ഇലക്ട്രിക് എസ്.യു.വിയില്‍ ത്രികോണ മത്സത്തിന് കളമൊരുങ്ങുന്നു; ഹ്യുണ്ടായി ക്രെറ്റ ഇ.വി. 17-ന് എത്തും

ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ കര്‍വ് ഇ.വി, മഹീന്ദ്ര ബി.ഇ.6ഇ എന്നീ വാഹനങ്ങള്‍ തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നതിനിടെയാണ് ത്രികോണ മത്സരത്തിനുള്ള സാധ്യത തുറന്നിട്ട് ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് പ്രഖ്യാപിക്കുന്നത്. ഹ്യുണ്ടായിയുടെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ച് ആയി ക്രെറ്റ ഇലക്ട്രിക് ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയുടെ ആദ്യദിനമായ ജനുവരി 17-ന് അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തുന്ന മോഡല്‍ എന്നതായിരിക്കും പ്രധാന ആകര്‍ഷണം. കോന, അയോണിക് 5 എന്നീ രണ്ട് ഇലക്ട്രിക് മോഡലുകള്‍ ഹ്യുണ്ടായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ ജൂണ്‍ മാസത്തോടെ കോന വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ക്രെറ്റയുടെ വരവിന് മുന്നോടിയായാണ് കോന വിപണിയില്‍ നിന്ന് പിന്‍വലിച്ചതെന്നായിരുന്നു അഭ്യൂഹങ്ങള്‍.
അവതരണത്തിന് മുന്നോടിയായി ക്രെറ്റ ഇലക്ട്രിക്കിന്റെ ഫീച്ചറുകളും മെക്കാനിക്കല്‍ സവിശേഷതകളും ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു. 51.4 കിലോവാട്ട്, 42 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ പുതിയ ക്രെറ്റ ഇ.വി. ലഭ്യമാകും. ഇവ യഥാക്രമം 473 കിലോമീറ്ററും 390 കിലോമീറ്ററും റെയ്ഞ്ച് നല്‍കും. ലെവല്‍ ടു അഡാസ് സ്യൂട്ടിന്റെയും ആറ് എയര്‍ബാഗുകളുടെ സുരക്ഷയാണ് ഈ ഇലക്ട്രിക് എസ്.യു.വിയില്‍ ഉറപ്പാക്കിയിരിക്കുന്നത്.
കുറഞ്ഞ ചാര്‍ജിങ് സമയമാണ് ഈ വാഹനത്തിന് ഹ്യുണ്ടായി ഉറപ്പുനല്‍കുന്ന പ്രധാന സവിശേഷത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10-100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂറാണ്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കുള്ള മോഡലിന് 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.9 സെക്കന്‍ഡ് മാത്രം മതി.
ഐസ് എന്‍ജിന്‍ മോഡല്‍ ക്രെറ്റയ്ക്ക് സമാനമായാണ് ഇലക്ട്രിക് മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വഭാവമായ ക്ലോസ്ഡ് ഗ്രില്ലും ചാര്‍ജിങ് പോര്‍ട്ടുമാണ് മുന്‍വശത്തെ പ്രത്യേകത. വായു പ്രവാഹം സുഖമമാക്കാന്‍ കൂടുതല്‍ സഹായകമാകുന്ന പുതിയ 17 ഇഞ്ച് അലോയ് വീല്‍ നല്‍കിയിട്ടുണ്ട്. എയറോ ഡൈനാമിക ശേഷി ഉറപ്പാക്കുന്നതിനുള്ള ഇന്‍ടേക്ക് ഉള്‍പ്പെടെ നല്‍കി ബമ്പറിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്.
അയോണിക് 5 മോഡലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രെറ്റ ഇലക്ട്രിക്കിന്റെ ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പരിഷ്‌ക്കരിച്ച സൗണ്ട് സിസ്റ്റം, ത്രീ സ്‌പോക് സ്റ്റിയറിങ് വീല്‍ തുടങ്ങിയവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. ഡിജിറ്റല്‍ കീ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
Content Highlights: Hyundai Creta Electric SUV launch on January 17th at Bharat Mobility Expo