുത്തുറ്റതാണെന്നും ഫുട്ട്‌വെല്‍ ഏരിയ വളരെ ദൃഢമായാണ് ഒരുങ്ങിയിട്ടുള്ളതെന്നുമാണ് സേഫ്റ്റി ബോഡി ഈ വാഹനത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. 

ഇന്ത്യന്‍ നിരത്തുകളില്‍ സുരക്ഷിതമായ വാഹനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് നിര്‍മിക്കുന്ന വാഹനങ്ങള്‍ ക്രാഷ്‌ടെസ്റ്റിന് എത്തിക്കുന്നത്. ഹ്യുണ്ടായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്ന ആദ്യ മോഡല്‍ എന്ന വിശേഷണമാണ് ഈ നേട്ടത്തോടെ വെര്‍ണയെ തേടി എത്തിയിരിക്കുന്നത്. ഇതിനൊപ്പം ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടുന്ന ഹ്യുണ്ടായി മോഡലും വെര്‍ണയായി. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വെര്‍ണയുടെ പുതിയ മോഡല്‍ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 115 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍.എ. പെട്രോള്‍, 160 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വെര്‍ണ എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.സി.ടി, ഐ.വി.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 10.96 ലക്ഷം രൂപ മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Content Highlights: Hyundai verna achieve five star rating in global ncap crash test, Global NCAP, Hyundai Verna