വരവ് വിദേശത്തുനിന്ന്, ഹ്യുണ്ടായിയിലെ രണ്ടാം ഇ.വി; ഒരുവര്‍ഷത്തിനുള്ളിൽ അയോണിക്-5 ആയിരം യൂണിറ്റിൽ

ഹ്യുണ്ടായി ഇന്ത്യയുടെ വാഹനനിരയിലെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായി വിപണിയില്‍ എത്തിയ വാഹനമായിരുന്നു അയോണിക്-5 എന്ന പ്രീമിയം ക്രോസ്ഓവര്‍. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ഈ വാഹനത്തിന് 45.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ എത്തി ഒരുവര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ അയോണിക് 5-ന്റെ 1000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്. പ്രീമിയം ഇലക്ട്രിക് വാഹനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിലയിലെത്തിയ ഈ വാഹനം ആദ്യ 500 യൂണിറ്റിന്റെ വില്‍പ്പന അതിവേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ മാസത്തില്‍ വിതരണം ആരംഭിച്ച ഈ വാഹനം ജൂലായ് ആയപ്പോഴേക്കും 500 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടുള്ള 500 യൂണിറ്റാണ് നവംബര്‍ വരെയുള്ള മാസങ്ങളില്‍ വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ഇന്ന് എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഉയര്‍ന്ന റേഞ്ചുള്ള മോഡല്‍, താരതമ്യേനയുള്ള വില കുറവ്, ഫീച്ചറുകളുടെ സമ്പന്നത, കാഴ്ചയിലുള്ള ആഡംബര ഭാവം തുടങ്ങിയ ഘടകങ്ങളാണ് അയോണിക്-5 എന്ന വാഹനത്തിന്റെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. 2028-ഓടെ അഞ്ച് ഇലക്ട്രിക് മോഡലുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുണ്ടായി പ്രഖ്യാപിച്ച ബിയോണ്ട് മൊബിലിറ്റിയുടെ ഭാഗമായി എത്തിയ രണ്ടാമനാണ് അയോണിക്-5.
ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള മോഡലുകളില്‍ പ്രധാനിയാണ് അയോണിക് 5. പാരാമെട്രിക് പിക്‌സല്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നത്. ഫ്‌ളാറ്റ് ബോണറ്റ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കി സിംപിള്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ അഭാവമുള്ളതിനാല്‍ തന്നെ ബോണറ്റിലാണ് ഹ്യുണ്ടായിയുടെ ലോഗോ നല്‍കിയിട്ടുള്ളത്.
ഫീച്ചര്‍ സമ്പന്നമാണ് അയോണിക് 5-ന്റെ അകത്തളം. ലോഗോ നല്‍കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീല്‍. ഒറ്റ സക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന് പ്രീമിയം ഭാവം നല്‍കുന്നു. മുന്‍ നിരയില്‍ രണ്ട് സീറ്റും ഓട്ടോമാന്‍ സംവിധാനത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. സെന്റര്‍ കണ്‍സോള്‍ സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ സീറ്റുകളുടെ മധ്യത്തില്‍ മികച്ച സ്‌പേസും ലഭിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും വെന്റിലേറ്റഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഇന്നുള്ളതില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനങ്ങളിലൊന്നാണ് അയോണിക്-5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72.6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Hyundai Ioniq5 electrive vehicle achieve 1000 unit sale in one year, Hyundai Ioniq 5