ഈ വർഷത്തെ ബിഗ് പ്ലാൻ വെളിപ്പെടുത്തി ഹ്യുണ്ടായി; ലക്ഷ്യം എസ്‌യുവി ശ്രേണിയുടെ മേധാവിത്വം

ഇന്ത്യയിലെ വാഹന വിപണിയിൽ മൂന്ന് പതിറ്റാണ്ടിന്റെ കുതിപ്പ് പൂർത്തിയാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇന്ത്യയിലെ ഏറ്റവു വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന ഖ്യാതി പലപ്പോഴായി സ്വന്തം പേരിനൊപ്പം എഴുതി ചേർത്തിട്ടുള്ള ഈ വാഹന നിർമാതാക്കൾ വിപണിയിൽ കൂടുതൽ കരുത്താർജിക്കാനുള്ള നീക്കങ്ങളിലാണ്. ഇതിനായി പുതിയ മോഡലുകളുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി.
ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് പുതിയ രണ്ട് എസ്‌യുവികൾ എത്തിക്കുകയെന്നതാണ് സമീപ ഭാവിയിലേക്ക് ഒരുക്കിയിട്ടുള്ള പദ്ധതി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുതിയ രണ്ട് എസ്‌യുവികൾ ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് എത്തുമെന്നാണ് കമ്പനിയുടെ മേധാവി അറിയിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തെ ഹ്യുണ്ടായി ഇന്ത്യയുടെ നിക്ഷേപക സംഗമത്തിലാണ് പുതിയ വാഹനങ്ങൾ എത്തുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ക്രെറ്റ എന്ന വാഹനത്തിലൂടെ ഹ്യുണ്ടായി ആധിപത്യം ഉറപ്പിച്ചിട്ടുള്ള മിഡ് സൈസ് എസ്‌യുവിയിലേക്കും കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കുമായിരിക്കും ഈ രണ്ട് എസ്‌യുവികൾ എത്തുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ എത്തുന്ന വാഹനം ഐസ് പതിപ്പായിരിക്കുമെന്നും കോംപാക്ട് എസ്‌യുവി ശ്രേണിക്കായി ഒരുങ്ങുന്ന വാഹനം ഇലക്ട്രിക് പവർട്രെയിനിലുള്ളതായിരിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹ്യുണ്ടായി വിദേശ വിപണിയിൽ എത്തിച്ചിട്ടുള്ള ക്രോസ് ഓവർ മോഡലായ ബയോൺ ആയിരിക്കും മിഡ് സൈസ് എസ്‌യുവി നിരയിലേക്ക് എത്തുന്നത്. 4.18 മീറ്റർ നീളത്തിൽ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ വിപണിയിലെ സ്ഥാനം ക്രെറ്റയ്ക്കും താഴെയായിരിക്കുമെന്നാണ് സൂചന. ഇന്ത്യൻ നിരത്തുകളിൽ മാരുതി സുസുക്കി ഫ്രോങ്‌സ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ശക്തമായ മത്സരം സമ്മാനിക്കാൻ പോകുന്ന മോഡലായിരിക്കും ബയോൺ എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രദേശികമായി വികസിപ്പിക്കുന്ന ഒരു ഇലക്ട്രിക് വാഹനം ഇന്ത്യയിൽ എത്തിക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു. ഈ വാഹനമായിരിക്കും രണ്ടാമതായി എത്തുന്നത്. ടാറ്റ പഞ്ച് എസ്‌യുവിയുടെ ശ്രേണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നെക്‌സോണുമായി മത്സരിക്കാനുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായിയിൽ ഒരുങ്ങുന്നതെന്നാണ് പുതിയ സൂചനകൾ. എച്ച്ഇ1 ഐ എന്ന കോഡ് നെയിമിലായിരിക്കും ഈ വാഹനം നിർമിക്കുകയെന്നാണ് വിവരം.
വിദേശ നിരത്തുകളിൽ ഹ്യുണ്ടായി എത്തിച്ചിട്ടുള്ള ഇൻസ്റ്റർ എന്ന വാഹനവുമായി പ്ലാറ്റ്‌ഫോം പങ്കിട്ടാണ് ഈ ഇലക്ട്രിക് എസ്‌യുവി ഒരുങ്ങുന്നത്. സ്റ്റാന്റേഡ്, ലോങ് റേഞ്ച് പതിപ്പുകളായി എത്തുന്ന ഈ വാഹനം പരമാവധി 350 കിലോമീറ്ററിന് മുകളിൽ റേഞ്ച് ഉറപ്പാക്കുന്നവയായിരിക്കും. ഇൻസ്റ്ററുമായി ഡിസൈൻ സമാനതകളോടെയായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. മെക്കാനിക്കൽ സംബന്ധമായ വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Hyundai to launch two new SUVs by the end of FY 2025-26., Introduction of the Bayon crossover to compete in the mid-size segment., Launch of a new locally developed electric SUV (codenamed HE1i)., The new electric SUV will share a platform with the Hyundai Inster., Strategic goal to strengthen market position against competitors like Maruti Suzuki and Tata.