ഇന്നോവ ഹൈക്രോസിന് എതിരാളി, ക്രിസ്റ്റയുടെ പകരക്കാരൻ; ഇന്ത്യയിൽ പുതിയ MPV എത്തിക്കാൻ ഹ്യുണ്ടായി

ഹാച്ച്ബാക്ക് മുതൽ എസ്യുവി വരെയുള്ള ഇന്ത്യയിലെ എല്ലാ വാഹന ശ്രേണിയിലും കടുത്ത മത്സരമാണ് നടക്കുന്നത്. ഓരോ സെഗ്മെന്റിലേയും വിജയം മാറിമാറി വരാറുമുണ്ട്. എന്നാൽ, എംപിവി സെഗ്മെന്റിൽമാത്രം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ ഏറെയായി മത്സരം നടക്കാറില്ല. ടൊയോട്ട ഇന്നോവയാണ് ഈ ശ്രേണിയിലെ എക്കാലത്തെയും ഒന്നാമൻ. ക്രിസ്റ്റയിലൂടെയും ഹൈക്രോസിലൂടെയുമെല്ലാം ആദ്യസ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്യുന്നുണ്ട്.
എന്നാൽ, എംപിവി ശ്രേണിയിലെ ടൊയോട്ടയുടെ ഈ ആധിപത്യത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇതിനായി എംപിവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി എന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. Ki 1i എന്ന കോഡ് നെയിമിലാണ് ഹ്യുണ്ടായിയുടെ പുതിയ എംപിവിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എതിരാളി ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസാണ്.
ഇന്ത്യൻ വിപണിയിൽ എത്തുന്ന ഹ്യുണ്ടായിയുടെ ആദ്യ എംപിവി എന്ന ഖ്യാതിയോടെയായിരിക്കും ഈ വാഹനം വിപണിയിൽ അവതരിപ്പിക്കുക. 2030-ഓടെ ഹ്യുണ്ടായി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുള്ള 30 വാഹനങ്ങളിൽ ഇന്ത്യയ്ക്കായി ഒരു എംപിവി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ മുമ്പ് അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് Ki 1i എന്ന കോഡ് നെയിമിൽ നിർമിക്കുന്ന ഈ വാഹനം.
എർട്ടിഗ, കാരൻസ് എന്നീ വാഹനങ്ങൾ ഇന്ത്യയിലെ എംപിവി ശ്രേണിയിലുള്ള മോഡലുകളാണെങ്കിൽ സി-സെഗ്മെന്റിലേക്കാണ് ഹ്യുണ്ടായിയുടെ എംപിവി എത്തുന്നത്. ഈ വിഭാഗത്തിൽ ഹൈക്രോസ് മാത്രമാണുള്ളത്. കൂടുതൽ നീളം ഉറപ്പാക്കുന്നതിനായി സാന്റാ ഫേയിൽ അടിസ്ഥാനമൊരുക്കുന്ന എൻ 3 പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എംപിവി ഹ്യുണ്ടായി നിർമിക്കുകയെന്നാണ് പ്രതീക്ഷ. 2027-ൽ ഇന്നോവ ക്രിസ്റ്റ നിർത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഈ വിടവ് നികത്താനാണ് ഹ്യുണ്ടായിയുടെ പദ്ധതി.
ഫീച്ചർ സമ്പന്നമായതും സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യം നൽകി എത്തുന്നതുമായ വാഹനമായിരിക്കും ഹ്യുണ്ടായിയുടെ എംപിവി. മെക്കാനിക്കൽ സംവിധാനങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ ക്രെറ്റ, അൽകസാർ തുടങ്ങിയ വാഹനങ്ങളുടെ ഡീസൽ പതിപ്പിൽ നൽകിയിട്ടുള്ള 117 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ ഈ വാഹനത്തിൽ നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Hyundai is developing its first-ever MPV in India under the codename Ki 1i., The new MPV directly targets the Toyota Innova Hycross in the C-segment., Expected to be built on the N3 platform derived from the Santa Fe., Part of Hyundai's plan to launch 30 vehicles in India by 2030.